വീട് വാങ്ങാനോ വെക്കാനോ തീരുമാനിക്കുമ്പോള്‍ ആദ്യം മനസ്സിലുണ്ടാകുന്ന കാര്യം ചെലവ് എങ്ങനെ കുറയ്ക്കാം എന്നായിരിക്കും. ഒരായുഷ്‌ക്കാലം മുഴുവന്‍ ജീവിക്കേണ്ട വീടിനു വേണ്ടി അളവറ്റ് പണം മുടക്കാന്‍ തയ്യാറാകുന്നവരും ഉണ്ട്. ഹോങ് കോങ്ങിലെ ഒരു വീടാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുന്നത്, വീടിന്റെ വിലയാണ് അതിനു കാരണം.

വീടിനായി ലക്ഷങ്ങളും കോടികളുമൊക്കെ മുടക്കാന്‍ തയ്യാറാകുമെങ്കിലും ഈ വീടിന്റെ വില കേട്ട് ഇതല്‍പം കടന്നുപോയില്ലേ എന്നു പറയുന്നവരാണ് ഭൂരിഭാഗം പേരും. ഒന്നും രണ്ടുമല്ല മൂവായിരം കോടി രൂപയാണ് വീടിന്റെ വില. ഇനി വില കേള്‍ക്കുമ്പോള്‍ അത്രയ്ക്ക് ഗംഭീരമായൊരു എസ്റ്റേറ്റ് ആണെന്നൊന്നും പ്രതീക്ഷിക്കരുതേ, കാഴചയില്‍ അത്ര ആഡംബരമൊന്നുമില്ലാത്ത ഒതുക്കമുള്ള വീടാണിത്. 

ഒരേക്കറിന്റെ മൂന്നിലൊന്നു ഭാഗത്താണ് 16,330 ചതുരശ്രയടിയില്‍ നിര്‍മിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്. നാലു ബെഡ്‌റൂമുകളുള്ള വീട്ടില്‍ സ്വിമ്മിങ്ങ് പൂളും രണ്ടു കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. അത്ര കേമമെന്നൊന്നും വിശേഷിപ്പിക്കാനില്ലാത്ത വീടിന് ഇത്രത്തോളം വിലയുണ്ടാകാന്‍കാരണം എന്തായിരിക്കും എന്നു ചിന്തിക്കുന്നവരുമുണ്ടാകും.

Home

സംഗതി വീടല്‍പം പഴയതാണെങ്കിലും സ്ഥലത്തിന്റെ വിലകൂടി കണക്കിലെടുത്താണ് മൂവായിരം കോടിയിലെത്തിയത്. ഭൂമിക്ക് പൊന്നുംവിലയുള്ള സ്ഥലത്താണ് ഈ വീട്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വീട് എന്ന പേരിലാണ് ഈ വീടിനെ പലരും വിശേഷിപ്പിക്കുന്നത്. 

2004ല്‍ ചുവാങ് കണ്‍സോര്‍ഷ്യം ഇന്റര്‍നാഷണലാണ് വീട് സ്വന്തമാക്കിയത്. ഹോങ് കോങ്ങിലെ 24 മിഡില്‍ ഗ്യാപ് റോഡിലുള്ള വീട് നിലവില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.

Villa

നേരത്തെ ഫ്രാന്‍സിലുള്ള വില്ലാ ലെസ് സെഡ്രസ് ആണ് ഏറ്റവും വിലയില്‍ വിറ്റുപോയത്, 409 മില്യണ്‍ ഡോളറിനാണ് അന്ന് വില്ല വിറ്റുപോയത്.

Content Highlights: Worlds Costliest Home In Hong Kong