വീട് പണിയുന്നതിനായി നമ്മള്‍ കണ്ടുവച്ചിരിക്കുന്ന വസ്തുവിലോ പറമ്പിലോ നടത്തുന്ന ആഴത്തിലുള്ള ഒരു വസ്തുതാന്വേഷണമാണ് വാസ്തുശാസ്ത്രം. വാസ്തുവിനെ വെറുമൊരു വിശ്വാസമായോ വലിയൊരു ശാസ്ത്രമായോ നമുക്ക് സമീപിക്കാം. കാര്യമെന്തായാലും പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ഒരു ഗൃഹനിര്‍മാണ രീതിയാണ് വാസ്തു നിഷ്‌കര്‍ഷിക്കുന്നത്. 

കാറ്റിനും വെളിച്ചത്തിന്റ ഏറ്റവും വലിയ ഉറവിടമായ സുര്യനും പ്രാധാന്യം നല്‍കുന്ന ഗൃഹരൂപകല്‍പ്പനയാണ് ഇത്തരം രീതികളില്‍ അവലംബിച്ചുവരുന്നത്. ഇവ രണ്ടും യഥേഷ്ടം വീടിനുള്ളില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് വാസ്തുശാസ്ത്രത്തിന് പിന്നില്‍.

തെക്കു പടിഞ്ഞാറുഭാഗങ്ങള്‍ ഉയര്‍ന്നിരിക്കുകയും വടക്കുകിഴക്കു ഭാഗങ്ങള്‍ അല്പം താഴ്ന്നിരിക്കുന്നതുമായ ഭൂമിയാണ് ഗൃഹനിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായത്. ഇത്തരം ഭൂപ്രദേശങ്ങളില്‍ പകല്‍ നേരത്ത് സൂര്യപ്രകാശം ലഭിക്കുകയും ചെയ്യുന്നതിനാല്‍ വീടിനുള്ളില്‍ വെളിച്ചത്തിന്റെ കുറവ് ഒരിക്കലും അനുഭവപ്പെടുകയില്ല. 

വടക്ക് അല്ലെങ്കില്‍ കിഴക്കു ഭാഗത്തേക്ക് ദര്‍ശനം കിട്ടുന്ന തരത്തില്‍വീടു പണിയുകയും മുന്‍വശത്തെ പ്രധാനവാതിലിന് മറ്റു വാതിലുകളെ അപേക്ഷിച്ച് അല്പം വലുപ്പവും ഭംഗിയും കൂടുതലുമായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഓഫീസിലായായും വീട്ടിലായായും വടക്കു കിഴക്കു ഭാഗത്തേക്ക് മുഖം തിരിഞ്ഞിരിക്കുന്നത് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജം നേരിട്ട് ലഭിക്കുന്നതിന് കാരണമാകുന്നു.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ അടുക്കളയാണ്. വടക്കു പടിഞ്ഞാറ്, വടക്കു കിഴക്ക് അല്ലെങ്കില്‍ തെക്ക് കിഴക്ക് ഭാഗങ്ങള്‍ അടുക്കളക്ക് അനുയോജ്യമാണ്. കിഴക്കോട്ട് അഭിമുഖമായി തീകൂട്ടുന്നതാണ് നല്ലത്. അടുക്കളയില്‍ കിഴക്ക് ദിശയില്‍ ജനല്‍ സ്ഥാപിക്കാന്‍ മറക്കരുത്. കിടപ്പുമുറികള്‍ക്ക് മൂലകളില്‍ (കോണ്‍ ഗൃഹങ്ങള്‍) സ്ഥാനം നിശ്ചയിക്കുക. വീടിന്റെ വടക്ക് പടിഞ്ഞാറുള്ള മുറികള്‍ അതിഥികള്‍ക്കും ബന്ധുക്കള്‍ക്കും താമസിക്കുന്നതിനായി നല്‍കാം. 

വീട്ടിലെ പൂജാമുറിക്കായി കിഴക്കോ പടിഞ്ഞാറോ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാം. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ അഭിമുഖമായി സ്ഥാപിക്കണം. അധിക വീടുകളിലും കിണര്‍ എന്നത് അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. പറമ്പില്‍ വടക്കു കിഴക്കേ മൂലയിലായി കിണറിനുള്ള സ്ഥാനം നിശ്ചയിക്കാം. തെക്കു പടിഞ്ഞാറെ മൂലയിലും ഇതിനു സ്ഥാനമുണ്ട്. 

മാതൃഭൂമി മൈ ഹോം പ്രദര്‍ശനത്തിന് കൊച്ചിയില്‍ തുടക്കമായി

വീട്ടിലെ സ്റ്റോറേജ് സ്പേസുകള്‍ക്കും അതിന്റേതായ സ്ഥാനങ്ങള്‍ വാസ്തുവിധിപ്രകാരമുണ്ട്. വീടിന്റെ വടക്കുഭാഗം എപ്പോഴും തുറസ്സായി ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. ആ ഭാഗത്ത് സ്റ്റോറേജ് സ്പേസുകള്‍ ഒഴിവാക്കുക. കണ്ണാടിയുള്ള അലമാരകള്‍ വീടിന്റെ പ്രധാന വാതിലിനു നേരെ വരാതിരിക്കാന്‍ നോക്കുക. അനാവശ്യമായതും അസൗകര്യമുണ്ടാക്കുന്നതുമായ തള്ളലുകളും മൂലകളും ഇടനാഴികളുമൊക്കെ പരമാവധി ഒഴിവാക്കുക.

ചുറ്റുമതില്‍ നിര്‍മിച്ചശേഷം മാത്രം ഗൃഹപ്രവേശം നടത്താന്‍ ശ്രമിക്കുക. ഇതു ചുറ്റുമുള്ള വാസ്തുദോഷങ്ങള്‍ തടയാന്‍ സഹായിക്കും. ക്ഷേത്രങ്ങളില്‍ നിന്നും ഏകദേശം 150 അടി ദൂരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നതാണ് ഉത്തമം. കൂവളം, കാഞ്ഞിരം, പുളി തുടങ്ങിയ മരങ്ങള്‍ ചുറ്റുമതിലിന് പുറത്ത് വെച്ചു പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

വാസ്തു നിഷ്‌കര്‍ഷിക്കുന്ന കുറേയേറെ മാനദണ്ഡങ്ങള്‍ ശാസ്ത്രവും അംഗീകരിച്ചതാണ്. എന്നാല്‍ വാസ്തുവിനെപ്പറ്റിയുള്ള അന്ധവിശ്വാസം നമുക്കൊരിക്കലും നല്ലതായി ഭവിക്കുകയില്ല. നമ്മള്‍ കെട്ടിപ്പൊക്കുന്ന വീട്ടില്‍ സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ബാക്കിയെല്ലാം രണ്ടാമതാണ്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: things to know about vastu shastra