ഓട്ടോവീടിനു സമീപം അരുൺ | Photo: twitter.com/RushmaR
വീട് പണിയുന്നതിൽ വ്യത്യസ്തത പരീക്ഷിക്കുന്നവർ ഏറെയാണ്. ചെറിയ ഇടത്തെയും പരമാവധി ഉപയോഗപ്രദമാക്കിയും ഓപ്പൺ ശൈലിയിൽ നിർമിച്ചുമൊക്കെ വീടുകളിൽ വെറൈറ്റി പുലർത്തുന്നവരുണ്ട്. എന്തിനധികം വാഹനങ്ങൾ പോലും നവീകരിച്ച് വീടുകളാക്കി മാറ്റുന്നതു കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ മറ്റൊരു കിടിലൻ ആശയം കൂടി. ഓട്ടോയ്ക്ക് മുകളിലാണ് ഇവിടെ വീടൊരുക്കിയിരിക്കുന്നത്. ഈ ഓട്ടോവീടിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്.
തമിഴ്നാട് സ്വദേശിയും ആർക്കിടെക്റ്റുമായ അരുൺ പ്രഭു എന്ന യുവാവാണ് ഈ ആശയത്തിനു പിന്നിൽ. ചെറിയ ഇടങ്ങളെ എങ്ങനെ പരമാവധി ഉപയോഗപ്രദമാക്കാം എന്നതിൽ ബോധവത്കരണം ഉയർത്താനാണ് താൻ ഓട്ടോയ്ക്കു മുകളിൽ വീട് പണിയാൻ തീരുമാനിച്ചതെന്ന് അരുൺ പറയുന്നു. പിക്അപ് ഓട്ടോറിക്ഷയുടെ പുറകിലാണ് അരുൺ വീട് കൊട്ടിപ്പൊക്കിയത്. എടുത്തുമാറ്റാവുന്ന വിധത്തിലാണ് വീടിന്റെ നിർമാണം.
ചെറിയ തുണ്ട് ഭൂമിയിൽ വീട് വെക്കുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല. അങ്ങനെ അവരിൽ ഉള്ളസ്ഥലം വിട്ട് വാടകവീടുകളിലേക്ക് മാറുന്നു. അത്തരക്കാരെ ഉദ്ദേശിച്ചാണ് താനീ വീടു പണിതതെന്ന് അരുൺ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആറടി ഉയരവും വീതിയുമുള്ള അരുണിന്റെ വീട്ടിൽ ഒരു ബെഡ്റൂമും അടുക്കളയും ബാത്ടബ്ബോടുകൂടിയ ടോയ്ലറ്റുമുണ്ട്. വീടിനു മുകളിലായി മനോഹരമായൊരു ടെറസും ഒരുക്കിയിട്ടുണ്ട്.
വൈദ്യുതിക്കു വേണ്ടി സോളാറിനെയാണ് ആശ്രയിക്കുന്നത്. വായുവും വെളിച്ചവും ധാരാളം കടക്കാനായി ആവോളം ജനലുകളും വീട്ടിൽ നൽകിയിട്ടുണ്ട്. ഏതാനും നട്ടുകളും ബോട്ടുകളും നീക്കിയാൽ വീടിന്റെ ഭാഗങ്ങൾ മുഴുവനായും അഴിച്ചെടുക്കാം. ഇന്ത്യയിലെ ജനസംഖ്യ കൂടുതലായതിനാൽ ചുരുങ്ങിയ ഇടത്തിൽ കോംപാക്റ്റ് വീടുകൾ ഡിസൈൻ ചെയ്യേണ്ടതുണ്ടെന്ന് പറയുകയാണ് അരുൺ. ഇതിലൂടെ ധാരാളം ചേരികളെ മാറ്റിമറിക്കാമെന്നും അരുൺ പറയുന്നു.
പൊളിച്ചുനീക്കിയ വീടുകളുടെയും ബസുകളുടെയുമൊക്കെ പുറംചട്ടകൾ കൊണ്ടാണ് വീട് കെട്ടിയിരിക്കുന്നത്. ഒരുലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി അരുണിന് ചിലവായത്. അരുണിന്റെ ആശയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: TN Guy Builds Stunning House On Top Of An Autorickshaw