വീട് മാറുക എന്നത് തലവേദയാണ് മിക്കപ്പോഴും. പായ്ക്ക് ചെയ്യാനുള്ള സാധനങ്ങളും വലിച്ചെറിയാനുള്ള സാധനങ്ങളും ഇടമില്ലാത്ത ബാഗുകളുമെല്ലാം സ്വഭാവികം. കൃത്യമായി പായ്ക്ക് ചെയ്തില്ലെങ്കില്‍ പുതിയ വീട്ടിലെത്തുമ്പോള്‍ വേണ്ട സാധനങ്ങള്‍ കണ്ടെത്താന്‍ പാടുപെടും. സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരെ വരാം. ഇവയൊക്കെ ഒഴിവാക്കാന്‍ ചില വഴികളുണ്ട്. 

1. ആവശ്യമുള്ളത്,  പെട്ടെന്ന് ആവശ്യമില്ലാത്തത്, ആവശ്യമേ ഇല്ലാത്തത് എന്നിങ്ങനെ മൂന്ന് ലിസ്റ്റ് തയ്യാറാക്കാം. ഇതനുസരിച്ച് സാധനങ്ങള്‍ പായ്ക്ക് ചെയ്യാം. 

2. വസ്ത്രങ്ങള്‍, വീട്ടുസാധനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പ്രത്യേക പായ്ക്ക് ചെയത് പുറത്ത് എന്താണെന്ന് അറിയാന്‍ ഒരു നോട്ടും വയ്ക്കാം. അണ്‍പായ്ക്ക് ചെയ്യല്‍ എളുപ്പമാകും. 

3. പെട്ടെന്ന് കേടു വരുന്നവയും പൊട്ടിപ്പോകുന്നവയുമായ സാധനങ്ങള്‍ ബബിള്‍ റാപ്പില്‍ പൊതിയാം. അല്ലെങ്കില്‍ തുണികളുടെയോ ടൗവ്വലിന്റെയോ ഇടയില്‍ വയ്ക്കാം. 

4. വീടിന്റെ ഡോക്യുമെന്റ്‌സ്, മറ്റ് പ്രധാനപ്പെട്ട രേഖകള്‍, മരുന്നുകള്‍ എന്നിവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗില്‍ വയ്ക്കുന്നതാണ് നല്ലത്. 

5. പുതിയ സ്ഥലത്ത് എത്തുന്ന ആദ്യ ദിനം തന്നെ അണ്‍പായ്ക്കിങിന് ചിലപ്പോള്‍ സമയമുണ്ടാവില്ല.  അതിനാല്‍ അത്യാവശ്യ സാധനങ്ങളായ ബ്രഷ്, സോപ്പ്, ചീപ്പ് എന്നിവയും ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും വേറെ പായ്ക്ക് ചെയ്ത് കൈയില്‍ കരുതാം. 

പുതിയ വീട്ടില്‍ ഇവ ഒരുക്കാം

1. വീട് നോക്കാനായി പോകുമ്പോള്‍ തന്നെ അവിടെയുള്ള വൈദ്യതി കണക്ഷന്‍, സ്വിച്ച് ബോര്‍ഡുകള്‍, പൈപ്പ് ലൈനുകള്‍ ടോയിലറ്റ് എന്നിവ ചെക്കു ചെയ്യാന്‍ മറക്കേണ്ട. ലീക്കിങ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവ നേരത്തെ പരിഹരിക്കാനാണ്. പൊട്ടിയ പ്ലഗുകള്‍, സ്വച്ചുകള്‍ എന്നിവ മാറ്റണം. പഴയ വീടാണെങ്കില്‍ പ്രത്യേകിച്ചും. 

2. ലോക്കുകള്‍ മാറ്റി പുതിയത് വയ്ക്കണം. പ്രത്യേകിച്ചും പുറത്തേയ്ക്കുള്ള വാതിലുകള്‍. പഴയ ലോക്കുകളുടെ താക്കോലുകള്‍ മുമ്പുള്ള താമസക്കാര്‍ക്കും, റിപ്പയറിങിനെത്തിയവര്‍ക്കുമൊക്കെ പരിചിതമായിരിക്കും. അത്തരം പരിചയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

3. വീട് ക്ലീനിങാണ് അടുത്ത ഘട്ടം. സ്വയം ക്ലീന്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് ക്ലീനിങ് ചെയ്തു നല്‍കുന്നവരുടെ സഹായം തേടുന്നതാണ്. കാബിനറ്റുകളും കബോര്‍ഡുകളും എല്ലാം വൃത്തിയാക്കാന്‍ മറക്കേണ്ട. പഴയ താമസക്കാര്‍ ഉപേക്ഷിച്ചു പോയ കര്‍ട്ടന്‍, കാര്‍പ്പെറ്റ് ഇവയൊക്കെ മാറ്റുന്നതാണ് നല്ലത്. നമ്മള്‍ സ്വയം ക്ലീന്‍ ചെയ്യുകയാണെങ്കില്‍ മാസ്‌കും ഗ്ലൗസും ഒന്നും മറക്കേണ്ട. മുന്‍ താമസക്കാര്‍ ക്ലീന്‍ ചെയ്താലും നമ്മുടെ സ്വന്തം വക ഒരു വൃത്തിയാക്കല്‍ കൂടി വേണം

4. ഭിത്തിയിലും സീലിങിലും പെയിന്റടിക്കാന്‍ മടിക്കേണ്ട. വിശാലമായ പെയിന്റിങ് ഒന്നും വേണ്ട. വൈറ്റ് പെയിന്റ് ഒരു കോട്ട് മതി. പൂപ്പലുകളും വിള്ളലുകളും പ്രാണികളുമൊക്കെ ഒഴിവാകാനാണ്. വീടിനുള്ളിലെ പഴയ ഗന്ധം മാറാനും ഇത് സഹായിക്കും. 

5. വീടിന് വിന്‍ഡോ കര്‍ട്ടനുകള്‍ ഇടാന്‍ മടിക്കേണ്ട. നമ്മുടെ പഴയ താമസസ്ഥലത്ത് നിന്നു കൊണ്ടുവന്ന കര്‍ട്ടനുകള്‍ തന്നെ മതി. വീടിന് ഒരു പ്രൈവസിയും, ഫിനിഷിങ് ടച്ചും തോന്നുന്നതിന് വേണ്ടിയാണ് ഇത്.

Content Highlights: things to do when moving into a new house