Photo: instagram.com|bootleggerbungalow
ന്യൂയോര്‍ക്കിലെ ഈ കുടുംബം നൂറ് വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാനാണ് അതിന്റെ ഭിത്തികള്‍ പൊളിച്ചത്. പൊളിച്ച ഭിത്തിക്കുള്ളില്‍ നിന്ന് കിട്ടിയത് ഒളിച്ചു വച്ച 66 വിസ്‌കി ബോട്ടിലുകളാണെന്ന് മാത്രം. അതും ഫുള്‍ബോട്ടിലുകള്‍ തന്നെ.
നിക്ക് ഡ്രമണ്ടും പാട്രിക്ക് ബേക്കറും 2019 ലാണ് ഈ വീട്ടില്‍ താമസം തുടങ്ങിയത്. കുപ്രസിദ്ധനായ ഒരു കള്ളക്കടത്തുകാരന്റേതായിരുന്നു ഈ വീട് എന്നായിരുന്നു വീടിനെ പറ്റി ഇവര്‍കേട്ട കഥ. അയാളുടെ മരണ ശേഷം ഈ വീട് പലര്‍ക്കും കൈമറിഞ്ഞാണ് നിക്കിനും പാട്രിക്കിനും ലഭിച്ചത്.
വിസ്‌കി ലഭിച്ച വിവരം നിക്കാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ' ഞങ്ങള്‍ ചുമരിലെ പലകകള്‍ ഇളക്കി മാറ്റുമ്പോഴാണ് ഒരു പൊതി താഴെ വീണത്. തുറന്നു നോക്കിയപ്പോള്‍ വിസ്‌കി കണ്ട് അത്ഭുതപ്പെട്ടു. പ്രത്യേകം വൈക്കോല്‍കൊണ്ട് തയ്യാറാക്കിയ ഒരു കൂടിലായിരുന്നു ഓരോ കുപ്പിയും' നിക്ക് കുറിക്കുന്നു. ഭിത്തിയില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തുന്നതിന്റെ വീഡിയോയും നിക്ക് പങ്കുവച്ചിട്ടുണ്ട്. 66 മദ്യകുപ്പികളും 1915 ല്‍ നിര്‍മിച്ചവയാണ്.
'ഞങ്ങളുടെ ഭിത്തികള്‍ മദ്യകുപ്പി കൊണ്ട് നിര്‍മിച്ചത് തന്നെ.. ഈ വീടിന്റെ ഉടമ ഒരു കള്ളക്കടത്തു കാരനെന്ന കഥ അപ്പോള്‍ സത്യം തന്നെ. ഞാന്‍ കരുതിയത് ഒരു കെട്ടുകഥയാണെന്നാണ്. പക്ഷേ കഥ സത്യമാണ്, ഇതൊരു കള്ളക്കടത്തുകാരന്റെ വീടാണ്.' നിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
13 കുപ്പികളില്‍ നിറയെ മദ്യമുണ്ടെന്നും ബാക്കി കുപ്പികളില്‍ പകുതി മാത്രമാണ് ഉള്ളതെന്നും നിക്ക്. കാലങ്ങള്‍ കൊണ്ട് ബാഷ്പീകരിച്ചു പോയതാവാം എന്നാണ് ഇയാളുടെ അഭിപ്രായം. ഈ വീടിന്റെ വിശേഷങ്ങള്‍ പറയാന്‍ bootleggerbungalow എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇരുവരും തുടങ്ങിയിട്ടുണ്ട്.
Content Highlights: US couple finds 66 bottles of whiskey hidden in their 100-year-old home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..