ഇവിടെ വീടൊന്ന് അടുക്കള മൂന്ന്; ഇഷ്ടങ്ങൾക്കനുസരിച്ച് പാചകം ചെയ്യാൻ ട്രെൻഡി അടുക്കളകൾ റെഡി


ടി. സൗമ്യ

വീട്ടിലെത്തുന്നവര്‍ ആദ്യം കാണുന്നത് മോഡുലാര്‍ കിച്ചണ്‍ ആണ്.

ഷമീനാസിലെ അടുക്കളകളിലൊന്നിൽ ഷമീന ഫായീസ് (Photo: Latheesh Poovathur)

ആസ്വദിച്ച് ചെയ്യുന്നവര്‍ക്ക് പാചകം ഒരു കലയാണ്. അതിനോട് ഒരിഷ്ടം വേണം, ഇഷ്ടമുള്ള ഒരിടം വേണം. ചിലപ്പോള്‍ മഴയാസ്വദിച്ച് പാചകം ചെയ്യാന്‍, മറ്റുചിലപ്പോള്‍ വീട്ടിലെത്തിയ അതിഥികളും തിരക്കുമൊന്നുമില്ലാതെ ഒറ്റയ്ക്ക് ആസ്വദിക്കണം. ഒരേ അടുക്കളയെന്ന മടുപ്പ് ഉണ്ടാകരുത്. ഈ ചിന്തയിലാണ് പാചകപ്രേമിയായ ഷമീന ഫായിസ് വീട്ടിലെ അടുക്കളയൊരുക്കിയത്. കൂത്തുപറമ്പ് ആമ്പിലാട്ടുള്ള 'ഷമീനാസി'ല്‍ മൂന്ന് അടുക്കളയുണ്ട്. മൂന്നും മൂന്നാവശ്യങ്ങള്‍ക്കാണ്.

2017-ല്‍ വീടൊരുക്കുമ്പോള്‍ നാല് അടുക്കളയെന്നതായിരുന്നു മനസ്സില്‍. ഓപ്പണ്‍ കിച്ചണ്‍, മോഡുലാര്‍ കിച്ചണ്‍, വിറകടുപ്പുള്ള അടുക്കള, മറ്റൊന്ന് ആരുടെയും ശല്യമില്ലാതെ ആസ്വദിച്ച് പാചകം ചെയ്യാനൊരിടം അങ്ങനെയായിരുന്നു ആഗ്രഹം. വീടുപണി തീര്‍ന്നപ്പോള്‍ സ്ഥലം ലാഭിക്കാനും വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടും ഓര്‍ത്ത് ഓപ്പണ്‍ കിച്ചണ്‍ എന്നത് മാറ്റി. ആ സ്ഥലം പ്രാര്‍ഥനാ ഏരിയയാക്കി. ഇപ്പോള്‍ മൂന്ന് അടുക്കളയിലാണ് പാചകം.വീട്ടിലെത്തുന്നവര്‍ ആദ്യം കാണുന്നത് മോഡുലാര്‍ കിച്ചണ്‍ ആണ്. അത്യാവശ്യം വേണ്ട ചായ, കാപ്പി, ജ്യൂസ്, ശീതളപാനീയങ്ങള്‍ എന്നിവ മാത്രമാണ് ഇവിടെ തയ്യാറാക്കുന്നത്. അതിനാല്‍ ഗ്യാസ് സെറ്റ് ചെയ്തിട്ടില്ല. പകരം ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പ്, കോഫി കെറ്റില്‍, ഫ്രിഡ്ജ് എന്നിവയാണ് ഇവിടെയുള്ളത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഷെല്‍ഫുകള്‍ക്കുള്ള സ്പേസ് ജനലുകള്‍ക്കായി മാറ്റിവെച്ചതിനാല്‍ ആവശ്യത്തിലധികം വെളിച്ചവും കാറ്റുമുണ്ട്. അടുക്കളയുടെ ഒരുവശത്ത് സ്റ്റോറേജ് സ്ഥലവും അവിടെനിന്ന് പടികളിറങ്ങിയാല്‍ ലോണ്‍ട്രി ഏരിയയുമുണ്ട്. വാഷിങ് മെഷീനും അയേണിങ് ടേബിളും ഇവിടെയാണ്. പാചകത്തിനിടെ അലക്കും ഇസ്തിരിയിടലും നടക്കും. കടുംനീലനിറത്തിലുള്ള ഗ്രാനൈറ്റ് അടുക്കളയെ കളര്‍ഫുള്ളാക്കി.

രണ്ടാമത്തെ അടുക്കള മൂന്നുഭാഗവും ഗ്രില്‍ ഇട്ടതായതിനാല്‍ ആവശ്യത്തിന് വെളിച്ചവും കാറ്റുമുണ്ടാകും. മഴക്കാലത്ത് ഇവിടെനിന്ന് മഴ ആസ്വദിച്ചുള്ള പാചകം വേറെ ലെവലാണെന്നാണ് ഷമീന പറയുന്നത്. ഗ്യാസും വിറകടുപ്പും ഈ അടുക്കളയിലുണ്ട്. അടുപ്പിന് താഴെയായി വിറക് സൂക്ഷിക്കാനുള്ള ഷെല്‍ഫുമുണ്ട്. ഈ അടുക്കളയില്‍നിന്ന് വീടിന് പുറത്തുള്ള ഓപ്പണ്‍ ഏരിയയിലേക്ക് കടക്കാം. ഹാളിനടുത്തുള്ള സിറ്റൗട്ട് വഴി അതിഥികളെയും ഇവിടെയെത്തിക്കാം. ചെറിയ പാര്‍ട്ടിയൊരുക്കാന്‍ ഗ്രില്‍ സെറ്റ് ചെയ്യാനെല്ലാം പറ്റിയ ഇടമാണത്. അടുക്കളവാതില്‍ വഴി ഭക്ഷണം എളുപ്പത്തിലെത്തിക്കാനുമാകും.

മൂന്നാമത്തെ അടുക്കളയാണ് ഷമീനയുടെ ഫേവ്റിറ്റ് ഏരിയ. വാതിലടച്ച് എല്ലാ പാചകപരീക്ഷണങ്ങളും ഇവിടെയാണ്. മറ്റ് രണ്ട് അടുക്കളയെക്കാള്‍ ചെറുതാണെങ്കിലും എല്ലാ സൗകര്യവുമുണ്ട്. ഗ്യാസ്, ഫ്രിഡ്ജ്, ഗ്രൈന്റര്‍ എല്ലാം ഇവിടെയുമുണ്ട്. നിലം മാറ്റ് ഫിനിഷ് വെര്‍ട്ടിഫൈഡ് ടൈല്‍ ആണ്. ബാക്കിവന്ന ടൈല്‍സ് ഉപയോഗിച്ച് കുക്കിങ് ടോപ്പ് മനോഹരമാക്കി. കൂത്തുപറമ്പിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് ഷമീന ഫായിസ്. ഭര്‍ത്താവ് മുഹമ്മദ് ഫായിസിന് വിദേശത്ത് ബിസിനസ് ആണ്. നേഹ ഫായിസ്, ഷവാറ ഫായിസ്, മുഹമ്മദ് സാലിഹ് എന്നിവരാണ് മക്കള്‍.

ചിക്കന്‍ ചീസ് ലോഡഡ് ഫ്രൈസ്

പാല്‍-ഒരുകപ്പ്, വെളുത്തുള്ളി-അഞ്ച് അല്ലി, ബട്ടര്‍-നാല് ടേബിള്‍ സ്പൂണ്‍, കോണ്‍ഫ്ളോര്‍-ഒരു ടീ സ്പൂണ്‍ (ആവശ്യമെങ്കില്‍മാത്രം), മൈദ-ഒരു ടീ സ്പൂണ്‍, ചിക്കന്‍ സ്റ്റോക്ക്-അര ക്യൂബ്, കുരുമുളകുപൊടി-ഒരു ടീ സ്പൂണ്‍, ഉപ്പ്-ആവശ്യത്തിന്, ബോണ്‍ലെസ് ചിക്കന്‍-ഒരു കപ്പ്, ചീസ്-രണ്ട് സ്ലൈസ്, ഫ്രഞ്ച് ഫ്രൈസ്-500 ഗ്രാം, എണ്ണ-നാല് കപ്പ്.

ഓയിലില്‍ ഫ്രഞ്ച് ഫ്രൈസ് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ബട്ടറില്‍ ചിക്കന്‍ ഉപ്പും കുരുമുളകുമിട്ട് വഴറ്റിയെടുക്കുക. മറ്റൊരു പാനില്‍ ബട്ടറും വെളുത്തുള്ളിയുമിട്ട് വഴറ്റി മൈദ ചേര്‍ക്കുക. ഇതിലേക്ക് പാലൊഴിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുമിട്ട് പേസ്റ്റ് പരുവത്തിലുള്ള വൈറ്റ് സോസ് തയ്യാറാക്കണം.

ഫ്രഞ്ച് ഫ്രൈസിന് മുകളിലേക്ക് വൈറ്റ് സോസ് ഒഴിക്കണം. പിന്നീട് നേരത്തെ പാകംചെയ്ത ചിക്കന്‍ നിരത്തി ചീസ് സ്‌ളൈസ് കൂടി വെച്ചാല്‍ ചിക്കന്‍ ചീസ് ലോഡഡ് ഫ്രൈസ് തയ്യാര്‍

Content Highlights: myhome, kerala home designs, veedu, trendy kitchen, a house with three kitchens at kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented