നീലിഗിരിക്കുന്നുകളുടെ താഴ്‌വാരങ്ങളിലാണ് തോടരുടെ വീടുകളുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും വൈവിധ്യം നിറഞ്ഞ ഇവരുടെ വീടുകളുടെ പെരുമകള്‍ കടലും കടന്നുപോയി. ഊട്ടിയില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാരാണ് തോടരുടെ വീടിനെയും അത്ഭുതത്തോടെ ഇംഗ്ലണ്ട് അടക്കമുള്ള പശ്ചാത്യരാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പരിചയപ്പെടുത്തിയത്.

ദൂരെ നിന്നും നോക്കിയാല്‍ ഒരു കൂറ്റന്‍ വീപ്പ പാതിമുറിച്ച് കമിഴ്ത്തി വെച്ചതുപോലെയാണ് തോടരുടെ വീടിന്റെ നിര്‍മിതി. ഭൂകമ്പങ്ങളെയും മറ്റും ചെറുക്കാന്‍ ആഫ്രിക്കന്‍ ഗോത്രകുലങ്ങള്‍ പര്‍വത നിരകളില്‍ പടുത്തുയര്‍ത്തിയ വീടുകളോട് സാമ്യം പുലര്‍ത്തുന്നവയാണ് ഇവ. 

കൂണുമുളച്ചതുപോലെ നാലഞ്ച് വീടുകള്‍ അടുത്തടുത്തുള്ള ഓരോ സങ്കേതത്തിലുമാണ് തോടര്‍ താമസിച്ചിരുന്നത്. ആര്‍ച്ച് ശൈലിയില്‍ മേല്‍ക്കൂര നിലത്തേക്ക് കുത്തി കാറ്റിനെയും മഴയെയും തണുപ്പിനെയുമെല്ലാം തോടരുടെ വീടുകള്‍ കാലങ്ങളോളം പ്രതിരോധിച്ചു നിന്നു. ഇന്നുള്ളതിനെക്കാള്‍ പതിന്മടങ്ങ് തണുപ്പും കോടമഞ്ഞുമായിരുന്നു നീലഗിരി താഴ്‌വാരങ്ങളില്‍ അന്നുണ്ടായിരുന്നത്. 

ഇക്കാലത്തും ഈ ഗോത്രവംശര്‍ ഈ കുടിലിനുള്ളില്‍ സുരക്ഷിതരായിരുന്നു. മഠം എന്നാണ് ഇവരുടെ വീടുകള്‍ അറിയപ്പെട്ടിരുന്നത്. ലിപിയില്ലാത്ത ഗോത്ര ഭാഷയില്‍ മഠ് എന്നതിലൊതുങ്ങും ഇവരുടെ ഉച്ചാരണം. 

ഏകദേശം പത്ത് മുതല്‍ പന്ത്രണ്ടടിയോളം ഉയരമുള്ള ഇവരുടെ വീടിന് പതിനെട്ടടിയോളം നീളമുണ്ടായിരിക്കും. 9 അടിവരെ വീതിയുമുണ്ടാകാം. കുടുംബ വലിപ്പം അനുസരിച്ച് ഈ അളവ് ക്രമത്തില്‍ ഏറ്റക്കുറിച്ചിലുമുണ്ടാകാം. കാറ്റും വെളിച്ചവും അകത്തേക്ക് കടക്കാനുള്ള ജനാലകള്‍ തോടകളുടെ വീടിനില്ല. പകരം താമസക്കാര്‍ക്ക് അകത്തേക്ക് നൂഴ്ന്ന് കയറാന്‍ പാകത്തിലുള്ള വളരെ ഇടുങ്ങിയ ഒരുവാതിലാണ് ഉണ്ടാവുക.

അപൂര്‍വ്വം ചിലവീടുകളില്‍ മാത്രം എതിര്‍ഭാഗത്തും ഒരു ചെറിയകവാടമുണ്ടാകും. വന്യമൃഗങ്ങളില്‍ നിന്നും തണുപ്പില്‍ നിന്നുമെല്ലാം രക്ഷനേടാനാണ് ഇത്തരത്തില്‍ ഇവര്‍ വീട് രൂപകല്‍പ്പന ചെയ്തത്. ഇടുങ്ങിയ വാതിലിന് ഇരുഭാഗത്തും ഉറപ്പ് കിട്ടാന്‍ മണ്ണിന്റെ ഭിത്തിയും അടിച്ചുറപ്പിക്കും. മുളകളും മരക്കൊമ്പുകളും ചൂരലും ചേര്‍ത്തുകെട്ടി ഈറ്റകൊണ്ട് മെടഞ്ഞാണ് ഇവര്‍ വീടൊരുക്കുക.

ധാരാളം അലകുകള്‍ ചേര്‍ത്ത് കെട്ടി ആവശ്യത്തിന് ഉറപ്പാകുമ്പോള്‍ അതിന്റെ മുകളില്‍ റാഗിപുല്ലുമേയുന്നതാണ് രീതി. വീടിന്റെ മുന്‍വശം മാത്രം മരപ്പലകള്‍ കൊണ്ടുള്ള നിര്‍മിതിയുണ്ട്. ചിലതിനാകട്ടെ ഇവിടെയും ചൂരല്‍ കൊണ്ട് മെടഞ്ഞ് മണ്ണ് വാരിതേച്ച രീതിയിലായിരിക്കും. വര്‍ഷങ്ങളോളം ഈ വീടുകള്‍ കേടുകൂടാതെ നില്‍ക്കുമെന്നതും പ്രത്യേകതയാണ്. മേഞ്ഞ പുല്ല് മാത്രം മാറ്റുന്നതൊഴിച്ചാല്‍ കാലങ്ങളെ അതിജീവിക്കുന്നതാണ് തോഡരുടെ വീടുകള്‍.  

മുറികളില്ലാത്ത വീട് എന്ന വിശേഷണവും ഇതിന് ചേരും. ഒരു ഹാളുപോലെ ഒറ്റമുറി വീടാണിത്. ഇതിനുള്ളില്‍ ചിലതെല്ലാം അരഭിത്തിപോലെ മുള പരമ്പുകള്‍ കെട്ടി അടുക്കളയും കിടപ്പറയും വേര്‍തിരിക്കുന്നു. മറ്റുള്ളവയില്‍ ഉയര്‍ത്തി മണ്‍തിട്ടയിലാണ് ഇവരുടെ കിടത്തം.

ധാന്യങ്ങളും മറ്റും പൊടിക്കാനുള്ള കല്ലുരളുകളും ഇവരുടെ വീടിനുള്ളിലുണ്ടാകും. അടുപ്പില്‍ നിന്നും ഉയരുന്ന ചൂട് എപ്പോഴും ഇതിനുള്ളില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ പകല്‍പോലും പുറമെ പടരുന്ന മരംകോച്ചുന്ന തണുപ്പില്‍ നിന്നും ഇവര്‍ രക്ഷതേടുന്നു. ഓരോ വീടിനു ചുറ്റും ആവശ്യത്തിന് മുറ്റമുണ്ടാകും. 

ഇതിനു ചുറ്റും മൂന്നടിയോളം ഉയരമുള്ള  കല്‍ഭിത്തിയും ഉണ്ടായിരിക്കും. വന്യമൃഗങ്ങളില്‍ നിന്നും വീടിനുള്ള പരിരക്ഷ കൂടിയാണിത്. വീടുകള്‍ മാത്രമല്ല ഇവരുടെ ക്ഷേത്രങ്ങളുടെയും നിര്‍മാണ രീതിയാണിത്. ക്ഷേത്രങ്ങള്‍ക്ക് മേല്‍ക്കൂര കൂര്‍ത്ത് ആകാശത്തേക്ക് ശിരസ്സുയര്‍ത്തിയ നിലയിലായിരിക്കും.

തട്ടുതട്ടായി പുല്ലുമേഞ്ഞ് മകുടം വരെ ഉയര്‍ന്നുപോകുന്ന ക്ഷേത്രഗോപുരം കാലത്തിന്റെ വിസ്മയം കൂടിയാണ്. മലകളുടെ മുകളിലാണ് പൊതുവായി ക്ഷേത്രങ്ങളുടെ നിര്‍മിതിയും.  ഇങ്ങനെ  ഇന്ത്യയിലെ മറ്റുഗോത്രവിഭാഗങ്ങളില്‍ നിന്നെല്ലാം വീടുനിര്‍മാണ രീതിമുതല്‍ ഒട്ടനവധി വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്നവരാണ് നീലഗിരിയിലെ തോഡര്‍മാര്‍.
  
തോടരുടെ പുരാവൃത്തം

നീലഗിരിയിലെ ഒറ്റപ്പെട്ട കുന്നിന്‍മുകളിലാണ് തോടര്‍ തങ്ങളുടെ കുടുംബ ജീവിതം കെട്ടിപ്പെടുത്തത്. എരുമകളെ വളര്‍ത്തി ഉപജീവനം നടത്തുകയെന്നതാണ് ഇവരുടെ പരമ്പരാഗതമായി കൈമാറ്റം ചെയ്തുവന്ന രീതികള്‍. പാലും ഉത്പന്നങ്ങളും വിറ്റ് ഇവര്‍ ജീവിതം നയിച്ചുപോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഇവരുടെ അംഗസംഖ്യ കുറച്ചുകൂടി വേഗത്തില്‍ വര്‍ദ്ധിച്ചത്.

പത്തോളം കുടംബങ്ങള്‍ ഒരു സങ്കേതത്തില്‍ വീടൊരുക്കി കഴിയും.ഇവരുടെ ഗ്രാമങ്ങള്‍ മണ്ട് എന്നും വീടുകള്‍ മഠം എന്നുമാണ് അറിയപ്പെട്ടിരുന്നത്. എരുമകളും പോത്തുമായി ധാരാളം കന്നുകാലികളും ഇവര്‍ക്കൊപ്പമുണ്ടാകും. 

പൂര്‍ണ്ണമായും വെജിറ്റേറിയനുമായിരുന്നു ഇവരുടെ പഴയ തലമുറകളെല്ലാം. അറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വെളുത്തനിറമുള്ളവരും ബുദ്ധിശക്തി കൂടുതലുമുള്ളവരാണ് തോടവിഭാഗമെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴിലെ കാലിക്കൂട്ടം എന്നര്‍ത്ഥമുള്ള തൊഴ എന്നവാക്കില്‍ നിന്നുമാണ് തോടര്‍ എന്നവാക്കും ഉരുത്തിരിഞ്ഞത്.

അലക്‌സാണ്ടറുടെ പിന്‍മുറക്കാരാണ് ഇവരെന്നും നിഗമനമുണ്ട്. ആയിരത്തോളം തോടര്‍ മാത്രമാണ് ഇന്ന് നീലിഗിരിയിലുള്ളത്. കൃഷിചെയ്യാനൊന്നും ഇവരുടെ തലമുറകള്‍ പരിശ്രമിച്ചിരുന്നില്ല.അതിലുപരി എരുമകളെ മേയ്ക്കാനും വളര്‍ത്താനും നിയോഗിക്കപ്പെട്ടവരാണ് എന്നാണ് ഇവരുടെ നിഗമനം.എരുമയെ ഇവര്‍ പരിപാവനമായാണ് പരിപാലിക്കുന്നത്. 

പാലോള്‍ എന്ന പുരോഹിതരുടെ നേതൃത്ത്വത്തില്‍ എരുമകളെ പൂജിക്കുകയും ചെയ്യുന്നു. പോത്തുകളെ സംരക്ഷിക്കുന്നതിന് ദൈവം തോടകളെ സൃഷ്ടിച്ചു എന്നാണ് വിശ്വാസം. മലഞ്ചെരുവിലെ ഗുഹയില്‍ നിന്നും 1600 പോത്തുകള്‍ പ്രത്യക്ഷപ്പെട്ടുവന്നപ്പോള്‍ അതില്‍ അവസാനത്തേതിലെ പോത്തിന്റെ വാലില്‍ തൂങ്ങി തോടവംശം വന്നു എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.ക്ഷേത്രമെന്നാല്‍ വലിയ ഒരു പാല്‍ സംഭരണിയാണ്. ഇവിടെ പൂജചെയ്യാനും നിയോഗിക്കപ്പെട്ടവര്‍ പ്രത്യേകമുണ്ട്. തോടരുടെ ദൈവം ഇവരെ പോലെ ജീവിക്കുന്നയാളും എരുമകളെ പരിപാലിക്കുന്നയാളുമെന്നാണ് തോടര്‍ പറയുക. ദൈവപ്രീതിക്കായി ആണ്ടിലൊരിക്കല്‍ ഇവര്‍ എരുമയെ ബലിക്കൊടുക്കുന്ന ശീലവുമുണ്ട്. 

ഏറ്റവും വിചിത്രമാണ് ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട ആചാരം. തോട യുവതി ഗര്‍ഭിണിയായി ഏഴുമാസമാകുമ്പോഴാണ് ഇവര്‍ തമ്മില്‍ കല്ല്യാണം കഴിക്കുക. വിവാഹം ചെയ്യുന്നതിന് മുമ്പ് ഭീമന്‍ പാറക്കല്ലുകള്‍ ഉരുട്ടി യുവാക്കള്‍ കരുത്തും തെളിയിക്കണം.കുടുംബത്തിലെ  മരണത്തില്‍ എരുമകളെയും തോഡര്‍ ബലികൊടുക്കുന്നു.

ഒട്ടനവധി ജീവിത വൈവിധ്യങ്ങളും ഇവരുടെ വീടുകള്‍ പോലെത്തന്നെ വേറിട്ടുനില്‍ക്കുന്നു. കമ്പിളി നൂലുകള്‍ കൊണ്ട് വസ്ത്രമുണ്ടാക്കിവിറ്റും ഇവര്‍  ജീവിതവരുമാനം കണ്ടെത്തുന്നു. തണുപ്പ് പുതയുന്ന നീലിഗിരിക്കുന്നുകളില്‍ തണുപ്പിനെ അതിജീവിക്കാന്‍  തോടരുടെ പുതപ്പുകള്‍ തേടി ഇംഗ്ലീഷുകാരും ഒരുകാലത്ത് എത്തിയിരുന്നു.

ഓര്‍മ്മകളില്‍ ഇന്നും വസന്തം

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. നീലഗിരിക്കുന്നുകളില്‍ വസന്തം മാറി മാറി വന്നു.  കാറ്റുവീശുന്ന താഴ്‌വാരങ്ങളിറങ്ങി തോടരും യാത്ര തുടങ്ങി. കുന്നിന്‍ മുകളിലെ വാസഗൃഹങ്ങളില്‍ നിന്നും നഗരത്തിലേക്ക് ബന്ധം സ്ഥാപിച്ച പുതുതലമുറകള്‍ പുതിയ ജീവിതരീതികളെ എളുപ്പം സ്വീകരിക്കുന്നു.

എങ്കിലും ആകാശം തൊടുന്ന കുന്നുകളുടെ നെറുകയിലുള്ള ആ പാരമ്പര്യങ്ങളെ കൈവിടാന്‍ ഇവരുടെ മനസ്സ് അനുവദിക്കുന്നില്ല. ഗൃഹാതുരത്ത്വമുള്ള ഈ സങ്കേതങ്ങളിലേക്ക് ഇവര്‍ പതിവ് തെറ്റാതെ വന്നണയും. 

വിശേഷദിവസങ്ങളെല്ലാം ഈ പാരമ്പര്യത്തെ തന്നെ കൂടെകൂട്ടാന്‍ ഇവര്‍ നിര്‍ബന്ധം പിടിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. അത്രയും സവിശേഷമായിരുന്നു ഇവരുടെ ജീവിതപെരുമകളെല്ലാം. വീട് നിര്‍മ്മാണം പഴയതുപോലെ നടത്താന്‍ കുടുംബങ്ങള്‍ പലതും ഉത്സാഹിക്കുന്നു. മാറ്റങ്ങള്‍ അനിവാര്യമെന്ന് പറയുന്ന ഏറ്റവും പുതിയ തലമുറയെയാണ് ഇവര്‍ക്ക് ഭയം. 

അത്രയുമധികം ജീവിതഗന്ധിയായ പുരാവൃത്തങ്ങളെ അങ്ങിനെ എളുപ്പം കളയനാകില്ലെന്ന വിശ്വാസം തന്നെയാണ് ഈ സാഹചര്യത്തിലും ഇവര്‍ മുറുകെ പിടിക്കുന്നത്. നീലിഗിരിയുടെ താഴ്‌വാരത്തെ പുക്കാലം വരുമ്പോള്‍ ഇവരെല്ലാം കൂട്ടത്തോടെ ഉതകമണ്ഡലത്തിലേക്ക് വന്നണയും.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ കിഴക്ക് ഭാഗത്തായി ഇവര്‍ ഇവര്‍ക്കായി സ്വന്തം ഇടം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിര്‍മ്മിക്കുന്ന കമ്പിളി പുതപ്പുകള്‍ മുതല്‍ വീടിന്റെ നിര്‍മിതിവരെയുള്ള ചരിത്രമെല്ലാം ഇവിടെയെത്തുന്ന അതിഥികള്‍ക്കായി ഇവര്‍ പങ്കുവെയ്ക്കും.  

കാലത്തെ തോല്‍പ്പിക്കുന്ന വിസ്മയങ്ങളെ ചെപ്പിലൊതുക്കി തോടര്‍ അവരുടെ ജീവിതം പറയുമ്പോള്‍ വിശിഷ്ടമായ ഒരു ജനതയുടെ കാറ്റും വെളിച്ചവും കടക്കാത്ത വീട്ടുകാര്യങ്ങളും  ആരെയും വിസ്മയിപ്പിക്കും.