ലങ്കാരങ്ങള്‍ വീടിനുള്ളിലാണ് വേണ്ടതെന്നാണ് പൊതുധാരണ. എന്നാല്‍ ഇതുശരിയല്ല. വീടിന്റെ അലങ്കാരങ്ങള്‍ വീടിന് പുറത്തുനിന്നുതന്നെ തുടങ്ങണം. വീട്ടിലേക്ക് വരുന്നയാള്‍ ആദ്യം കാണുന്നത് മുറ്റവും പൂമുഖവും വരാന്തകളുമാണ്. 

പൂമുഖത്തെത്തുന്ന മാത്രയില്‍ തന്നെ ആഗതന് വീടിനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന സത്യം ആരും ഓര്‍ക്കാറില്ല. വീടിന്റെ പുറത്തളങ്ങളെ ആകര്‍ഷകമാക്കുന്ന കലാവിദ്യയാണ് 'ലാന്റ് സേ്കപ്പിങ്'. ലാന്റ് സേ്കപ്പിങ് എന്നാല്‍ വെറുതെ ചെടിവച്ചുപിടിപ്പിക്കലെന്നാണ് പൊതുധാരണ. 

ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അകത്തളങ്ങള്‍ക്കൊപ്പം പുറവും മനസ്സില്‍ കണ്ടുവേണം ലാന്റ് സേ്കപ്പിങ് ഡിസൈന്‍ ചെയ്യാന്‍. വീടിന്റെ അകത്തളങ്ങള്‍ക്ക് ചുവരുകള്‍ക്ക് പുറത്തുള്ള പ്രദേശവുമായി ഒരു സവിശേഷബന്ധമുണ്ട്. ഇതിനെ ഊട്ടി ഉറപ്പിക്കുന്നതാകണം ലാന്റ് സേ്കപ്പിങ്. 

വീടിന്റെ മുന്‍ഭാഗത്തെ മുറ്റവും പൂമുഖവുംഅടുക്കളയുടെ പിന്‍ഭാഗം, വീടിന്റെ പാര്‍ശ്വഭാഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചുവേണം ലാന്റ് സേ്കപ്പിങ് നടത്താന്‍.

വീടിന് പുറത്ത് ധാരാളം സ്ഥലമുണ്ടെങ്കിലേ ലാന്റ് സേ്കപ്പിങ് സാധ്യമാകൂയെന്ന ധാരണയെല്ലാം പഴഞ്ചനാണ്. ഇംഗ്ലീഷ് ഗാര്‍ഡന്‍ ശൈലി, ജാപ്പനീസ് ശൈലി, പേര്‍ഷ്യന്‍ ശൈലി തുടങ്ങിയ രീതികളിലൊക്കെ ലാന്റ് സേ്കപ്പിങ് നടത്താമെങ്കിലും കേരളം പോലെ സമശീതോഷ്ണകാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഗാര്‍ഡനിങ് നടത്താന്‍ ശ്രദ്ധിക്കണം. 

ലാന്റ് സേ്കപ്പിങ്ങിന് ചൈനീസ് ഗ്രാസ്, കൊറിയന്‍ ഗ്രാസ് എന്നിവ ഉപയോഗിക്കുന്നത് ഭംഗി നല്‍കുമെങ്കിലും ദോഷങ്ങളുണ്ട്. കുട്ടികളെ പരിചരിക്കുന്നതുപോലെയുള്ള പരിചരണവും കൂടുതല്‍വെള്ളവും ഇത്തരം ഗ്രാസിന് ആവശ്യമാണ്. 

കറുക, നാടന്‍ പുല്ല്, തെറ്റി, ചെത്തി, മുക്കുറ്റി, തുളസി, ചെമ്പരത്തി, നന്ത്യാര്‍വട്ടം തുടങ്ങിയ തനതുചെടികളും പുല്ലുകളും ഉപയോഗിച്ച് 'ലാണ്‍' തയ്യാറാക്കിയാല്‍ പരിചരണം, വെള്ളം എന്നിവ കുറയ്ക്കുമെന്നതിന് പുറമേ പണച്ചെലവും കുറയ്ക്കാമെന്ന നേട്ടവുമുണ്ട്. 

പുല്ലുകള്‍ ഉപയോഗിച്ചുള്ള ലാന്റ് സേ്കപ്പിങ്ങിന് പുറമേ കല്ലും മണ്ണും മാത്രം ഉപയോഗിച്ചും ലാന്റ് സേ്കപ്പിങ് നടത്താം. 'ഡ്രൈ ലാന്റ് സേ്കപ്പിങ്' എന്നാണ് ഇതിന്റെ പേര്. വെള്ളത്തിന് ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഇത്തരം രീതി പരീക്ഷിക്കുന്നതാണ് ഉചിതം.


ചിത്രം : ഗെറ്റി ഇമേജസ്