കൊറോണ ലോക്ഡൗണ്‍ കാലത്ത് പലരും അടുക്കളത്തോട്ടത്തിനും വീട്ടിലെ പച്ചക്കറികൃഷിയുടെയും ഒക്കെ പിന്നാലെയായിരുന്നു. ചെറിയ പൂന്തോട്ടമൊക്കെ ഉണ്ടാക്കി മക്കള്‍ക്കൊപ്പം കൂടിയവരുമേറെ. എന്നാല്‍ വീട്ടില്‍ ഇതിനൊന്നും ഇടമില്ലാത്തവരോ. നല്ലൊരു പൂന്തോട്ടം വീട്ടില്‍ വേണമെന്ന ആഗ്രഹമുണ്ടെങ്കില്‍ വീട്ടിലെ ഇത്തിരി ഇടങ്ങളില്‍ പൂന്തോട്ടമുണ്ടാക്കാന്‍ വഴിയുണ്ട്.

1. വലിപ്പമുള്ള ട്രേകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ കിട്ടും. ഇതില്‍ ഒരുപാട് വളര്‍ന്ന് പടരാത്ത തരം ഭക്ഷ്യയോഗ്യമായ ചെടികള്‍ നടാം. ചീര, പുതിന, മല്ലി പോലുള്ളവ. 

2. അടുക്കളയിലെ ഉപയോഗശൂന്യമായ ജാറുകളില്‍ ചെറിയ പൂക്കളുണ്ടാകുന്ന ചെടികളോ, ചീരപോലുള്ള പച്ചക്കറികളോ നട്ടുവളര്‍ത്താം. ഇവ കിച്ചണ്‍ കൗണ്ടര്‍ ടോപ്പിലോ, ഓപ്പണ്‍ കബോര്‍ഡുകളിലോ ഷെല്‍ഫിലോ ജനാലയുടെ അരികിലോ ഭംഗിയായി വയ്ക്കുകയും ചെയ്യാം

3. വീടിനുള്ളിലും വീടിന് മുന്നിലുമായി തൂക്കിയിടാവുന്ന തരം ചെടിച്ചട്ടികള്‍ വാങ്ങി തൂക്കാം. ഫഌറ്റുകളാണെങ്കില്‍ ചെറിയൊരു ബാല്‍ക്കണി ഉണ്ടാവില്ലേ.. അവിടെ ഇവ തൂക്കാം. മണിപ്ലാന്റ്, നല്ല നിറമുള്ള പൂക്കളുണ്ടാകുന്ന അധികം പടരാത്ത ചെടികള്‍ എന്നിവ ഇവയില്‍ നടാം. ഈ ചെടികള്‍ ദിവസവും നനക്കാന്‍ മറക്കേണ്ട. 

4.  ലോക്ഡൗണ്‍ കാലത്ത് എല്ലാവരും ബോട്ടില്‍ ആര്‍ട്ടിന് പിന്നാലെയായിരുന്നു. എങ്കില്‍ ബോട്ടില്‍ ഗാര്‍ഡനിങുകൂടി പരീക്ഷിക്കാം. ഉപയോഗ ശൂന്യമായ വൈന്‍ ബോട്ടിലുകള്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ എന്നിവയിലെല്ലാം ചെടികള്‍ നടാം. മേശപ്പുറത്തോ, അടുക്കളയിലോ, ഷെല്‍ഫിലോ എല്ലാം  നിരത്തി വയ്ക്കാം. 

5. വീട്ടില്‍ വെറുതേ കളഞ്ഞ തടിപ്പെട്ടികള്‍ ഉണ്ടെങ്കില്‍ അവയിലും ചെടികള്‍ നടാം. വീടിന് ഒരു വിന്റേജ് ലുക്ക് കിട്ടാനും ഈ തടിപ്പെട്ടി പൂന്തോട്ടം സഹായിക്കും.

Content Highlights: Easy ideas for gardening at home