പണ്ടുകാലങ്ങളിലെ മണ്‍വീടുകളൊക്കെ ഇന്നും യാതൊരു പ്രശ്‌നവുമില്ലാതെ നിലനില്‍ക്കുന്നത് കണ്ടിട്ടുണ്ട്. പല കോണ്‍ക്രീറ്റ് കെട്ടിടങ്ങളെയും വെല്ലുന്ന കരുത്തുള്ള നിര്‍മിതികളാണ് അവയുടേത്. അത്തരത്തില്‍ സ്റ്റീല്‍ ബാറുകളോ കോണ്‍ക്രീറ്റോ ഉപയോഗിക്കാതെ നിര്‍മിച്ച ഒരു മണ്‍വീടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

തിരുവനന്തപുരത്തെ വട്ടത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ഉടമസ്ഥന്‍ ഡോ. അച്യുത് ശങ്കറാണ്. 1800 ചതുരശ്ര അടിയില്‍ മുപ്പത്തിയാറു ലക്ഷം രൂപയ്ക്കു നിര്‍മിച്ച വീടാണിത്. ആര്‍ക്കിടെക്ടുകളായ ഗുരുപ്രസാദ് റാണയും ഭാര്യ മാനസിയുമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മണ്ണിലേക്കു തന്നെ തിരിച്ചുപോകുന്നൊരു വീട് എന്ന ആശയമായിരുന്നു മണ്‍വീടിന് പിന്നിലെന്ന് ഉടമസ്ഥന്‍ പറയുന്നു. പരമ്പരാഗത ശൈലിയില്‍  അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന വീടുകളുടെ അതേ ശൈലിയിലാണ് വീടിന്റെ എലിവേഷന്‍. 

സിറ്റ്ഔട്ടിനു പകരം നീളന്‍ വരാന്തയും അവിടെ മരത്തിന്റെ ചാരുപടികളും കാണാം. മഡ് പ്ലാസ്റ്ററിങ് ചെയ്യാതെ ഓടോ മരമോ പുതുതായി പെയിന്റ് ചെയ്യാത പഴമയുടെ ടച്ച് കൊണ്ടുവരാന്‍ വീട്ടില്‍ ശ്രമിച്ചിട്ടുണ്ട്. 

പ്ലോട്ടില്‍ നിന്നു തന്നെയാണ് വീടിന് ആവശ്യമുള്ള മണ്ണ് ഉപയോഗിച്ചത്. വിശാലമായ ലിവിങ് റൂമാണ് വീട്ടിലുള്ളത്. പണ്ടത്തെ ശൈലിയിലുള്ള റൂഫിങ്ങും അഴിജനലുകളുമൊക്കെ വീടിന്റെ സൗന്ദര്യം കൂട്ടുന്നു. ചൂട് കൂടി വരുന്ന സാഹചര്യമായതിനാല്‍ മണ്ണ് ഉപയോഗിച്ചതുകൊണ്ട് അകത്തളം എപ്പോഴും തണുത്തിരിക്കും. 

അടുക്കളയെയും ഡൈനിങ്ങിനെയും വേര്‍തിരിക്കുന്നത് ചെരിയൊരു അരമതിലാണ്. പുതിയ ശൈലിയിലുള്ള കിച്ചണ്‍ കാബിനറ്റുകളോ കബോര്‍ഡോ ഒന്നും ഇവിടെ കാണില്ല. അടുക്കളക്കിണര്‍ ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. 

മഞ്ഞ നിറത്തിലുള്ള കാവിയാണ് വീടിന്റെ നിലത്ത് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഏരിയയുടെ വശത്തായിട്ടാണ് മരം കൊണ്ടു തീര്‍ത്ത ലളിതമായ സ്റ്റെയര്‍ നല്‍കിയിട്ടുള്ളത്. മുകളിലും താഴെയുമായി രണ്ട് മുറികളാണ് വീട്ടിലുള്ളത്.

Content Highlights: A Home In Perfect Tune With Nature Mud House