ദ്യോ​ഗിക കർത്തവ്യങ്ങളെ വീട്ടകങ്ങളിലേക്കു വ്യാപിപ്പിച്ച കാലമാണിത്. കൊറോണ പടർന്നതോടെ പല സ്ഥാപനങ്ങളിലും നാളുകളായി വർക് ഫ്രം ഹോം രീതിയാണ്. ഓഫീസ് അന്തരീക്ഷത്തിൽ ജോലി ചെയ്തുശീലിച്ച് വീടുകളിലിരുന്നു ജോലി ചെയ്തു മടുപ്പു തോന്നുന്നവരുണ്ടോ? അത്തരക്കാർക്കായി വ്യത്യസ്തമായൊരു ഓഫീസ് ആശയം സൃഷ്ടിച്ചിരിക്കുകയാണ് ഒരു കമ്പനി. മറ്റൊന്നുമല്ല ഒരു കുഞ്ഞൻ ഓഫീസ് ക്യാബിനാണത്. 

പ്രകൃതിയോട് അടുത്ത് ജോലി ചെയ്യാമെന്നതാണ് ഈ ഓഫീസ് ക്യാബിന്റെ പ്രത്യേകത. ഇനി അതെങ്ങനെയെന്നല്ലേ? വീട്ടുമുറ്റത്തോ പുൽത്തകിടിയിലോ എവിടെ വേണമെങ്കിലും സെറ്റ് ചെയ്യാവുന്ന വിധത്തിലാണ് ഈ ക്യാബിന്റെ നിർമാണം. ഹോം ഓഫീസ് ആയോ ഹോബി റൂം ആയോ ഇനി ഇതൊന്നുമല്ലെങ്കിൽ വീടിനു പുറത്തൊരു ബെഡ്റൂമായോ സെറ്റ് ചെയ്യാവുന്നതാണിത്. 

വെറും മുപ്പത്തിയെട്ടു ചതുരശ്ര അടിയാണ് ക്യാബിനുള്ളത്. ​ഇതിന്റെ ഒരുഭാ​ഗം മുഴുവൻ ​ഗ്ലാസ് കൊണ്ടുള്ള ചുമരാണ്. പുറത്തെ കാഴ്ച്ചകൾ സു​ഗമമായി കാണാൻ ഇതിലൂടെ കഴിയും. ഫർണിച്ചർ സെറ്റ് ചെയ്ത് അകത്തിരുന്നാൽ പിന്നെ പുറംലോകത്തെ തിരക്കുകളൊന്നും അലട്ടില്ല. ഇനി ഇത്തരമൊരു ലാവിഷ് ഓഫീസ് ഒരുക്കാനുള്ള പണം എത്രയെന്നല്ലേ? പത്തുലക്ഷം രൂപയോളം വരും. 

വ്യത്യസ്തമായ ഈ ഓഫീസ് ക്യാബിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. വീട്ടുമുറ്റത്ത് ഭീമൻ ബ്ലൂടൂത്ത് സ്പീക്കർ വച്ചതുപോലെയുണ്ടെന്നും മുറ്റം ഇല്ലാത്തവർ എന്തു ചെയ്യുമെന്നും ഡിസൈനർമാരുടെ മണ്ടൻ ആശയങ്ങൾ എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Viral Tiny Office Cabin