മൂന്ന് സെന്റിലുള്ള വീടായാലും മുപ്പത് സെന്റിലുള്ള വീടായാലും, ഒരു മുറി മാത്രമുള്ള ഫ്‌ളാറ്റായാലും ശരി, ചുറ്റിലും പച്ചപ്പും ഹരിതാഭയും വേണം. അതാണ് ട്രെന്‍ഡ്. ഈ കോവിഡ് കാലത്ത് വീട്ടകങ്ങളില്‍ ലോക്കായപ്പോള്‍ അകത്തളങ്ങള്‍ക്ക് മോടി പോരെന്നുതോന്നി ചെടികളെ അകത്തേക്കു കൂട്ടിയവരാണ് മിക്കവരും. പുറത്ത് പടര്‍ന്നു പന്തലിച്ചിരുന്ന ചെടികള്‍ അകത്തു കയറാനായി ഹൈബ്രിഡ് കുള്ളന്‍മാരായിട്ടുണ്ട്. വീടിനുള്ളില്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ ഇവയെല്ലാം ഒപ്പം കൂട്ടാം.
പലതരം പൂന്തോട്ടങ്ങള്‍
സ്ഥലം അധികം വേണ്ട. പണവും അധികം ചെലവാകില്ല. അതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനോടുള്ള പ്രിയം കൂട്ടുന്നത്. വീടിനകത്തും പുറത്തുമായി ഇത് സജ്ജീകരിക്കാനും എളുപ്പമാണ്. കണ്ടെയ്‌നറൈസ്ഡ് വെര്‍ട്ടിക്കല്‍ ഡാര്‍ഡനാണ് സാധാരണക്കാര്‍ക്ക് പരിപാലിക്കാന്‍ നല്ലത്. എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നവയാണിത്. അധികം ഉയരമില്ലാത്ത, നന്നായി ഇലകളുള്ള ചെടികളാണ് ഇതിന് ഉത്തമം. നാട്ടിലെ കാലാവസ്ഥയ്ക്ക് നാടന്‍ ഇനങ്ങളില്‍പ്പെട്ട ചെടികളാണ് നല്ലത്. പരിപാലനവും എളുപ്പമാകും. വേനല്‍ക്കാലത്ത് രണ്ടുനേരമെങ്കിലും നനയ്ക്കണം. ചില ചെടികള്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ വെള്ളം ലഭിച്ചാലും മതി.
കൂടുതല്‍ പരിപാലനം വേണ്ടതും കുറവുള്ളതുമായ പൂന്തോട്ടങ്ങളുണ്ട്. കൃത്യമായ പരിപാലനം നല്‍കാന്‍ കഴിയുകയില്ലെങ്കില്‍ അതു മുന്‍കൂട്ടിക്കണ്ട് പരിചരണം കുറവുമാത്രം വേണ്ട ചെടികള്‍ തിരഞ്ഞെടുക്കാം. ചെത്തി, മന്ദാരം, ചെമ്പരത്തി, നന്ദ്യാര്‍വട്ടം ഇവയുടെയെല്ലാം ഹൈബ്രിഡ് ഇനങ്ങള്‍ ലഭ്യമാണ്. കണിക്കൊന്ന പോലുള്ള ചെടികളും ഇത്തരം ഗാര്‍ഡനുകളിലേക്കു യോജിക്കും. പ്ലോട്ടിന്റെ ഒരരികത്തായി പാറക്കല്ലുകളും വെള്ളച്ചാട്ടവും ക്രമീകരിച്ച് റോക്ക് ഗാര്‍ഡനുമാക്കാം.
എത്ര ചെറിയ സ്ഥലമായാലും ആവശ്യത്തിനു വെയില്‍ തട്ടുന്നുണ്ടെങ്കില്‍ പൂവുണ്ടാകുന്ന ചെടികളും സിംഗപ്പൂര്‍ ഗ്രാസുമെല്ലാം നടാവുന്നതാണ്. ഏതെങ്കിലും ഒരു നിശ്ചിത ആകൃതിയുണ്ടാക്കി ഗ്രാസ് നടുന്നതാണ് കൂടുതല്‍ ഭംഗി. പുല്ലിനു പകരം നിലക്കടല പോലെയുള്ള നിരവധി ഗ്രൗണ്ട് കവറിങ് ചെടികള്‍ ഇപ്പോള്‍ ലഭ്യമാണ്. ചെടികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു നടാതെ കൂട്ടമായി നടുന്നതാണ് ഭംഗി. കൃത്യമായി പ്രൂണ്‍ ചെയ്ത് നിര്‍ത്താനും ശ്രദ്ധിക്കണം. വെയില്‍ ഭാഗികമായി മാത്രം ആവശ്യമുള്ളയിനം ആന്തൂറിയം, ഓര്‍ക്കിഡുകളുണ്ട്. ഇവ കെട്ടിടത്തിന്റെ സണ്‍ഷേഡിനു ചുറ്റും, വരാന്തയിലുമെല്ലാം വെയ്ക്കാം.
ചെടികളേക്കാള്‍ ഭംഗിയുള്ള ചെടിച്ചട്ടികള്‍
മുന്‍പ് അകത്തളങ്ങളില്‍ പ്ലാസ്റ്റിക് അല്ലെങ്കില്‍ മണ്‍ചട്ടികളിലാണ് ചെടി വളര്‍ത്തിയിരുന്നത്. എന്നാലിന്ന് വീടിന്റെ ഇന്റീരിയര്‍ ഡിസൈനിന് ഇണങ്ങുന്ന ചെടിച്ചട്ടികളാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. വ്യത്യസ്ത ഡിസൈനിലുള്ള ചട്ടികള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണിപ്പോള്‍. കുട്ടികളുടെ മുറികളിലേക്കായി മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ളത്, കള്ളിച്ചെടി നടാന്‍ കള്ളിച്ചെടിയുടെതന്നെ ആകൃതിയിലുള്ളത്, പ്ലാസ്റ്റിക് ചട്ടികള്‍, സെല്‍ഫ് വാട്ടറിങ് പോട്ട് എന്നിവയ്‌ക്കെല്ലാം നല്ല വിപണിയുണ്ട്. ചട്ടികളില്‍ ഗ്ലാസ് വര്‍ക്ക് ചെയ്തും പെയിന്റ് ചെയ്തുമൊക്കെ മോടിപിടിപ്പിച്ച് പലരും സ്വന്തം അകത്തളങ്ങള്‍ അലങ്കരിക്കാറുണ്ട്. എന്നാല്‍ ഇലച്ചെടികളും സെക്കുലന്റ് ചെടികളും ഇത്തരം ചട്ടികളില്‍ നടുമ്പോള്‍ ഓരോ ചെടിക്കും വളരാന്‍ യോജിച്ച മിശ്രിതം നിറയ്ക്കാന്‍ ശ്രദ്ധിക്കണം. അധികജലം വാര്‍ന്നുപോകാന്‍ താഴെ ദ്വാരമുണ്ടോ എന്നും നോക്കണം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Interior garden trends and tips