താഴ്‌വരയുടെ ഹൃദയഭാഗത്ത് പാറക്കല്ലുനിറഞ്ഞ കുന്നിന്‍ചെരിവുകളാല്‍ ചുറ്റപ്പെട്ട് നുരഞ്ഞൊഴുകുന്ന അരുവിക്കരികെ ഒരു വായനശാല. ആഴ്ചാവസാനം നൂറുകണക്കിന് 'പുസ്തകപ്പുഴു'ക്കളാണ് ചൈനയിലെ ബെയ്ജിങ്ങിന്റെ പ്രാന്തപ്രദേശത്തുള്ള, തടിയില്‍ തീര്‍ത്ത ലിയുവാന്‍ വായനശാലയിലേക്ക് ഒഴുകുന്നത്.

2012 ഏപ്രിലില്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത ഈ പുസ്തകക്കൊട്ടാരം ചെസ്റ്റ്‌നട്ട്, വാള്‍നട്ട്, പീച്ച് മരങ്ങള്‍ക്കുനടുവിലാണുള്ളത്. ഈ മരങ്ങളുടെ ചില്ലകള്‍ ഉപയോഗിച്ചാണ് വായനശാല അലങ്കരിച്ചിരിക്കുന്നതും.

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കെട്ടിടത്തിന് ഇനിയുമുണ്ട് പ്രത്യേകതകള്‍. അടിത്തറ പാകിയിരിക്കുന്നത് ചില്ലും സ്റ്റീലും ഉപയോഗിച്ചാണെങ്കില്‍ മുന്‍വശം മരങ്ങളുടെ ശാഖകളും ചില്ലകളുംകൊണ്ട് മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്. നാട്ടുകാരനായ വാസ്തുശില്പി ലി ഷിയോഡോങ്ങാണ് ഈ കരവിരുതിനുപിന്നില്‍.

Book

വായനശാലയുടെ അരികത്തായുള്ള അരുവിക്കുമുകളിലൂടെയുള്ള ഇടുങ്ങിയ പാലം കടന്നുവേണം സന്ദര്‍ശകര്‍ ഇവിടെ എത്താന്‍. പാലം കടന്നെത്തുന്നത് വായുസഞ്ചാരമുള്ള ഇടത്തേക്കാണ്. പരുപരുത്തതടികള്‍ക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നു. വായനശാലയുടെ ഉള്ളില്‍ കടന്നാലോ മറ്റൊരുലോകത്തെത്തിപ്പെട്ടതുപോലെയാണ്.

വായനയ്ക്കുള്ള ഇടം വിശാലമാണ്. ഭിത്തിയില്‍ തട്ടുകളാക്കി തിരിച്ചാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടങ്ങളൊന്നുമില്ല. തറയിലും മറ്റുമായി ഇരിക്കാം. ഒരേസമയം 40 പേര്‍ക്കേ പ്രവേശനമുള്ളൂ. അതിനാല്‍ ആഴ്ചാവസാനം മാത്രം തുറക്കുന്ന ഇവിടെ ആളുകളുടെ നീണ്ട വരി കാണാന്‍കഴിയും. വായനശാലയുടെ രൂപകല്പനയില്‍ ആകൃഷ്ടരായവരാണ് ഇവിടെയെത്തുന്നവരാണ് അധികവും.

വായനശാലയില്‍ എത്തുന്നവരില്‍ കുറച്ചുപേരെങ്കിലും ഫോട്ടോകള്‍ എടുക്കാനായിമാത്രം വരുന്നവരാണ്. അതുകൊണ്ട് കുറച്ചുകാലമായി വായനശാലയ്ക്കുള്ളില്‍നിന്ന് ഫോട്ടോ എടുക്കുന്നതു വിലക്കിയിട്ടുണ്ട് ലൈബ്രറിയുടെ ഉടമസ്ഥന്‍ പാന്‍ ഷി പറഞ്ഞു. വായനയെ സ്‌നേഹിക്കുന്നവര്‍ക്ക് അനുകൂല അന്തരീക്ഷം നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Wooden library lures bookworms outside Beijing