കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുത്ത് പരമാവധി ചൂട് കുറയ്ക്കുന്ന രീതിയില്‍ വീട് ഡിസൈന്‍ ചെയ്യുന്നവരാണ് ഇന്ന് ഏറെയും. അത്തരത്തിലൊരു വീടാണ് മലപ്പുറം ജില്ലയിലുള്ള മണ്‍കുടില്‍. പേരുപോലെ തന്നെ കാഴ്ച്ചയിലും മണ്ണുകൊണ്ട്‌ ലളിതമായ ഡിസൈനിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

28 ലക്ഷം രൂപയാണ് വീടു നിര്‍മാണത്തിനായി ചെലവായത്. ഫ്‌ളോറെറ്റ് ബില്‍ഡേഴ്‌സിലെ ഡിസൈനറായ അഹമ്മദ് ഉനൈസാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോണ്‍ക്രീറ്റ് പരമാവധി ഒഴിവാക്കിയതുകൊണ്ട്‌ വീട്ടിനുള്ളില്‍ എപ്പോഴും തണുപ്പനുഭവപ്പെടും. വെട്ടുകല്ല്, കരിങ്കല്ല്, മഡ് പ്ലാസ്റ്ററിങ് എന്നിവ കൊണ്ടാണ് ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്.

ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നതുപോലെ വായുസഞ്ചാരം വീട്ടിനുള്ളിലുമുണ്ടെന്ന് ഡിസൈനര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരള ട്രഡീഷണല്‍ ശൈലിയിലാണ് വീടിന്റെ എലവേഷന്‍ ചെയ്തിരിക്കുന്നത്. വെട്ടുകല്ലില്‍ തീര്‍ത്ത പടിപ്പുര കടന്നാണ് വീട്ടിലേക്കെത്തുന്നത്.  

ഫാമിലി ലിവിങ് ഏരിയയും ഡൈനിങ്ങും കിച്ചണും ഓപ്പണ്‍ കണ്‍സപ്റ്റിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയറിന്റെ ചെലവു കുറയ്ക്കാന്‍ തടിയും ജിഐ പൈപ്പുമൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

1870 ചതുരശ്ര അടിയിലുള്ള വീട്ടില്‍ മൂന്ന് കിടപ്പുമുറികളാണുള്ളത്. ഈട് നില്‍ക്കുന്നതും ചെലവു കുറഞ്ഞതുമായ ശൈലിയിലാണ് വീട്ടിലെ ലൈറ്റുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. കയറുകള്‍, മുള, വേരുകള്‍ തുടങ്ങിയവയൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 

നീളത്തിലുള്ള കോര്‍ട്ട് യാര്‍ഡ് കൊടുത്തതുകൊണ്ട് വായുസഞ്ചാരവും വെളിച്ചവും ധാരാളം ലഭ്യമാണ്. സ്റ്റെയറിനു താഴെയുള്ള ഭാഗം ഉപയോഗപ്രദമാക്കാന്‍ ഇരിപ്പിടവും നല്‍കിയിട്ടുണ്ട്. ജിഐ പാനലും തടിയും ഉപയോഗിച്ചാണ് അടുക്കളയില്‍ കബോര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. 

ഒരു ബെഡ്‌റൂം തന്നെ രണ്ടെണ്ണമായി വേര്‍തിരിച്ച രീതിയിലാണ് ഇവിടെ കാണുന്നത്.  ഗസ്റ്റ് റൂമും ഓഫീസ് റൂമുമാണ് മുകളിലെ നിലയില്‍ സെറ്റ് ചെയ്തിരിക്കുന്നത്. അടുക്കളയുടെ മുകളിലായിട്ടാണ് സ്റ്റഡ് ഏരിയ ഉള്ളത്, ചെറിയൊരു കിടപ്പറയും ഇവിടെയുണ്ട്.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights:  Always Cool in This Home My Home Home Plans