കണ്ടാല്‍ മഞ്ഞില്‍ പണിയുന്ന ഇഗ്ലുവീടിന് പെയിന്റ് നല്‍കിയ പോലെ, അതിലും കലപാപരമായി മാനും മരങ്ങളും വരച്ച ഒരു വീട്. വില രണ്ടേകാല്‍ മില്യണ്‍ ഡോളര്‍ (16,52,11,312.50 രൂപ). ഞെട്ടേണ്ട. ടെക്‌സാസിലാണ് ഈ വീട്. മുകളില്‍ കാണുന്ന ഭാഗം മാത്രമല്ല, മണ്ണിനടിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ 3000 സ്‌ക്വയര്‍ ഫീറ്റ് വീടുണ്ട്. ലിവിങ് റൂം, മൂന്ന് ബെഡ്‌റൂം, രണ്ട് ബാത്ത് റൂം. പിന്നെ അടുക്കള എല്ലാമായി മറ്റ് മൂന്ന് മുറികളും.
ടെറി അലക്‌സണ്ടര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് തന്റെ വെബ്‌സൈറ്റായ റീടെയ്‌ലര്‍ ഡോട്ട് കോമില്‍ ഈ വീടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. അതോടെ സോഷ്യല്‍ മീഡിയയിലും വീടിന്റെ ചിത്രങ്ങള്‍ വൈറലായി.
മണ്ണിനടിയിലാണെങ്കിലും പ്രകൃതിദത്തമായി വെളിച്ചവും വായുവും ധാരാളം കിട്ടുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം. വീടിനുള്ളിലേക്ക് കടക്കാന്‍ ഒരു വലിയ ടണല്‍ പോലുള്ള വഴിയാണ് ഉള്ളത്. ഇതിന്റെ ഭിത്തികളില്‍ ഇഷ്ടിക പോലെ തോന്നുന്ന രീതിയില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഉള്ളിലെത്തിയാല്‍ നിറങ്ങളുടെ ഒരു വിസ്മയ ലോകമാണ്. കടല്‍, ആകാശം, പൂന്തോട്ടം എന്നിങ്ങനെ ചിത്രങ്ങളുടെ വിസ്മയ ലോകം. വീടിനുള്ളിലെ നിറങ്ങള്‍ക്കനുസരിച്ച് ഇന്റീരിയറും സെറ്റ് ചെയ്തിട്ടുണ്ട്.
വീട് മാത്രമായല്ല വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. വീടിരിക്കുന്ന 40 ഏക്കര്‍ സ്ഥലമടക്കമാണ് വാങ്ങാനുവുക. ഒരു ഗാരേജ്, വലിയൊരു കുളം, വര്‍ക് ഷോപ്പ് എന്നിവയും വീടിന്റെ ഭാഗമായുണ്ട്.
വീട് ഒരു മലയുടെ മുകള്‍ തട്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കൊടുംങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവയില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടികൂടിയാണ് ഇത്തരത്തില്‍ വീടു പണിതിരിക്കുന്നത്.
ബ്രൈറ്റ് കളറുകളോട് താല്‍പര്യമില്ലാത്തവര്‍ക്ക് അത് റീഡിസൈന്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം. വീട് മണ്ണിനടിയിലാണെങ്കിലും ഓരോ മുറിയ്ക്കും കുറഞ്ഞത് 25 അടി ഉയരം നല്‍കിയാണ് പണിതിരിക്കുന്നത്. ക്ലസ്‌ട്രോഫോബിക്കായ (അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളോട് ഭയം തോന്നുന്ന മാനസികാവസ്ഥയുള്ളവര്‍) ആളുകള്‍ക്കും ഈ വീട് അനുയോജ്യമാകും എന്ന് ചുരുക്കം.
വീടിനരികിലെ കിണറ്റില്‍ നിന്നുള്ള വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. രണ്ട് ആഴ്ച വൈദ്യുതി നല്‍കാന്‍ കഴിയുന്ന ജനറേറ്റര്‍ സംവിധാനവുണ്ട് ഈ വീട്ടില്‍. വീടിന്റെ ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. കൂള്‍ എന്നാണ് മിക്കവരുടെയും കമന്റ്. ജനലുകളില്ലാത്ത വീട്ടില്‍ എങ്ങനെ ജീവിക്കുമെന്നാണ് ചിലരുടെ ആശങ്ക.
Content Highlights: Underground home on 40 rolling acres but looks like small basket