വീട് ഡിസൈന്‍ ചെയ്യുന്നതിലും ദിനംപ്രതി പുത്തന്‍ ആശയങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിന്ന്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വീടുകള്‍ സൃഷ്ടിച്ചെടുക്കാന്‍ എത്രപണം മുടക്കാനും പലരും തയ്യാറാണ്. പഴയ വീടിന് അല്‍പം പുതുമോടി കൊണ്ടുവരണമെന്ന ആശയത്തോടെ റിനേവേഷന്‍ ചെയ്യുന്ന വീടുകള്‍ ഇന്ന് ഏറെയാണ്. അത്തരത്തില്‍ മുപ്പത്തിയഞ്ചു വര്‍ഷം പഴക്കമുള്ളൊരു വീട് നവീകരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ്. 

home plans

എറണാകുളത്ത് മൂവാറ്റുപുഴയിലുള്ള മണലിക്കുടിയില്‍ എന്ന വീടാണ് അതിശയിപ്പിക്കുന്ന മാറ്റം കൈവരിച്ചിരിക്കുന്നത്. സിജോ ഡേവിഡും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. 1985ല്‍ സിജോയുടെ അച്ഛന്‍ പണിത വീടാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ 2950 ചതുരശ്ര അടിയില്‍ കണ്ടംപററി സ്റ്റൈലില്‍ അസ്സലൊരു വീട് ഡിസൈന്‍ ചെയ്തു.

പൊള്ളുന്ന ചൂടിലും സിജോയുടെ വീട്ടില്‍ ഫാനോ ഏ.സിയോ നിര്‍ബന്ധമില്ല, അതിനു കാരണം ടെറസില്‍ ചെയ്ത പെര്‍മാ കൂള്‍ എന്ന സംവിധാനമാണെന്ന് സിജോ പറയുന്നു. പെയിന്റ് പോലെ ടെറസിനു മുകളില്‍ ആവരണം ചെയ്യുന്നൊരു റീ റേഡിയേറ്റിങ്‌ കോംപൗണ്ട് ആണിത്.

home plans

90 ശതമാനം സൂര്യപ്രകാശത്തെയും വീടിനകത്തേക്ക് കടത്താതെ തിരിച്ചുവിടുന്നതിലൂടെ അകത്തളത്തിലേക്കു പ്രവഹിക്കുന്ന ചൂടിന്റെ അളവും കുറഞ്ഞുവെന്ന്‌ സിജോ പറയുന്നു. ഒരു ചതുരശ്ര അടിക്ക് അറുപതുരൂപ വച്ച് 80000 രൂപയാണ് സിജോക്ക് ചെലവായത്. 

home plans

ഒപ്പം വീട്ടില്‍ സ്ഥാപിച്ച സോളാര്‍ പാനലും ചെലവ് വളരെയധികം കുറച്ചു. മുമ്പ് മൂവായിരത്തില്‍പരം വൈദ്യുതിബില്ല് വന്നിരുന്ന സ്ഥാനത്ത് ഇന്ന് വെറും അമ്പത്തിയൊന്നു രൂപ മാത്രമാണ് ബില്ല് വരുന്നതെന്ന് സിജോ പറയുന്നു. ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ ചെലവിലാണ് പാനല്‍ സ്ഥാപിച്ചത്. 

BILL

അനെര്‍ട്ടിന്റെ ഓഫ് ഗ്രിഡ് സോളാര്‍ പാനലാണ് വീട്ടില്‍ വച്ചിരിക്കുന്നത്. പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യിലേക്ക് നല്‍കുകയാണ്. ഇതില്‍ നിന്നും കിഴിച്ച തുകയാണ് വീട്ടില്‍ ബില്ലായി വരുന്നത്, അതുകൊണ്ടാണ് ബില്ലില്‍ ഈ വലിയ വ്യത്യാസം പ്രകടമായത്.

home plans

സിഗ്നേച്ചര്‍ ഡിസൈന്‍സിലെ എല്‍ദോസ് ആണ് വീട് ഡിസൈന്‍ ചെയ്തത്. എട്ടുമാസം കൊണ്ട് നാല്‍പതു ലക്ഷം രൂപയില്‍ പണി പൂര്‍ത്തിയായി. പഴയ വീട് നവീകരിച്ചപ്പോള്‍ മാറ്റമില്ലാതെ നിന്നത് അടുക്കളയുടെയും സ്റ്റെയര്‍കെയ്‌സിന്റെയും സ്ഥാനം മാത്രമാണ്. 

home plans

അഞ്ചു ബെഡ്‌റൂമുകളുള്ള വീട്ടില്‍ സിറ്റ്ഔട്ട് കയറിച്ചെല്ലുന്നത് മരത്തിന്റെ മനോഹാരിത നിറയുന്ന ഡ്രോയിങ് റൂമിലേക്കാണ്. തേക്ക് കൊണ്ടുള്ള വുഡന്‍ പാനലിങ് ആണ് ഇവിടെ ചുവരില്‍ ചെയ്തിരിക്കുന്നത്. പഴയ തറവാടിന്റെ ഓര്‍മ നിലനിര്‍ത്താനായി അതേ സ്ഥാനത്ത് മച്ചും പണിതു.

home plans

പുറത്തു നിന്ന് രണ്ട് പ്രവേശനമാണ് വീട്ടിലേക്കുള്ളത്, ഒന്ന് ഓഫീസ് മുറിയിലേക്കും മറ്റൊന്ന് ഡ്രോയിങ് റൂമിലേക്കും. ശേഷം ഡൈനിങ് റൂമിലേക്കാണ് കടക്കുന്നത്, അവിടെ ഒരേ വശത്തായി രണ്ടു ബെഡ്‌റൂമുകള്‍.

home plans

മറ്റൊരു വശത്തായി സ്വകാര്യതയ്ക്കു വേണ്ടി ഫാമിലി ഡൈനിങ് റൂമും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് റൂമില്‍ മരത്താല്‍ തീര്‍ത്ത ക്രോക്കറി ഷെല്‍ഫ് ആകര്‍ഷകമാണ്. ഇവിടെ നിന്നും കടന്നാല്‍ രണ്ട് അടുക്കളയും സ്റ്റോര്‍ റൂമും. 

home plans

മുകള്‍ നിലയില്‍ ഒരു ചെറിയ ലിവിങ് സ്‌പേസ് കടന്നു ചെല്ലുന്നത് ബാല്‍ക്കണിയിലേക്കും മൂന്ന് ബെഡ്‌റൂമിലേക്കുമാണ്. പഴമയെ സ്‌നേഹിക്കുന്നതുകൊണ്ടു തന്നെ വീട്ടില്‍ അങ്ങിങ്ങായി ട്രഡീഷണല്‍ സൗന്ദര്യം വിളിച്ചോതുന്ന ഷാന്‍ലിയര്‍ വിളക്കുകളും പഴയ കാലത്തെ ഫോണുമൊക്കെ കാണാം. 

cijo home

വീട്ടുമുറ്റത്തുള്ള കിണറാണ് മറ്റൊരു ശ്രദ്ധേയ ഘടകം. തടിക്കഷണങ്ങള്‍ കൊണ്ടു ചുറ്റുമതില്‍ തീര്‍ത്തതാണെന്നു തോന്നുമെങ്കിലും സിമന്റിനു മുകളില്‍ വുഡന്‍ പോളിഷ് ചെയ്ത് മനോഹരമാക്കിയ കിണറാണിത്. 

cijo home

മരത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചത് വീടുപണിയിലെ ചെലവും കുറച്ചുവെന്നാണ് സിജോ പറയുന്നത്. പഴയ വീട്ടിലെ മരം പോളിഷ് ചെയ്തും പറമ്പിലുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചുമൊക്കെയാണ് മരപ്പണികള്‍ പൂര്‍ത്തിയാക്കിയത്. 

cijo home

സിജോ, ഭാര്യ മേരി വര്‍ഗീസ്, മക്കള്‍ സെറ-മരിയ-ആഡംസ്, അമ്മ, അച്ഛന്റെ സഹോദരി എന്നിവരാണ് വീട്ടിലെ താമസക്കാര്‍. 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Project Details

Location: Moovattupuzha

Owner: Cijo David

Designed By: Eldhose, Signature Designs

Cost: 40 Lakhs

Area in Square Feet : 2950

Content Highlights: 35 years old home renovated for 40 lakhs