വീട്ടില്‍ ഏറ്റവും മനോഹരമായി ഒരുക്കുന്ന ഇടങ്ങളിലൊന്നാണ് ബാത്‌റൂമുകള്‍. കൂടുതല്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കപ്പെടുന്നതും ബാത്‌റൂമുകളിലാണ്. വലിയ ബാത്‌റൂം അല്ലെന്നത് ഒരു പരിമിതിയേ അല്ല. മനസ്സു വച്ചാല്‍ ചെറിയ ബാത്‌റൂം ഇടങ്ങളെയും വലിപ്പമുള്ളതാക്കി മാറ്റാം, അതു വലിയ ചിലവില്ലാതെ. ഡിസൈനിലൂടെയും മറ്റും ബാത്‌റൂമിന്റെ വലിപ്പം കൂടുതല്‍ തോന്നിക്കാനുള്ള വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്. 

വേണ്ടതു മാത്രം

ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ കുത്തിനിറയ്ക്കാനുള്ള ഇടമല്ല ബാത്‌റൂം. അത്യാവശ്യമുള്ളവ മാത്രമാണ് ബാത്‌റൂമില്‍ സെറ്റ് ചെയ്യേണ്ടത്. നിലത്തു വച്ചിരിക്കുന്ന റാക്കുകള്‍ ഉള്‍പ്പെടെയുള്ളവ അവിടെ നിന്നു മാറ്റുക. പരമാവധി വസ്തുക്കള്‍ ചുവരില്‍ തൂങ്ങിനിര്‍ത്തുന്ന നിലയില്‍ ഒരുക്കുന്നതാണ് നല്ലത്. 

വാള്‍പേപ്പറിലും വഴിയുണ്ട്

വാള്‍പേപ്പറിലൂടെയും ബാത്‌റൂമിന്റെ വലിപ്പം കൂടുതലാണെന്നു തോന്നിക്കാന്‍ വഴിയുണ്ട്. കണ്ണുകളെ പെട്ടെന്ന് ഉടക്കും വിധത്തിലുളള വലിയ ഡിസൈനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. തീരെ ഇടുങ്ങിയ ബാത്‌റൂമുള്ളവര്‍ക്ക് മറ്റൊരു വിധത്തിലും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ വഴിയില്ലെങ്കില്‍ സ്വീകരിക്കാവുന്ന രീതിയാണിത്. 

നിറത്തിലും കണ്ണാടിയിലും കാര്യമുണ്ട്

ബാത്‌റൂമിനുള്ളിലെ വെളിച്ചത്തിന്റെ ലഭ്യതയും വലിപ്പത്തെ നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാണ്. പരമാവധി വെള്ളയോ അതിനോടു ചേര്‍ന്നു നില്‍ക്കുന്ന നിറങ്ങളോ വേണം ബാത്‌റൂമിനു നല്‍കാന്‍. ഒപ്പം വലിയ കണ്ണാടികള്‍ പ്രതിഷ്ഠിക്കുന്നതും നല്ലതാണ്. 

വലിയ ടൈലുകള്‍ തിരഞ്ഞെടുക്കാം

ചെറിയ ബാത്‌റൂമാണെങ്കില്‍ ടൈല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഭംഗി മാത്രം നോക്കിയാല്‍പ്പോരാ, ബാത്‌റൂമിനു വലിപ്പക്കൂടുതല്‍ തോന്നാന്‍ ടൈലും വലിപ്പമുള്ളവയെടുക്കണം. ഇളംനിറത്തിലുള്ള വലിയ ടൈലുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

സ്റ്റോറേജ് സ്‌പേസ്

സോപ്പൂം ഷാപൂവും ക്രീമുമൊക്കെ വെക്കാന്‍ പ്രത്യേകം സ്ഥലം പോകുന്നത് ഒഴിവാക്കിയും ബാത്‌റൂമിന്റെ വലിപ്പം കൂടുതല്‍ തോന്നിക്കാം. ചുവരില്‍ തന്നെ സ്റ്റോറേജ് സ്‌പേസ് ഒരുക്കുകയാണ് ഇതിനുള്ള വഴി.

Content Highlights: ways to make your bathroom feel bigger