ഫ്‌ളാറ്റ് വാങ്ങാന്‍ ഒരുങ്ങുകയാണോ; സ്വപ്‌നക്കൂട് സ്വന്തമാക്കുന്നതിന് മുമ്പ് അറിയണം ഇക്കാര്യങ്ങള്‍


രേഖ നമ്പ്യാര്‍

നന്നായി ആലോചിച്ച് സംശയങ്ങളേതുമില്ലാതെ മനസ്സിനിണങ്ങിയ ഫ്‌ളാറ്റ് വാങ്ങാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi (Photo: K.K. Santhosh)

ആകാശംമുട്ടെ തലക്കനത്തോടെ നിൽക്കുന്ന ഫ്‌ളാറ്റുകൾ കാണുമ്പോൾ മനസ്സ് വെറുതേ സ്വപ്നംകണ്ടുതുടങ്ങും. നഗരമധ്യത്തിൽ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കാനായിരുന്നെങ്കിലെന്ന്. നാടുവിട്ട് മറ്റൊരു നഗരത്തിൽ ജോലിചെയ്യുന്ന മിക്കവരുടെയും സ്വപ്നസാഫല്യ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ഫ്‌ളാറ്റിന്റെ സ്ഥാനം. ജോലിക്ക് പോകാനും മക്കൾക്ക് സ്‌കൂളിലെത്താനുമൊക്കെയുള്ള സൗകര്യത്തിനാണ് പലപ്പോഴും നമ്മൾ ഫ്‌ളാറ്റിലേക്ക് മാറുന്നതുതന്നെ. ഏറെ സൗകര്യത്തോടെ, കംഫർട്ടബിളായി താമസിക്കാൻ അതിനെത്ര പണം മുടക്കാനും തയ്യാറുമാണ്. എന്നാൽ ഒരു പ്ലാനിങ്ങുമില്ലാതെ ഫ്‌ളാറ്റ് വാങ്ങാൻപോയാലോ?

ഭൂമി വാങ്ങി കുടുക്കിലായ നിരവധി പേരുടെ കഥകൾ കേൾക്കാറില്ലേ? വേണ്ടത്ര അന്വേഷണം നടത്താതെ, വസ്തു ഉടമയുടെയോ ഇടനിലക്കാരന്റെയോ വാക്കുകളെ മാത്രം വിശ്വാസത്തിലെടുത്ത് ഇടപാട് നടത്തും. പക്ഷേ, കുറച്ചുകഴിയുമ്പോൾ വാങ്ങിയ ഭൂമി ഉപയോഗിക്കാൻപറ്റാത്ത അവസ്ഥയാവും. അതുപോലെത്തന്നെയാണ് ഫ്‌ളാറ്റ് വാങ്ങുമ്പോഴും. വസ്തു കൈമാറ്റത്തിലൂടെ നിയമപരമായി ആ വസ്തുവിനുമേലുള്ള എല്ലാ ബാധ്യതകളും വാങ്ങുന്നയാളിലേക്ക് എത്തിച്ചേരും. ഇവിടെ ബിൽഡർ ചതിച്ചു എന്നൊക്കെ പറയാമെങ്കിലും വന്നുചേർന്ന ബാധ്യത സ്വയം പരിഹരിക്കേണ്ടിവരും. ഫ്‌ളാറ്റുകൾ വിൽക്കുന്നവർ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നയാളെ ധരിപ്പിച്ചിരിക്കണമെന്നാണ് നിയമം. പക്ഷേ, പലപ്പോഴും ഇത് പൂർണമായി നടക്കാറില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ചതിക്കപ്പെടാതിരിക്കാൻ കാര്യങ്ങൾ ചോദിച്ചറിയേണ്ടത് വാങ്ങുന്നവരുടെ ഉത്തരവാദിത്വംകൂടിയാണ്. നന്നായി ആലോചിച്ച്, അന്വേഷിച്ച്, മനസ്സിനിണങ്ങുന്ന ഫ്‌ളാറ്റ് വാങ്ങാം.

രേഖകൾ പരിശോധിക്കാം

* ഫ്‌ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങൾ വിശദമായി പരിശോധിക്കണം. ബിൽഡർ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്‌ളാറ്റ് നിർമിച്ചിരിക്കുന്നതെങ്കിൽ അതിന് ബിൽഡർക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവർ ഓഫ് അറ്റോർണിയുടെ പകർപ്പ് പരിശോധിക്കാം. ബിൽഡർ സ്വന്തം ഭൂമിയിലാണ് ഫ്‌ളാറ്റ് നിർമിച്ചിട്ടുള്ളതെങ്കിലും പ്രമാണങ്ങൾ വായിച്ചുനോക്കണം. ആ ഭൂമിയുടെ ആധാരം, മുൻ ആധാരം, ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പെടുത്ത് വിശദമായി പരിശോധിക്കുന്നത് നല്ലതാണ്.
* വസ്തു ഏതെങ്കിലുംകാലത്ത് എവിടെയും വിറ്റിട്ടില്ല എന്നും ഉറപ്പുവരുത്തണം. ആധാരത്തിന്റെ പകർപ്പ് എടുക്കുമ്പോൾ ഒരു വക്കീലിനെക്കൊണ്ട് അതിന്റെ നിയമപരമായ പരിശോധനകളെല്ലാം നടത്താവുന്നതാണ്. ചില അപ്പാർട്ട്‌മെന്റുകൾക്ക് ഡെവലപ്‌മെന്റ് അവകാശം മാത്രമേ ഉണ്ടാകൂ. ഉടമസ്ഥാവകാശം മറ്റ് പലരുടെയും പേരിലായിരിക്കും. അതുകൊണ്ട് ഇത്തരം രേഖകളും പ്രമാണങ്ങളും ആദ്യമേ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രം അഡ്വാൻസ്, ഉടമ്പടി, രജിസ്‌ട്രേഷൻ എന്നിവ നടത്തുക.
* ബിൽഡറെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. ബിൽഡറിന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കാം. അവർ നടത്തിയ വിൽപനകളും അവരുടെ വർക്കും പണികൾ തീർക്കാനെടുക്കുന്ന സമയപരിധിയുമെല്ലാം അന്വേഷിച്ചറിയാം.
* ഫ്‌ളാറ്റുകൾ വാങ്ങുമ്പോൾ സ്ട്രക്ചറൽ ഡിസൈൻ അംഗീകരിച്ചിട്ടുണ്ടോ എന്ന് തദ്ദേശസ്വയംഭരണ വകുപ്പിൽനിന്ന് അന്വേഷിച്ചറിയുക. നിലവിലുള്ള ഫ്‌ളാറ്റിന്റെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി പുനപ്പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രം വാങ്ങുന്ന കാര്യം ഉറപ്പാക്കുക.
* സ്ഥലത്തിന്റെ ഉപയോഗം ഏത് സോണിലാണെന്ന് അറിയുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഞ്ചായത്ത് അല്ലെങ്കിൽ ഡി.പി.ആറിൽ ഏത് സ്ഥലപരിധിയിലാണെന്ന് അറിഞ്ഞിരിക്കണം. കൃഷിസ്ഥലമാണോ കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കുള്ള സ്ഥലത്താണോ ബിസിനസ് ആവശ്യത്തിനുള്ള സ്ഥലമാണോ എന്നൊക്കെ അറിഞ്ഞിരിക്കണം. പാർപ്പിടഭൂമി (റെസിഡെൻഷ്യൽ ലാൻഡ്) ആണെങ്കിൽ മാത്രമേ നിയമം നിലനിൽക്കൂ. ചിലർ വയൽ നികത്തിയിട്ട് സ്ഥലം നിലം എന്നുള്ളത് മാറ്റിയിട്ടുണ്ടാവില്ല. ഭാവിയിൽ ഒരു കോടതിവിധി വന്നാൽ ആ കെട്ടിടം നശിപ്പിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഏതെങ്കിലുംതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയല്ല കെട്ടിടം പണിതതെന്ന് ഉറപ്പുവരുത്തണം.
* വിമാനത്താവളം, റെയിൽവേ അതിർത്തി, പുരാവസ്തുസംരക്ഷിത സ്മാരകങ്ങൾ, സൈനികകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങളാണെങ്കിൽ, നിർമാണനിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കി വാങ്ങുന്നത് നന്നായിരിക്കും.
* ഹൈടെൻഷൻ വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള നിർമാണങ്ങൾ ആവശ്യമുള്ള ദൂരപരിധി പാലിച്ചുകൊണ്ടാണോയെന്ന് ഉറപ്പാക്കണം.
* നിയമപ്രകാരം പെർമിറ്റ് വാങ്ങി നിർമിച്ചതാണെന്ന് പരിശോധിക്കാം. കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനം ബിൽഡിങ് നമ്പർ നൽകിയിട്ടുണ്ടോ എന്നും നോക്കണം.
* ഓരോ ഫ്‌ളാറ്റും ഒറ്റ റെസിഡെൻഷ്യൽ യൂണിറ്റായതിനാൽ, അത് ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല.
* താമസാവശ്യത്തിനല്ലാതെ ഫ്‌ളാറ്റ് കൈമാറാനോ വാടകയ്ക്ക് നൽകാനോ ഉടമയ്ക്ക് അവകാശമില്ല.

പണമിടപാട് ശ്രദ്ധയോടെ

* ഒളിഞ്ഞിരിക്കുന്ന ചെലവുകളെ ആദ്യമേ പുറത്തുചാടിക്കണം. ചിലപ്പോഴൊക്കെ സ്‌ക്വയർ ഫീറ്റിന് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വില മാത്രമായിരിക്കില്ല ഫ്‌ളാറ്റ് സ്വന്തമാക്കുമ്പോൾ കൊടുക്കേണ്ടിവരിക. വില്പനക്കാരൻ ആവശ്യക്കാരനെ ആകർഷിക്കാൻവേണ്ടി യഥാർഥത്തിൽ വേണ്ടിവരുന്ന ആകെ തുക എത്രയെന്ന് പറഞ്ഞെന്നിരിക്കില്ല. അതിനാൽ ഈ ഹിഡൻ ചാർജ് എത്രയെന്ന് ആദ്യമേ അന്വേഷിച്ചറിയണം.
* അടിസ്ഥാനവിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ മലിനജല സംസ്‌കരണംപോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവകൂടി ചേർക്കുമ്പോൾ അടിസ്ഥാനവിലയേക്കാൾ 20-30 ശതമാനം കൂടുതൽ നൽകേണ്ടിവരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം.
* അതുപോലെ കേന്ദ്രീകൃതഗ്യാസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ടിവരുന്ന ചെലവെത്രയെന്നും അന്വേഷിക്കണം. അത് രേഖാമൂലം കരാറാക്കുകയും വേണം.
* ഫ്‌ളാറ്റിന്റെ പണികൾ തുടങ്ങുന്നതിന് മുൻപാണെങ്കിൽ കൃത്യമായ ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കുന്നത് ഗുണംചെയ്യും. കൃത്യമായ പണികൾ അതത് സമയത്ത് നടക്കുന്നുണ്ടോ, മറ്റ് ഫ്‌ളാറ്റുകളുടെ വിൽപന നടക്കുന്നുണ്ടോ, മറ്റ് നിക്ഷേപകർ ആരൊക്കെയാണ്, ഓരോ മാസത്തിലും എന്തൊക്കെ പണികളാണ് പൂർത്തിയാകുന്നത്... അങ്ങനെ ഓരോ ഘട്ടങ്ങളും വിലയിരുത്തി പരിശോധിക്കുന്നത് നല്ലതാണ്. ആദ്യംതന്നെ കൈയിൽനിന്ന് ഒരുപാട് പണം പോകാത്ത വിധത്തിൽ സ്പ്ലിറ്റ്‌സ്റ്റേജ് പേയ്‌മെന്റ് ബിൽഡറുമായി ഉറപ്പുവരുത്തണം.
* വിൽപനനികുതി, രജിസ്‌ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ അപ്പാർട്ട്‌മെന്റിനും ബാധകമാണ്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽനിന്ന് വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വേണം. അപ്പാർട്ട്‌മെന്റ് കൈമാറുന്നതിനുമുൻപ് നികുതികൾ അടച്ചുതീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്വമാണ്.
* ഓരോ നിലയിലും വില വ്യത്യാസപ്പെടാം. താഴത്തെ നിലയിൽ വില കുറവായിരിക്കും. നാല് നിലയ്ക്ക് മുകളിൽ വില കൂടും.

വേണം സൗകര്യങ്ങൾ

* പലപ്പോഴും കാർപാർക്കിങ് ഒരു വലിയ തലവേദനയായി മാറുന്നതിനാൽ കാർ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം.
* പാർക്കിങ് എല്ലാ ഫ്‌ളാറ്റിനുമുണ്ടോ എന്ന് അന്വേഷിച്ചറിയുന്നതും നല്ലതാണ്. പാർക്കിങ് ലോട്ടിലേക്ക് തൂണുകൾ ഇടിക്കാതെ എളുപ്പത്തിൽ പാർക്ക് ചെയ്യാൻ പറ്റുമോ എന്നുകൂടി നോക്കണം.
* പ്ലാൻ കിട്ടിയാൽ അത് കൃത്യമായി പഠിക്കുന്നതിലാണ് മിടുക്ക്. കാർപ്പെറ്റ് ഏരിയ, സൂപ്പർ ബിൽഡപ്പ് ഏരിയ എന്നിങ്ങനെ ഫ്‌ളാറ്റിൽ ഏരിയകൾ തരംതിരിച്ചിട്ടുണ്ടാവും. ഇവ ഓരോന്നിന്റെയും വിസ്തൃതി അറിഞ്ഞിരിക്കണം. പ്ലാൻ ഒരു വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്. സ്റ്റെയർകെയ്‌സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേർന്നാണ് അപ്പാർട്ട്‌മെന്റിന്റെ സൂപ്പർ ഏരിയ. അപ്പാർട്ട്‌മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപ്പെറ്റ് ഏരിയ. കാർപ്പെറ്റ് ഏരിയയാണ് നിങ്ങൾക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാൽ കാർപ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം. പണിതുകഴിഞ്ഞ വില്ലയാണ് വാങ്ങുന്നതെങ്കിൽ ഒരാളെ കൊണ്ടുപോയി അളന്നുനോക്കുന്നതാവും നല്ലത്.
* അപ്പാർട്ട്‌മെന്റുകൾ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം എന്നുണ്ട്. ബിൽഡർ ഇത് മതിയായവിധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം.
* കുടിവെള്ള സ്രോതസ്സ്, മറ്റ് ആവശ്യത്തിനുള്ള വെള്ളത്തിന്റെ സ്രോതസ്സ് എന്നിവ അന്വേഷിച്ചറിയണം. കിണറിൽ നിന്നോ കുഴൽക്കിണറിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽനിന്നോ വരുന്ന വെള്ളമാണോ എന്നെല്ലാം മനസ്സിലാക്കണം. കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണെങ്കിൽ അതിന്റെ ഫിൽറ്ററിങ്ങും മറ്റുകാര്യങ്ങളും ചോദിച്ചറിയണം.
* മാലിന്യം നീക്കം ചെയ്യുന്നത്, സെപ്റ്റിക് ടാങ്കിന്റെ കപ്പാസിറ്റി, വാട്ടർ ടാങ്ക് കപ്പാസിറ്റി, വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ്... തുടങ്ങിയ കാര്യങ്ങളും കുറിച്ചുവെച്ച് അന്വേഷിക്കുന്നത് നല്ലതാണ്. മഴ പെയ്താൽ മാൻഹോൾ അടഞ്ഞ് ബേസ്‌മെന്റിൽ വെള്ളക്കെട്ട് ഉണ്ടാവുമോ എന്നും ചോദിച്ചറിയുക. ബേസ്‌മെന്റിൽ വെള്ളം കളയാനുള്ള രണ്ടാമത്തെ ടാങ്ക് ഓപ്ഷനുണ്ടോ എന്നും പരിശോധിക്കണം. മഴക്കാലത്തും അല്ലാത്തപ്പോഴും വേസ്റ്റ് മാനേജ്‌മെന്റ് എങ്ങനെയാണെന്ന് നോക്കണം.
* പലപ്പോഴും ഫ്‌ളാറ്റ് പണിത് അത് വിറ്റുകഴിഞ്ഞാൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. അതുകൊണ്ടുതന്നെ അസോസിയേഷനിൽ മെമ്പർഷിപ്പ് എടുക്കുന്നതും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും നല്ലതാണ്.
* സ്ഥലപരിമിതി കുറഞ്ഞ നഗരത്തിലാണെങ്കിൽ ഏറ്റവും മുകളിലത്തെ ഫ്‌ളാറ്റ് എടുക്കുന്നതായിരിക്കും നല്ലത്. മൂന്ന് അല്ലെങ്കിൽ നാലാമത്തെ നിലയിൽനിന്ന് മുകളിലേക്ക് നോക്കാം. ഇനി കുറഞ്ഞ നിലകളുള്ള ഫ്‌ളാറ്റാണെങ്കിൽ ഒന്നാം നിലയോ രണ്ടാം നിലയോ ആണ് നല്ലത്. കഴിവതും ഗ്രൗണ്ട് ഫ്‌ളോർ ഒഴിവാക്കുക.
* ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഫ്‌ളാറ്റിലെ ക്രോസ് വെന്റിലേഷൻ. എല്ലാ മുറിയിലും രണ്ട് ജനലുകളുണ്ടോ, ഹാളിലെങ്കിലും മുഴുവനായും തുറക്കാൻ പറ്റുന്ന ഒരു ജനലെങ്കിലും ഉണ്ടോ എന്നും പരിശോധിക്കാം. കഴിവതും പകൽ സമയത്ത് തന്നെ പോയി മുറികളൊക്കെ കാണുക.
* ഫ്‌ളാറ്റ് സ്വന്തമാക്കികഴിഞ്ഞാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കൽ ഡ്രോയിങ്, പ്ലംബിങ് സ്‌കെച്ച്, ഫ്‌ളാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒറിജിനൽ ആധാരം തുടങ്ങിയ രേഖകൾ ചോദിച്ച് വാങ്ങുകയും വേണം.
ഉപയോഗിച്ച ഫ്‌ളാറ്റുകൾ വാങ്ങുമ്പോൾ
* ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റാണ് വാങ്ങുന്നതെങ്കിൽ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ മാറ്റിയെഴുതണം. മറ്റ് രേഖകളും പരിശോധിച്ചതിനുശേഷം മാത്രമേ ഫ്‌ളാറ്റ് വാങ്ങാൻ പാടുള്ളൂ. ഫ്‌ളാറ്റ് വിൽക്കുന്നതിന്റെ കൃത്യമായ കാര്യകാരണങ്ങൾ അന്വേഷിച്ചറിയണം. ഫ്‌ളാറ്റിലെ മുറികൾക്ക് പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെ പരിശോധിക്കണം.
* അതുപോലെ ടോയ്‌ലറ്റിൽ ഡക്റ്റ് വഴി വെന്റിലേഷൻ കൊടുത്തിട്ടുണ്ടോ സൂര്യപ്രകാശം കിട്ടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാം. ഡക്റ്റ് എക്‌സ്‌പോസ്ഡ് ആണെന്നുണ്ടെങ്കിൽ നല്ലതാവും.
* ഫ്‌ളാറ്റിൽ സ്വകാര്യത നിർബന്ധമുള്ള കാര്യമാണ്. എവിടെ ഇരുന്നാലും കിടപ്പുമുറിയുടെ ഉൾവശം കാണാവുന്ന രീതിയിലാവരുത് ഡിസൈൻ. പലപ്പോഴും നമ്മൾ ഫ്‌ളാറ്റ് വാങ്ങാൻ പോകുമ്പോൾ ഫർണിച്ചർ ഇല്ലാതെയാവും കാണുക. ധാരാളം സ്ഥലമുണ്ടല്ലോ എന്നുകരുതി നിറയെ ഫർണിച്ചറുകൾ ഇടുമ്പോൾ സ്ഥലം തികയാതെ വരും. അതുകൊണ്ട് മിനിമം ഫർണിച്ചർ മാത്രം ഉപയോഗിക്കുക.

നേരിട്ടുകണ്ട് തീരുമാനിക്കാം

* പരസ്യങ്ങൾ, ഫ്‌ളാറ്റിന്റെ മോഡലുകൾ, ചിത്രങ്ങൾ എന്നിവ കണ്ട് മാത്രം കെട്ടിടം വാങ്ങുന്നതിന് ഉറപ്പുനൽകാതിരിക്കുക. ഫ്‌ളാറ്റ് വാങ്ങണോയെന്ന് നേരിട്ട് സന്ദർശിച്ചശേഷം മാത്രം തീരുമാനിക്കുക.
* ഭവനപദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ടപ്രകാരം പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്ന് മാത്രമല്ല, കനത്ത പിഴയും നൽകേണ്ടിവരും.
* ഭവനസമുച്ചയത്തിലെ യൂണിറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് റോഡിന്റെ വീതി കണക്കാക്കുന്നത്. എട്ട് പത്ത് മീറ്റർ വീതിയുള്ള റോഡെങ്കിലും വേണം.
* വസ്തുകൈമാറ്റനിയമം, രജിസ്‌ട്രേഷൻ നിയമം, മുദ്രപ്പത്രനിയമം എന്നിവയ്ക്കുപുറമേ അപ്പാർട്ട്‌മെന്റ് ഓണർഷിപ് ആക്ട് കൂടി ഫ്‌ളാറ്റ് തീറാധാരങ്ങളിൽ പാലിക്കണം. കെട്ടിടം നിർമിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്‌ളാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതിൽ വ്യക്തമാക്കണം. കൊമേഴ്‌സ്യൽ, ഡെസിഡെൻഷ്യൽ പെർമിറ്റുകൾ പ്രത്യേകം വാങ്ങിയിരിക്കണം.

കരാറിലാണ് കാര്യം

* ബിൽഡറുടെ മുൻ പ്രോജക്ടുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയാം. നിർമാണത്തിന്റെ ഗുണനിലവാരം, പറഞ്ഞ സമയത്ത് നിർമാണം പൂർത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞതിനുശേഷം മാത്രം കരാറിലെത്തുന്നതാണ് നല്ലത്. കൃത്യസമയത്തുതന്നെ ഫ്‌ളാറ്റ് പണി പൂർത്തിയാക്കി കൈമാറിയില്ലെങ്കിൽ നഷ്ടപരിഹാരം ലഭ്യമാകുന്നവിധംവേണം കരാറിലെത്താൻ. ഇല്ലെങ്കിൽ അവിടെയും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റാൻ സാധ്യതയുണ്ട്.
* ഫെയർ വാല്യു പരിശോധിക്കണം. ചിലപ്പോൾ വില കുറഞ്ഞ ഫ്‌ളാറ്റിന് കൂടുതൽ പൈസകൊടുത്ത് വാങ്ങേണ്ടിവരുന്ന അവസ്ഥയുണ്ടാവാറുണ്ട്. പലരും ഫ്‌ളാറ്റ് മറിച്ചുവിൽക്കുമ്പോൾ ഫെയർ വാല്യു കൂടുതലായി കാണിക്കാറുണ്ട്. അത് നഷ്ടക്കച്ചവടമാവാം.
* മെയിന്റനൻസ് ഫീയാണ് മറ്റൊരു പ്രശ്‌നം. പലപ്പോഴും അതിലൊരു അവ്യക്തത വരാറുണ്ട്. 3000രൂപയിൽ തുടങ്ങി 30000 രൂപവരെ വാങ്ങുന്ന ഫ്‌ളാറ്റുകളുണ്ട്. ആഡഡ് ഹിഡൻ മെയിന്റനൻസ് ഫീ വേറെ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. മെയിന്റനൻസിനുവേണ്ടി എന്തൊക്കെയാണ് ഫ്‌ളാറ്റിൽ ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം.

ഭംഗിയാണ് മിനിമലിസം

* ഫ്‌ളാറ്റിന്റെ ഇന്റീരിയർ ചെയ്യുമ്പോഴും ചില കാര്യങ്ങൾ ഒർക്കുന്നത് നന്ന്. വളരെ സ്‌പേസ് കുറഞ്ഞ ഇടമാവുമ്പോൾ ഇളംനിറങ്ങൾ മാത്രം നൽകുക. വിസ്തൃതി കൂടിയ ഫ്‌ളാറ്റാണെങ്കിൽ മാത്രം ഡാർക്ക് ഷെയ്ഡ് നൽകുക.
* അതുപോലെതന്നെ ഇന്റീരിയറിൽ ഒരുപാട് പാർട്ടീഷനും ഫോൾ സീലിങ്ങും ഫോൾസീലിങ്ങിൽ ഒരുപാട് വർക്കും ചെയ്യുന്നത് കുറയ്ക്കുക. മിനിമം ഇന്റീരിയർ ചെയ്യുക. താമസിക്കാനുള്ള ഇടം വളരെ മിനിമലിസ്റ്റിക്കായി, ക്ലാസിക് ടച്ചോടെ ചെയ്യുന്നതാണ് നല്ലത്. ചെലവും കുറയും.
* ഇന്റീരിയർ ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യത പരിഗണിച്ച് വാതിലുകളൊക്കെ മാറ്റിവെച്ച് പ്ലാൻ പുതുക്കാം. കഴിവതും എല്ലായിടത്തും സ്റ്റോറേജ് സ്‌പേസ് കൂട്ടുക. ചെറിയ അടുക്കളയാണെങ്കിലും മുറികളാണെങ്കിലും സ്റ്റോറേജിന് പ്രാധാന്യം നൽകാം. പഴയ സാധനങ്ങൾ അപ്പപ്പോൾ ഒഴിവാക്കാം. ഉപയോഗ ശൂന്യമായ കുപ്പികളും മറ്റും കെട്ടിവയ്ക്കാതെ കളയാം. മിനിമം വേസ്റ്റ്, മാക്‌സിമം സ്റ്റോറേജ് എന്ന് തീരുമാനിക്കാം.

ഉപയോഗിച്ച ഫ്‌ളാറ്റുകള്‍

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റാണ് വാങ്ങുന്നതെങ്കില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ മാറ്റിയെഴുതണം. മറ്റ് രേഖകളും പരിശോധിച്ചതിനുശേഷം മാത്രമെ ഫ്‌ളാറ്റ് വാങ്ങാന്‍ പാടുള്ളൂ. ഫ്‌ളാറ്റ് വില്‍ക്കുന്നതിന്റെ കൃത്യമായ കാര്യകാരണങ്ഹള്‍ അന്വേഷിച്ചറിയണം. ഫ്‌ളാറ്റിലെ മുറികള്‍ക്ക് പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെ പരിശോധിക്കണം.

അതുപോലെ ടോയ്‌ലറ്റില്‍ ഡക്റ്റ് വഴി വെന്റിലേഷന്‍ കൊടുത്തിട്ടുണ്ടോ സൂര്യപ്രകാശം കിട്ടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാം. ഡക്റ്റ് എക്‌സ്‌പോസ്ഡ് ആണെന്നുണ്ടെങ്കില്‍ നല്ലതാവും.

ഫ്‌ളാറ്റില്‍ സ്വകാര്യത നിര്‍ബന്ധമുള്ള കാര്യമാണ്. എവിടെ ഇരുന്നാലും കിടപ്പുമുറിയുടെ ഉള്‍വശം കാണാവുന്ന രീതിയിലാവരുത് ഡിസൈന്‍. പലപ്പോഴും നമ്മള്‍ ഫ്‌ളാറ്റ് വാങ്ങാന്‍ പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഇല്ലാതെയാവും കാണുക.

ധാരാളം സ്ഥലമുണ്ടല്ലോ എന്നുകരുതി നിറയെ ഫര്‍ണിച്ചറുകള്‍ ഇടുമ്പോള്‍ സ്ഥലം തികയാതെ വരും. അതുകൊണ്ട് മിനിമം ഫര്‍ണിച്ചര്‍ മാത്രം ഉപയോഗിക്കുക.

കടപ്പാട്

ഡോ. ജോസ്‌ന റാഫേല്‍ പി.
പ്രൊഫ. ആര്‍ക്കിടെക്ചര്‍

ഗവ. എന്‍ജിനീയറിങ് കോളേജ്, തൃശ്ശൂര്‍

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: tips to rememer before buying flat, myhome, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented