'അഞ്ചു ലക്ഷം മതി, പതിനഞ്ചു ലക്ഷത്തിന്റെ മതിപ്പില്‍ മുക്കാല്‍ സെന്റില്‍ മനോഹരമായ ഇരുനിലവീട് പണിയാം'


വി.പി.ശ്രീലൻ

അഞ്ചുവര്‍ഷം കൊണ്ടാണ് ഔവര്‍ ലേഡീസ് സ്‌കൂളിന്റെ കൂട്ടായ്മയില്‍ നൂറ് വീടുകള്‍ ഒരുങ്ങിയത്. അതായത്, 60 മാസം കൊണ്ട് നൂറ് വീടുകള്‍ പൂര്‍ത്തിയായി. പക്ഷേ, ഒരു വീട് നിര്‍മിക്കാന്‍ നാലുമാസം മതിയെന്നാണ് ഔവര്‍ ലേഡീസുകാരുടെ പക്ഷം.

ഞ്ചുവര്‍ഷം മുമ്പാണ് സംഭവം... എറണാകുളം തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കാലം... സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ക്ലാരയുടെ അച്ഛന്‍ മരിച്ചു. വിവരമറിഞ്ഞ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ ആ വീട്ടിലെത്തി. സിസ്റ്ററുടെ ക്ലാസില്‍ പഠിക്കുകയായിരുന്ന ആ കുട്ടിയുടെ വീട് കണ്ട് അവര്‍ ഞെട്ടി. തകര്‍ന്നുതുടങ്ങിയ, അടച്ചുറപ്പില്ലാത്ത ഒരു കുടിലായിരുന്നു അത്. അച്ഛന്‍ മരിച്ചതോടെ തകര്‍ന്നുപോയ ആ കുട്ടിയുടെ കരച്ചില്‍ സിസ്റ്ററുടെ മനസ്സിനെ അസ്വസ്ഥമാക്കി. ആ കുട്ടിക്ക് ആദ്യം വേണ്ടത് ഒരു വീടാണെന്ന് സിസ്റ്റര്‍ ഉറപ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് പിറ്റേന്ന് അവരുടെ കുടില്‍ പൊളിച്ചുനീക്കി, അവിടെ സിസ്റ്റര്‍ ഒരു കല്ലിട്ടു.

സ്‌കൂളിന്റെ ജൂബിലിയാഘോഷം വേണ്ടെന്നു വച്ചു... കുട്ടികളും അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും എല്ലാം കൈകോര്‍ത്തു... ആ കൂട്ടായ്മയില്‍ അവിടെ ഒരു വീട് ഉയര്‍ന്നുവന്നു... ക്ലാരയ്ക്കും അമ്മയ്ക്കും താമസിക്കാനുള്ള വീട്. സിസ്റ്റര്‍ ലിസിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ അധ്യാപിക ലില്ലി പോളും സിസ്റ്ററുടെ സഹായത്തിനുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു... സമൂഹത്തിലേക്ക് പുതിയൊരു സന്ദേശം നല്‍കുന്ന തുടക്കം.

വീടാണ് സ്വാതന്ത്ര്യം

സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവരോട് സിസ്റ്റര്‍ ലിസി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: 'ഒരു പെണ്‍കുട്ടിക്ക് അത്യാവശ്യം വേണ്ടത് സ്വകാര്യതയാണ്. അതിനവള്‍ക്ക് ഒരു വീട് വേണം. അവിടെയാണ് അവളുടെ സ്വാതന്ത്ര്യത്തിന്റെ തുടക്കം. അവള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍ ഒന്ന് തലചായ്ക്കാന്‍... ആരുടെയും കണ്ണില്‍പ്പെടാതെ അവള്‍ക്ക് ഉടുപ്പ് മാറ്റാന്‍... അവള്‍ക്ക് സ്വസ്ഥമായിരുന്ന് പഠിക്കാന്‍... ഇതിനൊരു സൗകര്യം കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യമാണ് അവള്‍ക്ക്...?' ഇത് പറയുക മാത്രമല്ല സിസ്റ്റര്‍ ചെയ്തത്... അഞ്ചുവര്‍ഷത്തിനിടയില്‍ നൂറുവീട് അവര്‍ പണിതു. എല്ലാം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കും വിധവകള്‍ക്കും പ്രായമായ അമ്മമാര്‍ക്കും വേണ്ടിത്തന്നെ. സിസ്റ്ററുടെ ഓരോ ചുവടുവയ്പിലും നിഴല്‍പോലെ ലില്ലി പോളും ഉണ്ടായിരുന്നു.

അഞ്ച് വര്‍ഷം, നൂറ് വീടുകള്‍

വീടിനെക്കുറിച്ച് വലിയ സ്വപ്നങ്ങളാണ് മലയാളിക്ക്. പലപ്പോഴും അത് നടക്കാതെ പോകും. സ്വപ്നങ്ങളിലെ വീടിനായി മലയാളി എന്തും ചെയ്യും. കടം എത്ര വേണമെങ്കിലും വാങ്ങും. വീടുമായി ബന്ധപ്പെട്ട സിസ്റ്ററുടെ സ്വപ്നവും ഏതാണ്ട് അതുപോലെതന്നെ. പക്ഷേ, സിസ്റ്റര്‍ സ്വപ്നംകാണുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നു മാത്രം.

വീടിന് നല്ല ഉറപ്പ് വേണം, അതിന്റെ നിര്‍മാണത്തിന് ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിക്കണം, നല്ല ടൈല് വേണം, നല്ല പെയിന്റ് വേണം... പാവപ്പെട്ടവന് വേണ്ടി വീടുവയ്ക്കുമ്പോള്‍ ഒന്നിനും ഒരു കുറവും പാടില്ലെന്ന് സിസ്റ്റര്‍ക്ക് നിര്‍ബന്ധം.

സിസ്റ്റര്‍ മുന്നില്‍ നിന്നാല്‍ വീടിനാവശ്യമായ എന്തു സാധനവും കൊടുക്കാന്‍ കച്ചവടക്കാര്‍ തയ്യാറാണ്. സിസ്റ്റര്‍ പറഞ്ഞാല്‍ നിര്‍മാണവസ്തുക്കള്‍ പറയുന്ന സ്ഥലത്തെത്തും. അതൊക്കെ അര്‍ഹിക്കുന്നവര്‍ക്കുള്ളതാണെന്ന് കച്ചവടക്കാര്‍ക്കറിയാം. 'ഈ നാട്ടിലെ കച്ചവടക്കാരും ബിസിനസുകാരും കുട്ടികളോടൊപ്പം ചേരുന്നതുകൊണ്ടാണ് പാവങ്ങള്‍ക്കായി വീടുകള്‍ വയ്ക്കാന്‍ കഴിയുന്നത്' -സിസ്റ്റര്‍ ലിസി പറയുന്നു.

വീടുനിര്‍മാണത്തിനായി ഒരുപാടുപേര്‍ സഹായിക്കുന്നതായി സിസ്റ്റര്‍ ലിസിയും അധ്യാപിക ലില്ലി പോളും പറഞ്ഞു. രണ്ടുപേരും ചേര്‍ന്നാണ് ആളുകളെ സമീപിക്കുന്നത്. പാവങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ള നിരവധിപേര്‍ ഈ സമൂഹത്തിലുണ്ടെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. 'ഉദാരമതികളുടെ കാരുണ്യവും സര്‍ക്കാര്‍ പദ്ധതികളിലെ ധനസഹായവും കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംഭാവനയുമൊക്കെ ചേര്‍ത്തുവച്ചാണ് ഓരോ വീടും പൂര്‍ത്തിയാക്കുന്നത്'.

മുക്കാല്‍ സെന്റിലെ കൊട്ടാരങ്ങള്‍

കൊച്ചി പോലുള്ള സ്ഥലത്ത് ഏറ്റവും വലിയ പ്രശ്‌നം ഭൂമിയുടെ ലഭ്യതയാണ്. ഭൂമിയില്ലാതെ എങ്ങനെ വീട് നിര്‍മിക്കും...? രണ്ടുസെന്റ് ഭൂമിയെങ്കിലും ഇല്ലാത്തവര്‍ക്ക് വായ്പപോലും കിട്ടില്ല. സര്‍ക്കാരിന്റെ സഹായവും പലപ്പോഴും നിഷേധിക്കപ്പെടും. ഇവിടെയാണ് സിസ്റ്ററുടെ ഇടപെടല്‍.

മുക്കാല്‍ സെന്റ് ഭൂമിയുള്ളവര്‍ക്കും നല്ല വീട് വയ്ക്കാമെന്ന് സിസ്റ്റര്‍ നമുക്ക് കാണിച്ചുതരുന്നു. ഇരുനിലയായി 500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മുക്കാല്‍ സെന്റിലെ വീടുനിര്‍മാണം.

ഇതുവരെ 100 വീടുകളാണ് തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചത്. ഇതില്‍ 30 ശതമാനവും ഒന്നര സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. ചെറിയ സ്ഥലത്ത് നല്ല വീടുകള്‍ ഡിസൈന്‍ ചെയ്യുന്ന ചില ആര്‍ക്കിടെക്ടുകള്‍ സഹായിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെയാണ് അവരും പ്രവര്‍ത്തിക്കുന്നത്.

അഞ്ച് ലക്ഷത്തിന്റെ മാജിക്

500-600 ചതുരശ്രയടി വിസ്തൃതിയില്‍ നല്ല ഭംഗിയുള്ള വീട് നിര്‍മിക്കാന്‍ വെറും അഞ്ചുലക്ഷം രൂപ മതിയെന്ന് സിസ്റ്റര്‍ ലിസി പറയുന്നു. അഞ്ചുലക്ഷം രൂപ മാത്രമേ മുടക്കുന്നുള്ളൂവെങ്കിലും അതിന് 15 ലക്ഷം രൂപ വിലമതിക്കും. നാട്ടിലെ പൊതുപ്രവര്‍ത്തകരും കച്ചവടക്കാരും നാട്ടുകാരുമൊക്കെ സഹായിക്കുന്നതുകൊണ്ടാണ് അത് സാധ്യമാകുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.

'മൊത്തവ്യാപാരികള്‍ അവരുടെ ലാഭം കിഴിച്ചാണ് നിര്‍മാണവസ്തുക്കള്‍ നല്‍കുന്നത്. അതുകൊണ്ട് നല്ല വിലക്കുറവില്‍ ഗുണനിലവാരമുള്ള വസ്തുക്കള്‍ കിട്ടും. പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായമാണിതെന്ന് പറഞ്ഞാല്‍ പലരും അവരുടെ സംഭാവന എന്ന നിലയില്‍ നിര്‍മാണവസ്തുക്കള്‍ സൗജന്യമായും നല്‍കും. ചില കടക്കാര്‍ വീട് വൈദ്യുതീകരണത്തിനും പെയിന്റിങ്ങിനുമുള്ള സാധനങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്' -സിസ്റ്റര്‍ പറയുന്നു.

'സിമന്റ് സൗജന്യമായി നല്‍കുന്നവരുമുണ്ട്. നിര്‍മാണ ജോലികള്‍ കൂലിവാങ്ങാതെ ചെയ്യുന്ന നിരവധി ചെറുപ്പക്കാരുണ്ട്. ഇവരുടെയൊക്കെ സേവനം കൂടി കണക്കാക്കുമ്പോഴാണ് വീട് നിര്‍മാണത്തിന് ചെലവ് കുറയുന്നത്. യഥാര്‍ഥത്തില്‍ എല്ലാവരും സഹകരിക്കുന്നതിനാലാണ് ചെലവ് കുറയുന്നത്.'

പക്ഷേ, പാവപ്പെട്ടവര്‍ക്കായി സിസ്റ്റര്‍ രൂപപ്പെടുത്തുന്ന വീട് കണ്ടാല്‍, അതൊരു വഴിപാടാണെന്ന് ആരും പറയില്ല. അത് പലപ്പോഴും മനോഹരമായ സൗധങ്ങളായി മാറും.

'തട്ടിക്കൂട്ട് പരിപാടികള്‍ എനിക്ക് പറ്റില്ല. പാവങ്ങളാണെന്ന് കരുതി അവര്‍ക്ക് നല്ല സൗകര്യങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല. അവര്‍ക്ക് അത് ബുദ്ധിമുട്ടാകും. അങ്ങനെയായാല്‍ ഈ വീടുകൊണ്ട് എന്തു പ്രയോജനം...?' -ഇതാണ് സിസ്റ്ററുടെ പക്ഷം. ചെറുതാണെങ്കിലും നല്ല വീട് വേണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവരില്ല.

വീട് നിര്‍മിക്കാന്‍ നാലുമാസം മതി

അഞ്ചുവര്‍ഷം കൊണ്ടാണ് ഔവര്‍ ലേഡീസ് സ്‌കൂളിന്റെ കൂട്ടായ്മയില്‍ നൂറ് വീടുകള്‍ ഒരുങ്ങിയത്. അതായത്, 60 മാസം കൊണ്ട് നൂറ് വീടുകള്‍ പൂര്‍ത്തിയായി. പക്ഷേ, ഒരു വീട് നിര്‍മിക്കാന്‍ നാലുമാസം മതിയെന്നാണ് ഔവര്‍ ലേഡീസുകാരുടെ പക്ഷം.

'ആറുമാസമായാല്‍ വല്ലാത്ത ടെന്‍ഷനാണ്. എങ്ങനെയെങ്കിലും പൂര്‍ത്തിയായാല്‍ മതിയെന്ന് പ്രാര്‍ഥിക്കും. എല്ലാവരുടേയും പ്രാര്‍ഥനയുള്ളതിനാല്‍ വേഗം പൂര്‍ത്തിയാകും' -സിസ്റ്റര്‍ ചിരിക്കുന്നു. 'ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് പലപ്പോഴും തടസ്സമാകുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സഹായവും കൂടി ചേര്‍ത്താണ് പല വീടുകളും നിര്‍മിക്കുന്നത്. സര്‍ക്കാരിന്റെ സഹായം ഒരിക്കലും യഥാസമയത്ത് കിട്ടില്ല. അതും വീട് നിര്‍മാണം വൈകാന്‍ കാരണമാകുന്നുണ്ട്.'

ആഴ്ചയില്‍ ഒരു രൂപ കുട്ടികളുടെ കരുതല്‍

ഔവര്‍ ലേഡീസ് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിയും എല്ലാ ആഴ്ചയിലും ഒരു രൂപ പാവങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന 'ഹൗസ് ചലഞ്ച്' പദ്ധതിയിലേക്ക് നല്‍കുന്നു. കുറേക്കാലമായി സ്‌കൂളില്‍ പിറന്നാള്‍ ആഘോഷമില്ല.

പിറന്നാളുകാര്‍ ആഘോഷത്തിനുള്ള പണം പദ്ധതിയിലേക്കാണ് നല്‍കുന്നത്. 'ഒരു മിഠായിക്കുള്ള പൈസ ഈ വീടുകള്‍ക്കായി ഉപയോഗിക്കാന്‍' പറയുമ്പോള്‍, കുട്ടികളിലേക്ക് മഹത്തായ ഒരു സന്ദേശമാണ് എത്തുന്നത്. കുടുംബങ്ങളില്‍ ഒരു ആഘോഷം വരുമ്പോഴും കുടുംബാംഗങ്ങളുടെ ജന്മദിനം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ വരുമ്പോഴുമൊക്കെ കുട്ടികള്‍ ഒരു സംഖ്യ പദ്ധതിയിലേക്ക് നല്‍കും. വിനോദയാത്രയ്ക്കുള്ള ചെലവുകള്‍ മിച്ചംപിടിച്ചും പദ്ധതിയിലേക്ക് പണം നല്‍കാന്‍ കുട്ടികളും അധ്യാപകരും തയ്യാറാണ്. ഇതോടൊപ്പം, രക്ഷിതാക്കളും അധ്യാപകരുമൊക്കെ 'ഹൗസ് ചലഞ്ച്' പദ്ധതിയിലേക്ക് പണം നല്‍കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പണം ഇപ്പോള്‍ ഒരു പ്രശ്‌നമല്ല. മനസ്സ് സമര്‍പ്പിച്ച് ഇറങ്ങിയാല്‍ എത്ര വീട് വേണമെങ്കിലും വച്ചുകൊടുക്കാമെന്ന് ഇവര്‍ പറയുന്നു.

അന്ധയായ ആ അമ്മഉറങ്ങി, സ്വന്തം വീട്ടില്‍...

കൊച്ചിയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ 'സാന്തോം കോളനി'യിലാണ് ശാന്തമ്മ എന്ന വയോധിക താമസിച്ചിരുന്നത്. അവര്‍ക്ക് കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല. അഴുക്കുചാലിനോട് ചേര്‍ന്നുള്ള കൊച്ചു കുടിലായിരുന്നു അവരുടെ ലോകം. ഭൂമിയോട് ചേര്‍ന്നുള്ള തറയിലാണ് അവര്‍ കിടന്നിരുന്നത്. 'കിടക്കാന്‍ ഒരു വീട് വേണം' അതായിരുന്നു അവരുടെ സ്വപ്നം. കോളനി പുറമ്പോക്ക് ഭൂമിയിലാണ്. ചവര്‍ നിക്ഷേപിച്ചിരുന്ന സ്ഥലമായിരുന്നതിനാല്‍ താഴെ മണ്ണില്ല. അതുകൊണ്ട്, അടിത്തറ നിര്‍മിക്കാനാവില്ല.

ശാന്തമ്മയുടെ കണ്ണീരിന്റെ ചൂട് സിസ്റ്റര്‍ അറിഞ്ഞു. അവര്‍ കോളനിയിലെത്തി. ചവര്‍ നിറഞ്ഞ ഭൂമിയില്‍ കമ്പി തുളച്ച് ഒരു അടിത്തറയുണ്ടാക്കി. അധികം ഭാരമില്ലാത്ത രീതിയില്‍ നല്ല മേല്‍ക്കൂര നിര്‍മിച്ചു. മുറികള്‍ തിരിച്ചു. ഉയര്‍ന്ന തറ പണിത്, അതില്‍ ടൈല്‍ വിരിച്ചു. ശാന്തമ്മ സ്വപ്നം കണ്ടതിലും മനോഹരമായൊരു വീടുണ്ടാക്കി. അവിടെ ശാന്തമ്മ ജീവിച്ചു... ഒടുവില്‍ അവിടെ കിടന്ന് അവര്‍ മരിച്ചു. 'സ്വന്തം വീട്ടില്‍ കിടന്ന് മരിക്കണം' എന്ന അവരുടെ സ്വപ്നം സാധ്യമാകുമ്പോള്‍, സിസ്റ്ററുടെ കണ്ണ് നിറഞ്ഞു.

'അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത മകളുടെ മനസ്സോടെയാണ് ആ മരണവീട്ടില്‍ നിന്നിറങ്ങിയത്' എന്ന് സിസ്റ്റര്‍ പറയുന്നു.

സാന്തോം കോളനിയിലെ ഒറ്റമുറി കുടിലില്‍ തൂങ്ങിനില്‍ക്കുന്ന അച്ഛന്റെ ജഡം കണ്ട് തകര്‍ന്നുപോയ ഒരു പെണ്‍കുട്ടിയുടെ കഥ കൂടി പറയുന്നു ഔവര്‍ലേഡീസിലെ അധ്യാപികമാര്‍. ആകെ ഒരു മുറിയാണുണ്ടായിരുന്നത്. രോഗിയായ അച്ഛന്‍ ഭാര്യയ്ക്കും മകള്‍ക്കും ബാധ്യതയാകാതിരിക്കാനാണ് ആത്മഹത്യ ചെയ്തത്. പക്ഷേ, അത് ആ പാവങ്ങളുടെ ദൂരിതം ഇരട്ടിയാക്കി. അച്ഛന്‍ തൂങ്ങിമരിച്ച ആ മുറിയില്‍ എങ്ങനെ അവര്‍ കഴിയും...? മാത്രമല്ല, ഉടുപ്പുമാറാന്‍ പോലും സ്ഥലമില്ലാതെ അനുഭവിച്ച ദുരിതം ആ പെണ്‍കുട്ടി സിസ്റ്റര്‍ ലിസിയോട് പറഞ്ഞു.

ഇനിയൊരു വീട് നിര്‍മിക്കുന്നത് ആ പെണ്‍കുട്ടിക്കാകണമെന്ന് സിസ്റ്റര്‍ ഉറപ്പിച്ചു. അടിത്തറ നന്നായി ഉയര്‍ത്തി, കൂടുതല്‍ മുറികളോടെ മനോഹരമായ ഒരു വീട് സിസ്റ്ററും കൂട്ടരും ചേര്‍ന്ന് ആ പെണ്‍കുട്ടിക്കായി പണിതുയര്‍ത്തി. അവിടെ ഇപ്പോള്‍ ആ പെണ്‍കുട്ടിയും അമ്മയും താമസിക്കുന്നുണ്ട്. സുരക്ഷിതത്വത്തിന്റെ വഴിയിലേക്ക് അവരുടെ ജീവിതം മാറി. ആ പെണ്‍കുട്ടിക്ക് സ്വസ്ഥമായി ഉടുപ്പുമാറാന്‍ സൗകര്യമുണ്ടായി... ആത്മവിശ്വാസമുണ്ടായി... അവള്‍ക്ക് ചെറിയ ജോലി കിട്ടി... ജീവിതത്തില്‍ നിഷേധിക്കപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയ ആഹ്ലാദമാണവര്‍ക്കിപ്പോള്‍.

'അവളുടെ മുഖം കാണുമ്പോള്‍ എനിക്കത്രമാത്രം സന്തോഷമാണ്. അവളെ സഹായിക്കാന്‍ എന്നെ ദൈവം നിയോഗിച്ചതാവാം. ഇതിനേക്കാള്‍ വലിയ ആഹ്ളാദം മറ്റെന്ത് ചെയ്യുമ്പോഴാണ് കിട്ടുക...?' -സിസ്റ്റര്‍ ലിസി ചോദിക്കുന്നു.

Content Highlights: thoppumpady our lady's convent girls high school has built 100 homes for poor people


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented