കൊറോണക്കാലവും ലോക്ഡൗണും വന്നതോടെ നേരം പോകാന്‍ പല വഴികള്‍ തിരഞ്ഞവരുണ്ട്. അതിലൊന്നാണ് വീടിന് മേക്കോവര്‍ വരുത്തിയവരുടെ അനുഭവങ്ങള്‍. വീടിനോട് ചേര്‍ന്ന് ചെറിയ ഓഫീസ് നിര്‍മിച്ചും പൂന്തോട്ടം നിര്‍മിച്ചും എന്തിനേറെ, ബാര്‍ വരെ ഒരുക്കി വ്യത്യസ്തരായവരുണ്ട്. ബില്ലി ജോ വെല്‍സ്ബി എന്ന് ബ്യൂട്ടീഷന്‍ തന്റെ അടുക്കളയെയാണ് ഇത്തരത്തില്‍ മാറ്റി മറിച്ചത്. പഴയതും നിറം മങ്ങിയതുമായിരുന്ന അടുക്കളയെ ബില്ലി അടിമുടി മാറ്റി. ഈ മാറ്റം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. 

അടുക്കളയിലെ അഴുക്കു പുരണ്ട ചുമരിലായിരുന്നു ബില്ലിയുടെ പരീക്ഷണം. ഇതിനായി 75 പൗണ്ട് വിലവരുന്ന ചെമ്പുനാണയങ്ങള്‍ വാങ്ങി. ഈ നാണയങ്ങള്‍ മനോഹരമായി ചുമരില്‍ പതിപ്പിക്കുകയാണ് ബില്ലി ചെയ്തത്.

നവീകരണത്തിനുശേഷം അടുക്കളച്ചുമരിന്റെ ചിത്രങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഒരു മാസത്തോളം സമയമെടുത്താണ് താന്‍ ഈ നവീകരണം പൂര്‍ത്തിയാക്കിയതെന്നും ബില്ലി ഫെയ്‌സ് ബുക്കില്‍ കുറിക്കുന്നു. ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും 7500 നാണയങ്ങള്‍ ഇതിന് ആവശ്യമായി വന്നെന്നും ബില്ലി തുടരുന്നു.

Content Highlights: Woman Renovates Kitchen Using 7500 Copper Coins