ഇഷ്ടം പോലെ സ്ഥലമുള്ള ഒരിടത്ത് വീട് പണിയുന്നതല്ല വളരെ പരിമിതമായ സ്ഥലത്ത് ഒരു അടിപൊളി വീട് പണിയുന്നതാണ് ഹീറോയിസം. അതിന് ഒരു ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തുള്ള, ഡോ. വിനോദിന്റെ ദ്യുതി എന്ന ഈ വീട്.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ഡോ. വിനോദ്. ഐ.എം.ജിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറാണ് ഭാര്യ രോഷ്നി.
തിരുവനന്തപുരം സ്വദേശികളാണെങ്കിലും ജോലിസ്ഥലമായ കോഴിക്കോട് സ്വന്തമായി ഒരു വീടുവെക്കണമെന്ന ആഗ്രഹമാണ് ഇവര്‍ ഇതുവഴി സഫലമാക്കിയത്.
ഒരുപാട് നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ മൂന്നേമുക്കാല്‍ സെന്റ് സ്ഥലം വാങ്ങിയത്. പരിമിതമായ സ്ഥലമാണെങ്കിലും എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീടായിരുന്നു വീട്ടുകാരുടെ സ്വപ്നം. ചെറിയ സ്പേസില്‍ നല്ലൊരു വീട് എന്ന ഈ വെല്ലുവിളി ഡിസൈനറായ സജീന്ദ്രന് കൊമ്മേരി ഏറ്റെടുത്തു.
മൂന്ന് കിടപ്പുമുറികള്‍ വേണം. കാറും ബൈക്കും പാര്‍ക്ക് ചെയ്യണം. യൂട്ടിലിറ്റി സ്പേസ് വേണം. ഒരു കണ്‍സള്‍ട്ടിങ് റൂമും വേണം. ഇതായിരുന്നു വീട്ടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
അതിനാല്‍ തന്നെ ഫ്ളാറ്റ് റൂഫ് ബോക്സ് ശൈലിയാണ് സ്വീകരിച്ചത്. 1500 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് വീട് നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ സിറ്റ്ഔട്ട്, കണ്‍സള്‍ട്ടിങ് റൂം, ലിവിങ്, ഡൈനിങ്, കിച്ചണ്‍, വര്‍ക്ക്ഏരിയ, ഒരു ബെഡ്റൂം എന്നിവയും മുകളില്‍ രണ്ട് ബെഡ്റൂമുകള്‍, ഒരു ഹാള്‍, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി സ്പേസ്, ബാല്‍ക്കണി, ഓപ്പണ്‍ ടെറസ് എന്നിവയുമാണുള്ളത്.
ഗേറ്റ് കടന്നുചെല്ലുമ്പോള്‍ ഇടത്ത് വശത്താണ് കണ്‍സള്‍ട്ടിങ് റൂമിലേക്കുള്ള പ്രവേശനം. വലതുവശത്താണ് സിറ്റ്ഔട്ട്. ഈ സിറ്റ്ഔട്ടിലൂടെ പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ലിവിങ്ങും ഡൈനിങ്ങും ചേര്‍ത്ത് ഒറ്റ യൂണിറ്റാണ്. ഓപ്പണ്‍ ശൈലിയിലാണ് നിര്‍മ്മാണം. പ്രത്യേക മറവുകളില്ല. അതിനാല്‍ കൂടുതലായ ബീമുകളുടെ അഭംഗി മറയ്ക്കാന്‍ അവയ്ക്ക് മുകളില്‍ പ്ലൈവുഡ് ഫിനിഷിലുള്ള പാനലിങ് നല്കി. ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ് നല്കിയ വീടിന് ഇത് ഇരട്ടി ഭംഗിയേകി. ഈ പാനലുകളിലാണ് എല്‍.ഇ.ഡി. ലൈറ്റുകളും ഫാനുകളും നല്‍കിയത്.
ലിവിങ്ങില്‍ എല്‍ ഷേപ്പ് സോഫ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവിടെയിരുന്ന് കാണുന്ന തരത്തില്‍ ടി.വിയും സെറ്റ് ചെയ്തു.
നാല് പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വുഡ് ഫിനിഷില്‍ ഗ്ലാസ് ടോപ്പാണ് ഡൈനിങ് ടേബിള്‍. കുറഞ്ഞ സ്ഥലത്ത് വളരെ ഒതുക്കമുള്ള രീതിയിലാണ് ഡൈനിങ് ടേബിളിന്റെ സ്ഥാനം. ഇതിനോട് ചേര്‍ന്നാണ് മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍കേസ്. ഗ്രാനൈറ്റ് ആണ് സ്റ്റെയര്‍കേസ്. ഇതിന്റെ ഒരു വശം ടഫന്‍ഡ് ഗ്ലാസാണ്. ഈ ഭാഗം ഡബിള്ഹൈറ്റാണ്. ഇതിനാല്‍ തന്നെ നല്ല വെളിച്ചം വീടിനുള്ളിലേക്ക് ലഭിക്കും. ഡബിള്‍ഹൈറ്റുള്ള ഇവിടുത്തെ ചുമരുകളില്‍ വോള്‍പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട്. മുകളില്‍ നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരമാണ് ഇത്. സ്റ്റെയര്‍കേസിന്റെ ചുമരിന്റെ വശത്ത് വെര്‍ട്ടിക്കല്‍ ആകൃതിയില്‍ ഒരു ഗ്ലാസ് വിന്‍ഡോ നല്‍കിയിട്ടുണ്ട്. പുറത്തുനിന്നുള്ള കാഴ്ചകള്‍ ഡൈനിങ്ങില്‍ നിന്നും കൃത്യമായി കാണാന്‍ ഇത് സഹായിക്കും.
ഡൈനിങ്ങിനോട് ചേര്‍ന്ന് തന്നെ വാഷ്ബേസിനും ടോയ്ലറ്റും ഉണ്ട്. സ്റ്റെയര്‍കേസിന്റെ അടിവശത്തായാണ് പുറത്തുനിന്ന് പ്രവേശനമുള്ള കണ്‍സള്‍ട്ടിങ് റൂമിന്റെ കുറച്ചുഭാഗം. അതിനാല്‍ ആ സ്പേസ് വെറുതെ കിടന്നില്ല.
വെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്ത് പതിച്ചിരിക്കുന്നത്. അടുക്കളയില്‍ വുഡന്‍ ഫിനിഷിലുള്ളതാണ്.
കിച്ചണ്‍ ക്യാബിനറ്റുകള്‍ മള്‍ട്ടിവുഡ് ഫിനിഷിലാണ്. ഗ്രാനൈറ്റിലാണ് കിച്ചണ്‍ കൗണ്ടറുകള്‍. ഫ്രിഡ്ജ് ചുമരിനകത്തേക്ക് കയറ്റിവെച്ച കണ്‍സീല്‍ഡ് രീതിയിലാണ്. ഇത് സ്ഥലം ലാഭിക്കാന്‍ സഹായിച്ചു.
താഴത്തെ നിലയിലുള്ള ഒരു കിടപ്പുമുറിക്കും മുകളിലെ രണ്ട് കിടപ്പുമുറികള്‍ക്കും അറ്റാച്ച്ഡ് ബാത്ത്റൂം, വാഡ്രോബ് എന്നിവയുണ്ട്.
സ്റ്റെയര്‍കേസ് കയറി എത്തിച്ചേരുന്നത് വിശാലമായ ഒരു ഹാളിലേക്കാണ്. ഇവിടെ ഭിത്തിയോട് ചേര്‍ന്നാണ് സോഫ. ഹാളിന്റെ രണ്ട് അറ്റത്തായി രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്ത്റൂമുകളും വാഡ്രോബുമുണ്ട്. ഒപ്പം സ്റ്റഡി സ്പേസ്, യൂട്ടിലിറ്റി സ്പേസ്, ഓപ്പണ്‍ ടെറസ് എന്നിവയുമുണ്ട്.
വീടിന് പുറമേയുള്ള ചുമരില്‍ ലാറ്ററൈറ്റ് ക്ലാഡിങ്ങും ആര്‍ട്ടിഫിഷ്യല്‍ ക്ലാഡിങ്ങുമാണ് നല്‍കിയിരിക്കുന്നത്. വായുസഞ്ചാരത്തിന് വലിയ ജനാലകളുമുണ്ട്. കാര്‍ പോര്‍ച്ച് ട്രസ് വര്‍ക്ക് ചെയ്താണ് നിര്‍മ്മിച്ചത്. മേല്‍ക്കൂരയില്‍ പോളികാര്‍ബണേറ്റ് ഷീറ്റും വിരിച്ച് അടിവശം വൈറ്റ് സീലിങ്ങും ചെയ്തിട്ടുണ്ട്. ചെറിയ ഒരു പ്ലോട്ടില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു വീട് 40 ലക്ഷത്തിന് ഒരുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വീട്ടുകാര്‍.

ഭാര്യ രോഷ്നി, മകള്‍ ദിയ
Owner: Dr. Vinod, Roshni
Location: Near Calicut Medical College
Area: 1500 Sqare Feet
Designer: Sajeendran Kommeri
Sajeendran Kommeri's Koodu, Kozhikode
നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Content Highlights: 3.75 cent Dr Vinod's Home at kozhikode, Home Plans, My Home