ഗരത്തില്‍ വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ് സ്ഥലപരിമിതി. വലിയ പ്ലോട്ടില്‍ മാത്രമേ മനസ്സിനിണങ്ങിയ വീട് വെക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ട്. ആ തെറ്റിദ്ധാരണകളെല്ലാം അകറ്റുന്നതാണ് കോഴിക്കോട് ജില്ലയിലെ വളയനാടുള്ള നഭസ്സ് എന്ന വീട്. 

വീട് വെക്കാന്‍ മിനിമം മൂന്നോ നാലോ സെന്റ് എങ്കിലും വേണ്ടേ എന്നു ചോദിക്കുന്നവര്‍ക്കു മുന്നിലാണ് രണ്ട് സെന്റ് പ്ലോട്ടില്‍ കിടിലന്‍ വീട് പണിത് ഉടമസ്ഥരായ ഡോ.ബാബുരാജും ഡോ. അനിതാകുമാരിയും മറുപടി നല്‍കിയത്. പ്ലോട്ട് ചെറുതായെന്നു കരുതി വീടും ചെറുതാകുമെന്നു കരുതേണ്ട, പ്ലോട്ടിന് അനുസരിച്ചുള്ളള ഡിസൈനാണ് ഈ വീടിനായി ചെയ്തിരിക്കുന്നത്.

ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍ 1500 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച വീടാണിത്. പ്ലോട്ട് വാങ്ങുന്നതിനു മുമ്പ്തന്നെ നെസറ്റ്ക്രാഫ്റ്റ് ആര്‍ക്കിടെക്ടിലെ ഫൗണ്ടറായ ആര്‍ക്കിടെക്ട് രോഹിത് പാലക്കലിനെ ഇരുവരും സമീപിച്ചിരുന്നു. തുടര്‍ന്ന് രോഹിത് പ്ലോട്ട് കാണുകയും അതിനനുസരിച്ച് ഡിസൈന്‍ ചെയ്യുകയുമായിരുന്നു.

കടല്‍ക്കാറ്റേറ്റ് ഉറങ്ങാം, കടല്‍ കണ്ടുണരാം, കൗതുകങ്ങള്‍ ചിപ്പിയിലൊളിപ്പിച്ച ബീച്ച് ബംഗ്ലാവ്; വീഡിയോ കാണാം

മൂന്നു ബെഡ്‌റൂം, കിച്ചണ്‍, പാര്‍ട്ടി ഏരിയ, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള വീട് നാലുനിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 

വലിയ കാറുകള്‍ക്കെല്ലാം പാര്‍ക്ക് ചെയ്യാവുന്ന രീതിയിലുള്ള വിശാലമായ കാര്‍പോര്‍ച്ച് ആണ് ആദ്യം കാണുന്നത്, അതിന് ഇടതുവശത്തായി വീട്ടിലേക്കു കയറാനുള്ള പടവുകള്‍ കാണാം. ചെറിയൊരു സിറ്റ്ഔട്ടിലേക്കാണ് ആദ്യം കടക്കുന്നത്. സിറ്റ് ഔട്ട്, കിച്ചണ്‍, വര്‍ക്ക് ഏരിയ, ലിവിങ്, കോര്‍ട്ട് യാര്‍ഡ് എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിലുള്ളത്.

ലിവിങ് റൂമിന്റെ മുകളിലായി ആദ്യത്തെ ബെഡ്‌റൂമുണ്ട്. സ്റ്റഡി ഏരിയയും ഷെല്‍ഫും ഇരിപ്പിടവും സ്റ്റോറേജ് സ്‌പേസുമൊക്കെ ഉള്‍പ്പെട്ടതാണ് ഈ ബെഡ്‌റൂം. അവിടെ നിന്നും ഏതാനും പടികള്‍ കയറിയാല്‍ ബങ്ക് ബെഡ്ഡിലെത്താം, അതിന്റെ മുകള്‍ വശത്തായി മിനി ലൈബ്രറിയും സെറ്റ് ചെയ്തിട്ടുണ്ട്. 

സെക്കന്‍ഡ് ഫ്ലോറിലാണ് മാസ്റ്റര്‍ ബെഡ്‌റൂം സെറ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ള മുറികളേക്കാള്‍ വിശാലമാണ് മാസ്റ്റര്‍ ബെഡ്‌റൂം. ഗ്രീന്‍ ആന്‍ഡ് വൈറ്റ് കളര്‍ തീം ആണ് മാസ്റ്റര്‍ ബെഡ്‌റൂമിനു നല്‍കിയിരിക്കുന്നത്. 

സ്റ്റെയറിന്റെ ഫൈനല്‍ ലാന്‍ഡിങ്ങിലായാണ് ബാര്‍ കൗണ്ടര്‍ സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റെയര്‍കെയ്‌സിന്റെ വശം സ്റ്റോറേജ് സ്‌പെയ്‌സ് ആയും പിന്നില്‍ ബുക്ക് ഷെല്‍ഫായും ഉപയോഗിച്ചിരിക്കുന്നു. 

ഓപ്പണ്‍ ടെറസില്‍ ഒരു ഇന്‍ഫോര്‍മല്‍ ഗാതറിങ് സ്‌പേസ് ഉണ്ട്. വെറും 45 ചതുരശ്രഅടിയില്‍ നിര്‍മിച്ച അടുക്കളയാണ് ഇവിടെയുള്ളത്. 

സ്റ്റെയര്‍കെയ്‌സിന്റെ ഡിസൈന്‍ ആണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത, അമ്പത്തിയൊന്നു പടികളുണ്ട് ഇവിടെ. പലരും എങ്ങനെയാണ് ഇത്രയും പടികള്‍ കയറുക എന്നു ചോദിച്ചിരുന്നുവെന്ന് ബാബുരാജ് പറയുന്നു. എന്നാല്‍ ഡിസൈന്‍ ചെയ്തതിന്റെ പ്രത്യേകത കൊണ്ട് ആയാസകരമായി തോന്നില്ലെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights:1500 SqFt Home In 2 Cent Plot My Home Plans