നാല് സെന്റ് സ്ഥലത്ത് 1500 സ്ക്വയർഫീറ്റ് അടിയിൽ നാല് ബെഡ്റൂമുള്ള ഇരുനില വീട്. ഒപ്പം പാർക്കിങ് ഏരിയയും. ഇങ്ങനെയും സാധിക്കുമോ എന്ന് സംശയമുണ്ടെങ്കിൽ കോഴിക്കോട് നെല്ലിക്കോടുള്ള പ്രവാസിയായ ഷനോജിന്റെയും ദീപയുടെയും ദീപം എന്ന വീട്ടിലേക്ക് വരാം. കോവിഡ് പ്രശ്നങ്ങൾക്കിടെ ഈ മാർച്ചിൽ വീടുപണി പൂർത്തിയാക്കി താമസം തുടങ്ങി. 

ഭാ​ഗം വെച്ചുകിട്ടിയതാണ് കോർണർ ഷേപ്പിലുള്ള ഈ പ്ലോട്ട്. ഈ പ്ലോട്ടിന് പിന്നിൽ സഹോദരന്റെ സ്ഥലമാണ്. അതുകൊണ്ട് രണ്ടിടത്തേക്കും കൂടിയായി കോമൺ വഴിയാണ് ഉള്ളത്. 

1500 സ്ക്വയർഫീറ്റിൽ മുകളിലും താഴെയുമായി നാല് ബെഡ്റൂമുകൾ, സിറ്റൗട്ട്, ലിവിങ്, അപ്പർ ലിവിങ്, ഡെെനിങ്, കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയെല്ലാം ഉൾപ്പെടുന്നു. 

സ്ഥലം കുറവായതിനാൽ ഉള്ളത് കൃത്യമായി ഉപയോ​ഗിക്കേണ്ടിയിരുന്നു. അതിനാൽ തന്നെ ഓപ്പൺരീതിയിൽ ആണ് ചെയ്തിരിക്കുന്നത്. ബോക്സ് എലിവേഷനിലാണ് ഡിസെെൻ. സ്ഥലപരിമിതി മറികടക്കാൻ ഇത് സഹായിച്ചു.   വെള്ളനിറമാണ് വീടിന് നൽകിയത്. അതിനാൽ തന്നെ പുറത്ത് വെട്ടുകല്ലിന്റെ ക്ലാഡിങ്ങും ​ഗ്രേ നാച്ചുറൽ ക്ലാഡിങ്ങും കൊടുത്തത് വീടിന് എടുപ്പ് കൂട്ടി. ​ഗേറ്റിനോട് ചേർന്നുള്ള മുറ്റത്തിന് ​ഗ്രിപ്പ് കിട്ടാൻ കോബിൾ സ്റ്റോൺ ആണ് വിരിച്ചിരിക്കുന്നത്. ബാക്കി ഭാ​ഗത്ത് ബാം​ഗ്ലൂർ സ്റ്റോൺ വിരിച്ചു. 

living

​സിറ്റൗട്ട് കടന്ന് അകത്തേക്കു കടക്കുന്നത് ഡബിൾ ഹെെറ്റിലുള്ള ലിവിങ് റൂമിലേക്കാണ്. എൽ ഷേപ്പ് സോഫയും അതിന്റെ എതിർഭാ​ഗത്തായി ടി.വി. യൂണിറ്റും സെറ്റ് ചെയ്തു. സീലിങ്ങിൽ വുഡൻ ഫോൾസ് സീലിങ്ങും എൽ.ഇ.ഡി. ലെെറ്റുകളും നൽകിയിട്ടുണ്ട്. വെർട്ടിക്കൽ വിൻഡോകളാണ് പകൽ വെളിച്ചം ഉള്ളിലേക്ക് കയറാൻ ലിവിങ് ഡബിൾ ഹെെറ്റിൽ നൽകിയിരിക്കുന്നത്. 

double height

വെെറ്റ് വിട്രിഫെെഡ് ടെെലും വുഡൻ ടെെലുമാണ് ഫ്ലോറിങ്ങിന് നൽകിയത്. സെറ്റെയർകേസിന്റെ ഒരു വശത്തായാണ് ഡെെനിങ് ഏരിയ. ഇതിന്റെ വശത്തായി വുഡൻ ടെെലും കൊടുത്തു. പ്ലെെവുഡിലും തേക്കിന്റെ വെനീറിലുമാണ് ഇന്റീരിയർ.

dining

വുഡും ടഫൻഡ് ​ഗ്ലാസും ഉപയോ​ഗിച്ചാണ് സ്റ്റെയർകേസിന്റെ കെെവരികൾ. ​ഗ്രേ കളർ ഫ്ളോറിങും ഇവിടെ കൊടുത്തു. സ്റ്റെയർകേസിന്റെ ഒരു വശത്തായി കൺസീൽഡ് റാക്കുകളായി സ്റ്റോറേജ് സ്പേസ് നൽകി. 

സ്റ്റെയർകേസ് കയറി എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. വുഡൻ ടെെലാണ് ഇവിടെ. എൽ ഷേപ്പ് സോഫയും ടി.വി.യൂണിറ്റും ഇവിടെയുണ്ട്. ടി.വി. യൂണിറ്റിന്റെ ഷെൽഫുകളിൽ അലങ്കാര വസ്തുക്കളും ചുമരിൽ ഫാനും നൽകി. 

upper living

മുകളിലും താഴെയുമായി രണ്ട് ബെഡ്റൂമുകൾ വീതമാണുള്ളത്. എല്ലാം ബാത്ത് അറ്റാച്ചഡ് ആണ്. വാ‍ഡ്രോബും ഉൾപ്പെടുത്തി. താഴെയുള്ള മാസ്റ്റർ ബെഡ്റൂമിന്റെ ബാത്ത്റൂം സ്റ്റെയറിന്റെ താഴെ സെറ്റ് ചെയ്തിരിക്കുന്നു. ബെഡ്റൂമുകളിൽ ഹെഡ് സെെഡ് ഭാ​ഗത്ത് വാൾപേപ്പർ ഒട്ടിച്ചതിനാൽ വെളിച്ചം വീഴുമ്പോൾ അവിടെ ഹെെലെെറ്റ് ചെയ്യാൻ സാധിച്ചു. 

bedroom

​ഗ്രേ, വെെറ്റ് ബാലൻസിലാണ് കിച്ചൺ. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.  മൾട്ടിവുഡിലാണ് ഷിനിഷിങ് ചെയ്തിരിക്കുന്നത്. കിച്ചൺ കൗണ്ടറിൽ നാനോവെെറ്റ് ടെെലും ഉപയോ​ഗിച്ചിരിക്കുന്നു. 

kitchen

ബാൽക്കണിയിൽ വെർട്ടിക്കൽ ​ഗാർഡൻ  ചെയ്തിരിക്കുന്നു. ആർട്ടിഫിഷ്യൽ ​ഗ്രാസ് ആണ് ഇവിടെ ഉപയോ​ഗിച്ചിരിക്കുന്നത്. വീടിന്റെ പുറത്തെ ചുമരുകളിൽ പ്രൊഫെെൽ ലെെറ്റുകളും സീലിങ്ങിൽ എൽ.ഇ.ഡി. ലെെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 

home

വീട്ടിലേക്ക് കയറിമ്പോൾ ഇടതുവശത്ത് ഓപ്പൺ രീതിയിൽ ചെയ്ത മതിലിനോട് ചേർന്നാണ് പാർക്കിങ്. മൂന്ന് കാറുകൾ പാർക്ക് ചെയ്യാം. കോവിഡ് പ്രശ്നങ്ങൾ വീടുപണിയെ ബാധിച്ചതിനാൽ ഒന്നര വർഷമെടുത്താണ് നിർമ്മാണം പൂർത്തിയായത്. കഴിഞ്ഞ മാസമാണ് ​ഗൃഹപ്രവേശം നടത്തിയത്. 

Owner: Shanoj, Deepa
Location: Nellikode Kozhikode
Area: 1500 Square Feet
Designer: Sajeendran Kommeri
Sajeendran Kommeri s Koodu, Kozhikode
Year of Completion:  March 2021

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആ​ഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: 4 bedroom and car parking within 4 cent plot, Home plans, Veedu, My Home