സീന്‍ 1, ജൂണ്‍ 8, 2020

കോവിഡ് കാലം തീര്‍ത്ത മടുപ്പുകള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും വിടപറയുകയാണ് അനൂപ് സിംഗ്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്?

സീന്‍ 2, ഇന്ന്

കര്‍ക്കിടകപ്പെയ്ത്തില്‍ ചെറുതായി നിറംമാറിയ പുഴയുടെ ഓരത്ത് 15 അടി ഉയരത്തില്‍ തീര്‍ത്ത സ്വകാര്യയിടം. അവിടെ പുഴയിലേക്ക് നോക്കിനില്‍ക്കുകയാണ് അനൂപ് സിംഗ്. സമീപത്ത് കസേരകളും ടീപ്പോയിയും.

Anoop Singh 2

ഇനി കാര്യത്തിലേക്ക്...

പത്ത് വര്‍ഷം മുമ്പാണ് വീടിന്റെ പിന്നിലായി 46 സെന്റ് സ്ഥലം തൃശ്ശൂര്‍ കൊടകരയ്ക്കടുത്ത് മൂലംകുടം സ്വദേശി അനൂപ് സിംഗ് വാങ്ങുന്നത്. നേരത്തെ വീഡിയോഗ്രഫിയും ഫോട്ടോഗ്രഫിയുമൊക്കെയായി കഴിഞ്ഞിരുന്ന അനൂപ് ഇന്ന് സിനിമാ മേഖലയില്‍ തിരക്കുള്ളൊരു ഡ്രോണ്‍ ഓപ്പറേറ്ററാണ്. മാസത്തില്‍ 20 ദിവസത്തോളം ജോലിയുണ്ടാകും. വീട്ടുകാരോടൊത്ത് ചിലവഴിക്കുന്നത് വളരെ കുറച്ചുമാത്രം.

അപ്പോഴാണ് ലോക്ഡൗണ്‍ വരുന്നത്. സിനിമാ ചിത്രീകരണമെല്ലാം നിര്‍ത്തിവെച്ചു. അങ്ങനെയിരിക്കേയാണ് ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ കേരളാ പോലീസ് ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ സഹായം തേടുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയില്‍ ആര്‍. ആദിത്യ. ഐ.പി.എസിന്റെ നേതൃത്വത്തില്‍ നടന്ന അതും കേരളത്തിലെ ആദ്യ ഡ്രോണ്‍ നിരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അനൂപ്‌സിംഗും സംഘവുമായിരുന്നു. അന്നുമുതല്‍ ഇന്നുവരെ പോലീസിനായി സൗജന്യസേവനം നടത്തുന്നുണ്ട് അനൂപ്. പിന്നെ ഇളവുകളൊക്കെ വന്നപ്പോള്‍ ഡ്രോണ്‍ നിരീക്ഷണത്തിന്റെ ആവശ്യമില്ലാതായി. സിനിമയും ഇല്ലാതായതോടെ വീട്ടിലിരിക്കേണ്ടിയും വന്നു.

Anoop Singh 3
അനൂപ് സിംഗ് ഡ്രോണില്‍ പകര്‍ത്തിയ ചിത്രം

നല്ല വായനാശീലമുള്ളയാളാണ് അനൂപ്. എണ്ണൂറോളം പുസ്തകങ്ങളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍. സാഹിത്യമായിരുന്നു തുടക്കം. പക്ഷേ കഥകളും നോവലുകളും മറ്റും മനസില്‍ അനാവശ്യമായി സങ്കടങ്ങളും ആശങ്കകളുമൊക്കെ ഉണ്ടാക്കുന്നുവെന്ന തോന്നല്‍ വന്നതോടെ പതുക്കെ സോണര്‍ ഒന്നു മാറ്റിപ്പിടിച്ചു. ഇപ്പോള്‍ ലോകപ്രശസ്തമായ മോട്ടിവേഷണല്‍ പുസ്തകങ്ങളാണ് അനൂപ് സിംഗിന്റെ കൂട്ട്.

ഒരു പരിധിവിട്ട് വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് വീടിന് പിന്നിലെ സ്ഥലത്ത് വ്യത്യസ്തമായി ഒരിടം പടുത്തുയര്‍ക്കുക എന്ന ആശയം വരുന്നത്. സിംഗ്‌സ്‌ ട്രിവര്‍ ഹട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ നിർമിതി പുഴയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നിലത്തുനിന്നും 15 അടി ഉയരമുണ്ട് കുടിലിന്. നൂറ് ചതുരശ്ര അടിയാണ് വിസ്തീര്‍ണം. മുകളിലേക്ക് കയറാന്‍ ഗോവണിയുണ്ട്. ഇരുന്ന് വായിക്കാന്‍ ഇങ്ങനെയൊരിടം ധാരാളം. ഇനി വായിക്കാന്‍ താത്പര്യമില്ലെങ്കില്‍ പുഴയും ചുറ്റുപാടുമെല്ലാം ആസ്വദിച്ച് വെറുതേ ഇരിക്കുകയുമാവാം. അതുമല്ലെങ്കില്‍ താഴെ പുഴയില്‍ ചൂണ്ടയിടാന്‍ വരുന്നവരോട് അല്‍പ്പം കുശലവുമാവാം. വൈകുന്നേരങ്ങളിലാകട്ടെ സൂര്യാസ്തമയവും കാണാം.

Anoop Singh 3

തൊടിയില്‍ തെങ്ങ്, ജാതി, കമുക്, വാഴ, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയവ കൃഷി ചെയ്തിട്ടുമുണ്ട്. പത്ത് വര്‍ഷം മുമ്പ് വാങ്ങിയ 46 സെന്റില്‍ മൂന്ന് സെന്റ് സര്‍ക്കാരിന് സൗജന്യമായി വിട്ടുകൊടുത്തിരിക്കുകയാണ് ഇദ്ദേഹം. ഇവിടെയാണിപ്പോള്‍ നാട്ടിലെ എണ്‍പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന മൂലംകുടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി സ്ഥിതി ചെയ്യുന്നത്. 

ഇരുമ്പുകമ്പികളാണ് ട്രീ ഹട്ടിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പികള്‍ വിളക്കിച്ചേര്‍ത്ത് അതിന് മുകളില്‍ മുളങ്കമ്പുകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ മുളയും കയറും മാത്രം ഉപയോഗിച്ച് തീര്‍ത്ത കുടിലെന്നേ ആരും പറയൂ. കയര്‍ പിരിക്കുന്ന സ്ഥലത്തുപോയി ആവശ്യമുള്ള വണ്ണത്തില്‍ പിരിച്ച് വാങ്ങിക്കുകയായിരുന്നു. മുളകള്‍ മക്കളോടൊത്ത് അനൂപ് തന്നെയാണ് വെട്ടിയത്. നാലടിയോളം കോണ്‍ക്രീറ്റിലേക്ക് താഴ്ത്തിയാണ് ട്രിവര്‍ ഹട്ടിന്റെ കാലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വരത്തന്‍ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിചയപ്പെട്ട രമേഷ് ആണ് കുടിലിലെ കയര്‍ ജോലികള്‍ ചെയ്തത്.

Anoop Singh 4

ഈ പറഞ്ഞതിന് നേരെ എതിര്‍വശത്തായി മറ്റൊരു പറമ്പുകൂടിയുണ്ട്. രണ്ടിന്റേയും മധ്യത്തിലൂടെ ഒരു തോടൊഴുകുന്നുണ്ട്. തൊടികളെ രണ്ടിനേയും ബന്ധിപ്പിക്കുന്നത് 22 അടി നീളവും അഞ്ചടി വീതിയുമുള്ള ഒരു നീണ്ട കോണ്‍ക്രീറ്റ് സ്ലാബും. ഈ സ്ലാബിനെ ഒന്നു കൂടി മിനുക്കിയെടുത്ത് ഒറ്റനോട്ടത്തില്‍ തൂക്കുപാലമെന്ന് തോന്നിക്കുന്ന നിര്‍മിതിയാക്കിയെടുത്തു അനൂപ് സിംഗ്. സ്ലാബിന്റെ രണ്ടറ്റത്തും മുളങ്കാലുകള്‍ നാട്ടി അവയില്‍ കയര്‍ ചുറ്റിയായിരുന്നു തൂക്കുപാലത്തിന്റെ 'എഫക്റ്റ്' സൃഷ്ടിച്ചത്. രണ്ട് ഭാഗത്തുമുള്ള കയര്‍ കൈവരികളുടെ സമീപം പൂക്കളുണ്ടാവുന്ന വള്ളിച്ചെടികള്‍ നട്ട് പടരാന്‍ വിട്ടിരിക്കുകയാണ്.

Anoop Singh 5

2014-ല്‍ ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിംഗ് സിനിമയിലെത്തുന്നത്. പിന്നെ പുണ്യാളന്‍ രണ്ടാം ഭാഗം, ഞാന്‍ മേരിക്കുട്ടി, അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ്, അഞ്ചാം പാതിര, തൃശ്ശൂര്‍ പൂരം, തമിഴ് ചിത്രം തമ്പി തുടങ്ങിയവയില്‍ അനൂപ് സിംഗിന്റെ കയ്യൊപ്പ് പതിഞ്ഞു. സൂഫിയും സുജാതയുമാണ് ഒടുവില്‍ ഇറങ്ങിയത്. ഫഹദിന്റെ മാലിക്, ദുല്‍ഖറിന്റെ കുറുപ്പ്, നിവിന്‍ പോളിയുടെ തുറമുഖം, ജയസൂര്യയുടെ വെള്ളം, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ എന്നിവ ഇറങ്ങാനിരിക്കുന്നു.

Anoop Singh 6

പേരിനൊപ്പമുള്ള 'സിംഗ്'

അനൂപിന്റെ അച്ഛന്റെ പേര് കുമാരന്‍ എന്നായിരുന്നു. പക്ഷേ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത് കുമാര്‍ സിംഗെന്നായിരുന്നുവത്രേ. അതിനേക്കുറിച്ച് വ്യക്തമായി ഒരോര്‍മയില്ല. അച്ഛന്റെ സഹോദരിയുടെ മകനായിരുന്നു കുടുംബത്തില്‍ ഔദ്യോഗികമായി പേരിനൊപ്പം സിംഗെന്ന് ചേര്‍ത്തയാള്‍. പേര് രഞ്ജിത് സിംഗ്. പിന്നെയാണ് അനൂപ് ജനിക്കുന്നത്. അന്നിട്ടപേര് അരബിന്ദ് സിംഗ് എന്നായിരുന്നു. പക്ഷേ ഒന്നാംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ചെറിയ പിശക് പറ്റി അനൂപ് എന്നായി. ആ പേര് പിന്നെ തുടരുകയായിരുന്നു. ജാതകത്തില്‍ ഇപ്പോഴും അരബിന്ദ് സിംഗ് എന്നാണുള്ളത്. ''ഇപ്പോള്‍ 48 വയസായി. ഇത്രയും പ്രായമായിട്ടും അനൂപിന്റെ വീട് എന്ന് പറയുന്നതിനേക്കാള്‍ സിംഗിന്റെ വീടെന്ന് പറഞ്ഞാലാണ് നാട്ടുകാര്‍ അറിയുക'' എന്ന് അദ്ദേഹം പറയുന്നു. പഞ്ചാബില്‍ പോയിട്ടുപോലുമില്ലെന്നും അനൂപ് സിംഗ് പറയുന്നു.

Anoop Singh 7

സുമയാണ് അനൂപ് സിംഗിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാളായ ഗൗതം സിംഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജിയോളജിക്ക് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ജ്യോതിര്‍നാഥ് സിംഗ് പത്താതരം കഴിഞ്ഞു. 

Content Highlights: Triver Hut, Kodakara, Anoop Singh, Drone Operator, Tree House Kerala