ക്രിസ്റ്റിയും ഗിഫ്റ്റിയും തങ്ങളുടെ മാതാപിതാക്കളായ പൗലോസിനും എൽസിക്കുമൊപ്പം
നിങ്ങള്‍ വീട് പണിയാനോ? ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെല്ലാം കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരായി. വീട് പണിതോണ്ടിരിക്കാതെ പോയി കല്യാണം കഴിക്ക് പിള്ളേരെ....അച്ഛനും അമ്മയ്ക്കും വേണ്ടി തങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ ഒരു വീട് പണിത് തുടങ്ങിയപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശികളായ സഹോദരിമാര്‍ ക്രിസ്റ്റിയും ഗിഫ്റ്റിയും നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കേട്ടത് ഇതൊക്കെയാണ്. എന്നാല്‍, വെല്ലുവിളികള്‍ ഏറെ ഉണ്ടായിട്ടും 20 വര്‍ഷത്തോളം തങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച ആ ആഗ്രഹം 2021 ഡിസംബര്‍ 30-ന് പൂര്‍ത്തിയായി. മൂന്ന് കിടപ്പുമുറികളോട് കൂടിയ സുന്ദരമായ ഭവനമായിരുന്നു അത്.
ടി.സി.എസിലെ സിസ്റ്റം എന്‍ജിനീയറായ ക്രിസ്റ്റിയും സഹോദരിയായ നഴ്സ് ഗിഫ്റ്റിയും കൂട്ടായെടുത്ത തീരുമാനമായിരുന്നു വീടിന്റെ നിര്‍മാണം.
''കുട്ടിക്കാലത്ത് ചെറിയ വീട്ടിലായിരുന്നു താമസം. എത്തിച്ചേരാന്‍ പ്രയാസമുള്ളിടത്തായിരുന്നു വീട്. നല്ല വീടില്ലാത്തതിന്റെ പേരില്‍ ചെറുപ്പത്തില്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. ഇതിനൊക്കെയുള്ള ഉത്തരമാണ് ബഥേല്‍ എന്നു പേരിട്ടിരിക്കുന്ന ഞങ്ങളുടെ വീട്''-ക്രിസ്റ്റി പറഞ്ഞു. ചാലക്കുടി ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കൊന്നക്കുഴിയിലാണ് ആദ്യം താമസിച്ചിരുന്നത്. ഇവിടുത്തെ സ്ഥലം വിറ്റ് തുമ്പക്കോട് റോഡരികിലായി പുതിയ സ്ഥലം വാങ്ങുകയായിരുന്നു.
.jpg?$p=b103e4b&w=610&q=0.8)
അച്ഛന് പൗലോസിന് കൊപ്രാ മില്ലിലായിരുന്നു ജോലി. അമ്മ എല്‍സി ഹൃദ്രോഗിയും. അതിനാല്‍, തുച്ഛമായ വരുമാനം കൊണ്ട് വീട് പണിയുക എന്നത് ഒരു നടക്കാത്ത സ്വപ്നമായിരുന്നു അവര്‍ക്ക്. ഞങ്ങളെ പഠിപ്പിച്ച് ജോലി മേടിച്ച് തരുന്നതിന് അപ്പനും അമ്മയും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. പഠിപ്പിച്ച വകയില്‍ ഒരുപാട് കടവുമുണ്ട്. ഞങ്ങളെ വിവാഹം കഴിച്ച് അയച്ചാല്‍ അവര്‍ക്ക് ഒന്നും തിരിച്ച് കൊടുക്കാന്‍ കഴിയാതെ വന്നാലോ എന്ന് ഞങ്ങള്‍ ചിന്തിച്ചു. തുടര്‍ന്നാണ് വിവാഹത്തിന് മുമ്പ് വീട് പണിയാന്‍ തീരുമാനിച്ചത്. അച്ഛനെയും അമ്മയെയും സെറ്റില്‍ ആക്കിയിട്ടേ ഞങ്ങള്‍ കല്യാണം കഴിക്കുന്നുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു-ക്രിസ്റ്റി പറഞ്ഞു.
2021 മാര്‍ച്ചിലാണ് വീടിന്റെ പണികള്‍ തുടങ്ങിയത്. ആദ്യം താമസിച്ചിരുന്ന സ്ഥലത്തുനിന്നും കുറച്ച് മാറി ചാലക്കുടി ടൗണില്‍നിന്നും എട്ടുകിലോമീറ്റര്‍ അടുത്തായാണ് പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ വീട് പണിയുന്നതിനായി ഒന്‍പത് സെന്റ് സ്ഥലം വാങ്ങിക്കുകയായിരുന്നു.
.jpg?$p=fdf1e0b&w=610&q=0.8)
1525 ചതുരശ്ര അടിയാണ് ഒരു നിലയിലുള്ള വീടിന്റെ വലുപ്പം. സിറ്റൗട്ട്, ലിവിങ് ഏരിയ, മൂന്ന് കിടപ്പമുറികള്, ഡൈനിങ് ഏരിയ, മെയിന്‍ കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍. രണ്ട് കിടപ്പുമുറികള്‍ അറ്റാച്ചഡ് ആണ്. വീടിന്റെ നിര്‍മാണത്തിനായി ആകെ 23 ലക്ഷം രൂപയാണ് ചെലവായത്. കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന ജോസ്കോ ബില്‍ഡേഴ്സാണ് വീടിന്റെ പണികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്റീരിയര്‍ ഡിസൈനറായ അഖില്‍ തിലകനാണ് അകത്തളം മനോഹരമാക്കിയത്.
പുതിയ വീടുകളെ പരിചയപ്പെടുത്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പായ കേരളാ ഹോം പ്ലാനേഴ്സിന്റെ പേജില്‍ ക്രിസ്റ്റിയുടെയും ജിസ്റ്റിയുടെയും വീടിന്റെ വീഡിയോ പങ്കുവെച്ചത് വൈറലായിരുന്നു.
ഞങ്ങള്‍ പുതിയ വീട് വെച്ചത് കണ്ടിട്ട് പലര്‍ക്കും വലിയ അതിശയമായിരുന്നു. അമ്മയുടെ സുഹൃത്തുക്കള്‍ പലരും അക്കാര്യം തുറന്നുപറയുകയും ചെയ്തു. തങ്ങള്‍ക്ക് ആണ്മക്കള് ആയിട്ട് പോലും ഇതുപോലൊരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പെണ്‍കുട്ടികളായിട്ട് പോലും ഇവര്‍ അത് നേടിയെടുത്തല്ലോ എന്ന് അവരില്‍ പലരും പറഞ്ഞു. ഇത് കേട്ടപ്പോഴുണ്ടായ സന്തോഷം വളരെ വലുതായിരുന്നു-ക്രിസ്റ്റി പറഞ്ഞു.
.jpg?$p=c0dff4c&w=610&q=0.8)
വീട് വെച്ചാലും വിവാഹം കഴിക്കാമല്ലോ. ചിലപ്പോള്‍ വിവാഹം കഴിഞ്ഞാല്‍ വീട് വയ്ക്കാന്‍ പറ്റിയെന്ന് വരില്ല. അതിനാലാണ് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍ക്ക് ചെവി കൊടുക്കാതെ വീട് നിര്‍മാണവുമായി മുന്നോട്ട് പോയത്. ആദ്യം അച്ഛനും അമ്മയും ഞങ്ങളോട് കല്യാണം കഴിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം വീട് എന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. വീട് പണിത് കഴിഞ്ഞപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു-അഭിമാനത്തോടെ ക്രിസ്റ്റി പറഞ്ഞു. വീട് പണിയാന്‍ തുടങ്ങിയതിന് ശേഷം കല്യാണ ആലോചനകള്‍ ഒരുപാട് വന്നിരുന്നു. എന്നാല്‍, വീട് പണിക്ക് തന്നെ പ്രാധാന്യം കൊടുക്കുകയായിരുന്നു ഞങ്ങള്‍. വീടിന്റെ നിര്‍മാണത്തിന് പലരും പണം കടം തന്ന് സഹായിച്ചിട്ടുണ്ട്. അതെല്ലാം വീട്ടണം. നിര്‍മാണത്തിന് സഹായിച്ച ജോസ്കോ ബില്‍ഡേഴ്സും സാമ്പത്തികമായി സഹായിച്ചു-അവര്‍ കൂട്ടിച്ചേര്‍ത്തു.
നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്ത് പോകാന്‍ ഒ.ഇ.ടി. കോഴ്സിന് പഠിക്കുകയാണ് ഇപ്പോള്‍ ഗിഫ്റ്റി.
Watch | കൂലിയായി കല്ലുപ്പ്, ഉപ്പു പാതകള്‍; ചരിത്രത്തിലെ ഉപ്പു കഥകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..