പാഴ്‌വസ്തുക്കള്‍ കൊണ്ട് കൗതുകവസ്തുക്കള്‍ ഉണ്ടാക്കി സ്‌കൂളിലെ പ്രവര്‍ത്തിപരിചയമേളയില്‍ സ്റ്റാറായ കഥയൊക്കെ ഓര്‍ത്ത് നൊസ്റ്റു അടിച്ചിരിക്കുകയാണോ.. ഗാര്‍ഡനിങ്ങിനോടും ഒരുപൊടിക്ക് ഇഷ്ടക്കൂടുതലുണ്ടോ..എങ്കില്‍ പിന്നെ സമയം മിനക്കെടുത്തേണ്ട.. ആകെയുളള ഇത്തിരി ഗാര്‍ഡനെ കിടിലനാക്കാന്‍ നിങ്ങളിലെ പഴയ ആ സ്‌കൂള്‍ വിദ്യാര്‍ഥിയെ പൊടിതട്ടിയെടുത്തോളൂ.. ഒപ്പം വീട്ടിലെ സ്ഥലം മിനക്കെടുത്തി കിടക്കുന്ന ചില പാഴ് വസ്തുക്കളും. 

teapot

പുതിയ ടീസെറ്റ് വാങ്ങിയതില്‍ പിന്നെ സ്റ്റോര്‍റൂമിലെ അലമാരയില്‍ പൊടിപിടിച്ചിരിക്കുന്ന ടീപോട്ടില്‍ നിന്ന് തന്നെ തുടങ്ങാം. ടീപോട്ട് ചെറുതല്ലേ അതിലെങ്ങനെ ചെടി നടുമെന്ന ഗഹനമായ ചിന്തകളോട് തല്ക്കാലം ബായ് പറയാം. എന്നിട്ട് അതെല്ലാം നന്നായൊന്നു കഴുകി തുടച്ചെടുത്ത് ടേബിള്‍ടോപ് പ്ലാന്റ്‌സ് നട്ടുനോക്കൂ..ഭംഗിക്കായി ഡെക്കറേറ്റീവ് സ്‌റ്റോണ്‍സ് കൂടെ നിരത്താം..സംഗതി കളറായില്ലേ ? പത്തുമണിപ്പൂ പോലുള്ള നിത്യവും പുഷ്പിക്കുന്ന ചെറിയ ചെടികളും ടീ പോട്ടില്‍ പരീക്ഷിക്കാവുന്നതാണ്. 

ബെര്‍ത്തിനുമുകളിലെ ഒരു കാര്‍ട്ടണ്‍ നിറയെ കുട്ടികളുപയോഗിച്ച് ഉപേക്ഷിച്ച ടോയ്‌സ് സൂക്ഷിച്ചുവെച്ചിട്ടില്ലേ. അടുത്തത് അവിടെ നിന്നാവാം. ചക്രം പോയതും, ലൈറ്റ് പൊട്ടിയതുമൊക്കെയായി കുട്ടി ട്രക്കുകളുണ്ടോ അതില്‍..അത്യാവശ്യം വലുപ്പമുള്ളത് നോക്കി ഒന്നെടുക്കാം. ജേഡ്, കാക്ടസ് പോലുള്ള ടേബിള്‍ടോപ്പ് പ്ലാന്റുകളെ ഇതില്‍ നടാം.

jans

നിങ്ങളുടെ തന്നെ ഉപയോഗിച്ച് പഴകിയ ജീന്‍സുകള്‍ അലമാരയില്‍ ഇരിപ്പില്ലേ. ജീന്‍സ് ബാഗും വാള്‍ ഹാങ്ങിങ്‌സും മാത്രമല്ല ഒന്നാന്തരം മേക്കോവറിലൂടെ ജീന്‍സില്‍ ചെടികളും നടാം. ജീന്‍സിന്റെ നീളം അല്പം കുറച്ച് കാലുകള്‍ക്കുള്ളില്‍ പൈപ്പോ, തെര്‍മോകോളോ തിരുകി ആകൃതി വരുത്തിയ ശേഷം മണ്ണിട്ട് ചെടി നടാം. സീസണല്‍ ഫ്‌ളവര്‍ പ്ലാന്റുകള്‍ നട്ടുനോക്കൂ..

ഉപയോഗശൂന്യമായ പഴയ ഷൂകളെയും കിടലന്‍ നിറങ്ങള്‍ നല്‍കി വീണ്ടുമുപയോഗിക്കാം. ബാല്‍ക്കണി ഫെന്‍സില്‍ തൂക്കാവുന്ന അതിമനോഹരമായ പ്ലാന്ററാണ് ഷൂകള്‍..മൂന്നിലധികം ഷൂകള്‍ വ്യത്യസ്ത നിറങ്ങള്‍ നല്‍കി ഫെന്‍സില്‍ തൂക്കിനോക്കൂ. നിങ്ങള്‍ നല്‍കുന്ന കളറിന് കോണ്‍ട്രാസ്റ്റായിട്ടുള്ള നിറങ്ങളിലുള്ള പൂക്കള്‍ വിടരുന്ന ചെടികളായിരിക്കണം നടേണ്ടത്. 

tyre

അടുത്ത തവണ കാറിന്റെ ടയര്‍മാറ്റുമ്പോള്‍ പഴയത് ഉപേക്ഷിക്കേണ്ട, വീട്ടില്‍ കൊണ്ടുവന്ന് വൃത്തിയായി കഴുകിയെടുത്ത് ഇഷ്ടമുള്ള നിറം കൊടുത്തോളൂ..ഇത്തരത്തില്‍ നിരവധി ടയറുകള്‍ ശേഖരിച്ച് പലനിറങ്ങള്‍ കൊടുത്ത് ചെടി നടാവുന്നതാണ്. ബുഷ്, റോസ് പോലുളള ചെടികള്‍ ഇതില്‍ നടാം. 

Bicyle

പഞ്ചറായി തുരുമ്പെടുത്ത പഴയ സൈക്കിള്‍ വീടിന് പിറകില്‍ ചുമരില്‍ ചാരിവെച്ചിട്ടുണ്ടോ. എങ്കില്‍ സമയം കളയണ്ട, നല്ല ഫ്ളൂറസെന്റ് നിറങ്ങള്‍ നോക്കി വാങ്ങി സൈക്കിളിനെ മൊത്തത്തില്‍ ഒന്നു പെയ്ന്റുചെയ്‌തെടുത്തോളൂ. മുന്നിലും പിറകിലും എല്ലാം ബാസ്‌ക്കറ്റുകള്‍ തൂക്കി നിറയെ പൂക്കുന്ന ചെടികള്‍ നടാം. സ്വപ്‌നക്കൂടില്‍ പൂക്കൂടകള്‍ തൂക്കിയ സൈക്കിളില്‍ വരുന്ന മീരജാസ്മിനെ ഓര്‍മയില്ലേ. അത് പൂക്കളായിരുന്നെങ്കില്‍ ഇത് നല്ല ഒന്നാന്തരം പൂച്ചെടികളാകട്ടെ.നിങ്ങളിലെ ക്രേസി ക്രിയേറ്റീവ് സൈഡ് ഉണരട്ടെ..

Content highlights: Crazy creative planters, Tyre Planter, Old shoes as planters