പ്രതീകാത്മക ചിത്രം | Photo: Getty Images
മറുനാട്ടില്‍ തൊഴിലിനുപോയ മലയാളി സ്വന്തംനാട്ടില്‍ വീടുനിര്‍മിക്കാന്‍ കാട്ടുന്ന ആവേശത്തിന് മുഖ്യകാരണം ഗൃഹാതുരത്വമാണ്. എന്നാല്‍, പണികഴിയുമ്പോള്‍ പലര്‍ക്കും അത് ഗൃഹവും ആതുരതയുമായി പിരിയുന്നു. താഴ്ന്നവരുമാനക്കാര്ക്കുപോലും വിസ്തൃതിയും സൗകര്യങ്ങളും മോടിയുമുള്ള വീടിനോട് അഭിനിവേശമാണ്. അനന്തരഫലമാകട്ടെ, കടക്കെണിയും അത് സൃഷ്ടിക്കുന്ന പരവേശവും. വായ്പയെടുത്ത് വീടുവെച്ചവര്‍ അത് അടച്ചുതീരുംവരെ കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നു.
അടുക്കളപുകയാത്ത വീടുകള്‍
'ദാരിദ്ര്യ'ത്തിനുപകരം മലയാളി ഉപയോഗിച്ചുവന്ന ഒരു പ്രയോഗമാണ് 'പുകയാത്ത അടുക്കള'. ഇന്ന് പണമുള്ളവരുടെ വീടിന്റെ അടുക്കളയും പുകയുന്നില്ല. അടുക്കളപ്പുക ഒഴിവാകുന്ന സംവിധാനങ്ങളോടെയാണ് വീടുപണിയുന്നത്. പണിതീര്‍ന്ന വീടുകളില്‍ ആള്‍ത്താമസമില്ലാത്തതാണ് മലയാളിയുടെ അടുക്കള പുകയാത്തതിന്റെ മറ്റൊരുകാരണം. 1961-ലെ സെന്‍സസില്‍ കേരളത്തിലെ 74 ശതമാനം വീടുകള്‍ ഓലമേഞ്ഞവയായിരുന്നു. 2011-ല്‍ 89.41 ശതമാനം വീടുകളും കോണ്‍ക്രീറ്റ് മേല്ക്കൂരയുള്ളതായി. ഇപ്പോള്‍ അത് നൂറുശതമാനത്തിന് തൊട്ടടുത്താണ്. നാടന്‍വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഗൃഹനിര്‍മാണരീതി മലയാളി ഉപേക്ഷിച്ചുകഴിഞ്ഞു. ഇവിടെ വ്യാവസായിക ഉത്പാദനമില്ലാത്തതിനാല്‍ ഇപ്പോള്‍ 97 ശതമാനം വസ്തുക്കളും സംസ്ഥാനത്തിനു പുറത്തുനിന്ന് കൊണ്ടുവരണം. തീരെ സ്വയംപര്യാപ്തമല്ലാത്ത സംസ്ഥാനത്തുനിന്നും പുറത്തേക്കുള്ള മൂലധനശോഷണത്തിന് ഇത് ആക്കംകൂട്ടുന്നു.
പണിയെന്നാല്‍ വീടുപണി, നാട്ടിലെങ്ങും 'ബംഗാളിഭവനങ്ങള്'
സാധാരണ കായികജോലികള്‍ക്ക് നാട്ടിന്‍പുറങ്ങളില്‍പ്പോലും ഏറെ നാളായി ആളെക്കിട്ടാനില്ല. പണി എന്നതിന്റെ വിവക്ഷ നിര്‍മാണജോലി മാത്രമായി ചുരുങ്ങി. നിര്‍മാണമേഖലയിലെ കുതിപ്പ് നല്ലകൂലി ഉറപ്പാക്കി. 1960-നും 1994-നും മധ്യേമാത്രം 16 ഇരട്ടി കൂലിവര്‍ധന ഈരംഗത്തുണ്ടായെന്ന് ഒരു പഠനം പറയുന്നു. അതോടെ കര്‍ഷകത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളികളായി. കാര്‍ഷികരംഗം ക്ഷീണിച്ചു.
ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും ശാരീരികജോലിക്ക് തയ്യാറുള്ളവരുടെ കുത്തൊഴുക്കാണ് കേരളത്തിലേക്ക്. നിര്‍മാണമേഖലയാണ് അവരെ ഉള്‍ക്കൊള്ളുന്നത്. അതോടെ ഒഴിഞ്ഞുകിടക്കുന്ന പാതിജീര്ണിച്ച വീടുകള്പലതും ഇവര്‍ക്ക് താമസത്തിനായി വാടകയ്ക്ക് നല്കി പലരും വരുമാനം കണ്ടെത്തുന്നു. ഓരോ ചെറുഗ്രാമത്തിലും പത്തും ഇരുപതും ബംഗാളിഭവനങ്ങളുണ്ട്.
കെട്ടിടനിര്‍മാണമേഖല വളര്‍ന്നത് നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനയ്ക്കിടയാക്കി. അത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുനിര്‍മാണം അസാധ്യമാക്കി. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഒന്നിലേറെ വീടുള്ളവരും ഒന്നുപോലും ഇല്ലാത്തവരുമെന്ന നിലയിലേക്ക് വികസിച്ചു. നഗരമേഖലകളില്‍ ഭൂമിവില കുത്തനെ കൂടി. അതോടെ പാവപ്പെട്ടവര്‍ നഗരപ്രാന്തങ്ങളിലേക്ക് ഒതുക്കപ്പെടുന്ന സ്ഥിതിയുമായി.
നിശ്ശബ്ദ പ്രയാണം
ഉരുളിനെ പേടിച്ച് പടിഞ്ഞാറോട്ടും വെള്ളക്കെട്ടിനെ ഭയന്ന് കിഴക്കോട്ടുമുള്ള ഒരു നിശ്ശബ്ദപ്രയാണം ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലിപ്പോള്‍ പ്രകടമാണ്. ഇടനാട്ടില് ചെറിയ പ്ലോട്ടുകള്‍ വാങ്ങി വീടുവെക്കാന്‍ കുട്ടനാട്ടില്‍നിന്നും ഹൈറേഞ്ചില്‍നിന്നും ഒരുപോലെ ആളുകളെത്തുന്നു. അവരൊക്കെ ഒഴിഞ്ഞുപോരുന്ന വീടുകളും പാര്പ്പില്ലാത്തവയുടെ ഗണത്തിലേക്ക് ചേരുന്നു.
വിളര്‍ച്ചയുടെ വെള്ളിരേഖകള്‍
നിര്‍മാണമേഖലയുടെ വളര്‍ച്ചയെ വികസനത്തിന്റെ അളവുകോലായി സര്‍ക്കാരും സമൂഹവും കാണുമ്പോള്‍ നാടിന് പരിക്കേല്‍പ്പിക്കാത്ത വികസനമെന്ന സങ്കല്പം വിളറുകയാണ്.
ഭവനവായ്പയെടുത്തവര്‍ക്ക് കിട്ടുന്ന നികുതിയിളവ്, ദരിദ്രരുടെ ഭവനപദ്ധതികള്ക്കുകിട്ടുന്ന സബ്സിഡിയെക്കാള്‍ കൂടുതലാണെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ചൂണ്ടിക്കാണിക്കുന്നു. 2016-ല്‍ കേരളത്തില്‍ വിതരണംചെയ്ത ഭവനവായ്പ 33,728 കോടി രൂപയായിരുന്നു. 2017-ല്‍ അത് 37,644 കോടിയായി. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കാണിത്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ നല്കിയ വായ്പ ഇതില്പ്പെടില്ല. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തുള്ള മൂലധനനിക്ഷേപമെല്ലാം നിര്മാണമേഖലയിലൊതുങ്ങുകയും ആവശ്യമുള്ളതിലേറെ വീടുകളുണ്ടാവുകയും അതിനാല്‍ത്തന്നെ അവയുടെ വിപണിമൂല്യം ഇടിയുകയുംചെയ്യുന്ന സ്ഥിതി ഭാവിയില്‍ വായ്പ നല്കിയ ധനകാര്യസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ മുമ്പേ നല്‍കിയിരുന്നു.
(അവസാനിച്ചു)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..