വീട് പണിയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ് റിനോവേഷന്‍. മുമ്പുണ്ടായിരുന്ന വീടിനെ പൂര്‍ണമായും പൊളിച്ചുനീക്കാതെ നവീകരിക്കുന്ന രീതിയാണിത്. ഇത്തരത്തില്‍ മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ളൊരു വീടിന് അതിശയിപ്പിക്കുന്ന മാറ്റം കൈവന്നിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള ശാന്തിപുരം എന്ന സ്ഥലത്തുള്ള കാട്ടകത്ത് മുളങ്ങാട് എന്ന വീടിനാണ് അത്ഭുതകരമായ മാറ്റം കൈവന്നിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന ടെറസ് വീടിനെ ട്രഡീഷണല്‍ ശൈലിയിലുള്ള മനോഹരമായ വീടാക്കി മാറ്റിയത് എറണാകുളം കലൂരിലുള്ള ഷെയ്‌ലി ഹാരൂണ്‍ ആര്‍ക്കിടെക്ട്‌സിലെ ആര്‍ക്കിടെക്ടുകളായ ഷെയ്‌ലിയും ഹാരൂണും ചേര്‍ന്നാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന സമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.

65 സെന്റ് പ്ലോട്ടില്‍ 2200 സ്‌ക്വയര്‍ഫീറ്റിലുള്ള വീടായിരുന്നു മുമ്പുണ്ടായിരുന്നത്. കേരള ട്രഡിഷണല്‍ ശൈലിയിലുള്ള വീടാക്കി മാറ്റണം എന്നായിരുന്നു ഉടമയുടെ ആവശ്യം. ട്രോപ്പിക്കല്‍ ഡിസൈന്‍ പാറ്റേണിലാണ് വീടിന്റെ എലിവേഷന്‍ ചെയ്തിരിക്കുന്നത്. 

ഒറ്റനോട്ടത്തില്‍ പച്ചപ്പിനിടയില്‍ പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന വീടാണിതെന്ന് കാണാം. വീടിനു ചുറ്റുമുള്ള പച്ചപ്പിന് നാശം സംഭവിക്കാതെ അവയെ നിലനിര്‍ത്തി അവയ്ക്കിടയിലൂടെ വീട് ഡിസൈന്‍ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു ഡിസൈനര്‍മാര്‍. അങ്ങനെ വീടുപണി പൂര്‍ത്തിയായപ്പോള്‍ ഇലകള്‍ക്കും മരങ്ങള്‍ക്കും ഇടയിലായി വീടിന്റെ സ്ഥാനം. കടുത്ത വെയിലും മറ്റും വീടിനകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ചുറ്റുമുള്ള മരങ്ങള്‍ സഹായിക്കുന്നു. 

സിറ്റ്ഔട്ടിന്റെ റൂഫിങ് ആരംഭിക്കുന്നത് ഗ്രൗണ്ട് ലെവലില്‍ നിന്നാണ്. വീടിന്റെ പ്രധാന ആകര്‍ഷണവും ഈ റൂഫിങ് തന്നെയാണ്. വളരെ വിശാലമായ ഒരു സിറ്റ്ഔട്ട് ആണിത്. പന്തല്‍ കണ്‍സപ്റ്റിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

സിറ്റ്ഔട്ട് കടന്നുചെല്ലുന്നത് ഗസ്റ്റ് ലിവിങ് ഏരിയയിലേക്കാണ്. ഇവിടെയുള്ള രണ്ടുവശങ്ങളിലുള്ള ചുവരുകള്‍ പൂര്‍ണമായും ഗ്ലാസ്സിലാണ് തീര്‍ത്തിരിക്കുന്നത്. വായുവും വെളിച്ചവും ധാരാളം ലഭിക്കാനാണ് ഇങ്ങനെ ചെയ്തത്. ലിവിങ്ങില്‍ നിന്ന് ഒരു സ്റ്റെപ് കയറിച്ചെല്ലുന്നത് ഡൈനിങ് റൂമിലേക്കാണ്. ഇവിടെയും വലിയൊരു ഗ്ലാസ് റൂഫ് കാണാം. 

നാല് അടുക്കളകളാണ് വീട്ടിലുള്ളത്. ഷോ കിച്ചണ്‍, മെയിന്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, റഫ് ഉപയോഗങ്ങള്‍ക്കായി മറ്റൊരു അടുക്കള എന്നിങ്ങനെയാണത്. മൂന്ന് ബെഡ്‌റൂമുകളാണ് ആദ്യത്തെ വീടിനുണ്ടായിരുന്നത്, നവീകരിച്ചപ്പോള്‍ ഒന്നുകൂടി കൂട്ടി. പണ്ടത്തെ വീട്ടിലുണ്ടായിരുന്ന ലിവിങ് ഏരിയയെ മാറ്റിയാണ് ഒരു ബെഡ്‌റൂം ഉണ്ടാക്കിയത്. 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: 35 years Old House Renovated Home Close To Nature Kerala Home Designs