ലപ്പോഴും വീട് എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാക്കുന്ന ഒന്നാണ്. ആയതിനാല്‍ അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ ചെയ്യേണ്ടതുണ്ട്. സാമ്പത്തികം മാത്രമല്ല, എങ്ങനെയുള്ള വീട് വേണം എന്നതിന്റെ ഒരു ഏകദേശ രൂപവും മനസ്സിലുണ്ടാകുന്നത് നല്ലതാണ്. നമുക്കു പറ്റിയ സ്ഥലം കണ്ടുപിടിക്കുന്നതിനോടൊപ്പം തന്നെ ചെയ്യേണ്ടതാണ് പറ്റിയ ആര്‍ക്കിടെക്ടിനെ കണ്ടുപിടിക്കുക എന്നതും. പല ആര്‍ക്കിടെക്ടുകളും വ്യത്യസ്ത ശൈലികളില്‍ ഡിസൈന്‍ ചെയ്യുന്നവരാണ്. നമുക്കു വേണ്ട ശൈലി ഏതെന്നു തീരുമാനിക്കുക എന്നത് കുറച്ചു സമയമെടുത്തു ചെയ്യേണ്ട ഒന്നാണ്. 

ഇന്റര്‍നെറ്റും മറ്റുമുള്ള ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല ഇത്. പിന്നെ വീട് എന്നത് നമ്മുടെ കുടുംബത്തിലെ ഓരോരുത്തരുടെയും സ്വപ്‌നങ്ങളുടെ ഇടമാണ്, അതുകൊണ്ട് കൊച്ചുകുട്ടികള്‍ക്ക് വരെ അവരുടെ അഭിപ്രായം പറയാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള അവസരങ്ങള്‍ നല്‍കണം. പിന്നീടുള്ളത് നമുക്കു പറ്റിയ ആര്‍ക്കിടെക്ടിനെ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അവരുമായുള്ള ചര്‍ച്ചകളാണ്. അതിനുമുമ്പു തന്നെ ആവശ്യങ്ങളും ഏരിയയും മറ്റും തീരുമാനിച്ചാല്‍ നല്ലതാണ്. ആവശ്യങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ കഴിയുന്നതും ആര്‍ക്കിടെക്ടിന് ഡിസൈന്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നല്‍കണം. കൂടുതല്‍ ഇടപെട്ടാല്‍ ആര്‍ക്കിടെക്ടിന് ഡിസൈന്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും. എന്നാല്‍ ആവശ്യത്തിനനുസരിച്ചുള്ള ഇടപെടലും ആവശ്യമാണ്. ഡിസൈന്‍ ശൈലിയില്‍ കൈ കടത്തുന്നത് മിക്ക ആര്‍ക്കിടെക്ടുകള്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് നമുക്കിഷ്ടപ്പെടുന്ന ശൈലിയില്‍ വര്‍ക്ക് ചെയ്യുന്ന ആര്‍ക്കിടെക്ടിനെ കണ്ടുപിടിക്കുകയാണ് ഏറ്റവും അനുയോജ്യം. 

ഇന്നത്തെ തിരക്കും പിടിച്ച ജീവിത സാഹചര്യത്തില്‍ സമാധാനം തരുന്ന ഇടങ്ങള്‍കൂടി ആവണം വീടുകള്‍. അതിന് ഉപയോഗിക്കുന്ന നിര്‍മാണ വസ്തുക്കള്‍, പ്രകൃതിയും വീടുമായുള്ള ബന്ധം എന്നിവയ്ക്ക് വലിയ സ്ഥാനമുണ്ട്. അതുപോലെ ഇന്റീരിയറില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍, നിറങ്ങള്‍ അങ്ങനെ ഓരോന്നിനും നമ്മുടെ മനസ്സിനെ സ്വാധീനിക്കാനും സന്തോഷിപ്പിക്കാനുമുള്ള കഴിവുണ്ട്. 

ഇന്നത്തെ സാഹചര്യത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിലൂന്നിയ നിര്‍മിതികളാണ് കേരളത്തിനും ലോകത്തിനും തന്നെ വേണ്ടത്. വീടിനുള്ളിലെ ചൂട് കുറയ്ക്കാനും മറ്റും എയര്‍കണ്ടീഷനിങ് കൂടാതെ തന്നെയുള്ള പലതരം ഡിസൈന്‍ സംവിധാനങ്ങളുണ്ട്. വീട് സ്വന്തം കുടുംബത്തിന്റെ സന്തോഷത്തിനും ആവശ്യത്തിനും വേണ്ടിയുള്ളതാണ് ആര്‍ഭാടത്തിനു വേണ്ടിയുള്ളതല്ല എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും അവശ്യം വേണ്ടതാണ്.

അനാവശ്യമായ ഏരിയകള്‍ കുറച്ചാല്‍ അതിലൂടെ പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം ഒരളവുവരെ കുറയ്ക്കാം. വീടിന് ഉപയോഗിക്കുന്ന ഓരോന്നും പാറയും വെട്ടുകല്ലും എം സാന്‍ഡുപോലും പ്രകൃതിയില്‍ നിന്നും ഉള്ളതാണെന്നും അവ സൂക്ഷിച്ചു വേണ്ട രീതിയില്‍ ഉപയോഗിക്കേണ്ടതാണ് എന്ന തിരിച്ചറിവും ഉണ്ടാകുന്ന പക്ഷം അതിലൂടെതന്നെ ചെലവു ചുരുക്കലും പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളുടെ ദുരുപയോഗവും ഒരുപരിധിവരെ കുറയ്ക്കാം. ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഡിസൈനിലൂടെ നിറവേറ്റാന്‍ കഴിഞ്ഞാല്‍ സൗന്ദര്യവും പ്രകൃതിയെ സംരക്ഷിക്കുന്നതും ഊര്‍ജ്ജ സൗഹൃദവുമായ ഗൃഹങ്ങള്‍ നിര്‍മിക്കാന്‍ കഴിയും.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Way to Keep Your House Cool Without Air Conditioning