ഒരു വീടിന്റെ ആത്മാവാണ് അതിന്റെ അകത്തളം. അതുകൊണ്ട് സ്വന്തമായി ഒരു വീട് വെക്കുമ്പോള്‍ അവരവരുടെ ആവശ്യങ്ങളും അഭിരുചികളും മുന്നില്‍ കാണുക. മറ്റു പല ഇടങ്ങളിലും കണ്ടതും കേട്ടതും എല്ലാം പരിഗണിക്കാം. പക്ഷേ, സ്വന്തമായൊരു കാഴ്ചപ്പാടുണ്ടെങ്കില്‍ നമ്മുടെ ആവശ്യമനുസരിച്ച് ഭംഗിയുള്ളതും മടുപ്പുളവാക്കാത്തതുമായ ഡിസൈനുകള്‍ സ്വന്തമാക്കാം.
അതിനാദ്യമായി വേണ്ടത് ആവശ്യമുള്ളവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. ഇതില്‍ വീട്ടിലുള്ള കുട്ടികള്‍മുതല്‍ പ്രായമായവരെവരെ പരിഗണിക്കാം. പിന്നീട് അവയെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി സജ്ജീകരിക്കാം. ഇലക്ട്രിക്കല്‍ വര്‍ക്കെല്ലാം ഈ സജ്ജീകരണം അനുസരിച്ചായിരിക്കണം. 6 അടി വീതിയുള്ള കട്ടിലാണെങ്കില്‍ അതനുസരിച്ച് ക്രമീകരിച്ചാകണം കട്ടിലിടുന്നത്. കട്ടിലില്‍നിന്ന് കൈ എത്തുന്ന ദൂരത്തില്‍ സ്വിച്ച് ബോഡ് വെക്കാം. പിന്നീട് ഈ അളവുകളില്‍ ഫര്‍ണിച്ചര്‍ ക്രമീകരിച്ചുകഴിഞ്ഞാല്‍ ഡെക്കറേഷന് പാര്‍ട്ടിലേക്ക് കടക്കാം.
രൂപംമാറ്റാവുന്ന ഫര്‍ണിച്ചറുകള്‍ ഉപയോഗപ്രദമാണ്. മേശയായും സോഫയായും കട്ടിലായും ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത. തീരെ കുറഞ്ഞ സ്ഥലസൗകര്യമുള്ള ഫ്ളാറ്റുകളില്‍ ഇത് ഉപകാരം ചെയ്യും. ലളിതമായ ഫര്‍ണിച്ചറിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. ഫര്‍ണിച്ചറില്‍ മിതത്വം പാലിച്ച് കൂടുതല്‍ സ്ഥലം ഒഴിവാക്കിയിടാം.
വാള്‍പേപ്പറുകളും ടെക്സ്ച്വര്‍ പെയിന്റിങ്ങുമാണ് ചുമരുകള്‍ക്ക് കൂടുതല്‍ ഭംഗിവരുത്താന്‍ ചെയ്യുന്നത്. മുറിയുടെ ഒരുഭാഗത്തെ ചുവരില്‍ ഇത് ചെയ്താലും മതിയാകും. അഴുക്കു പുരണ്ടാല്‍ കഴുകിക്കളയാവുന്ന പെയിന്റുകളും അതിനു മുകളില്‍ കൊടുക്കാവുന്ന കോട്ടിങ്ങുകളും ലഭ്യമാണ്. ചെളിപിടിക്കാന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമായും ഇവ ഉപയോഗിക്കാം.
ഫ്േളാറിങ്ങിനായി വില കുറഞ്ഞ കടപ്പമുതല് ഇറ്റാലിയന്‍ മാര്‍ബിളും വുഡന്‍ ഫ്ളോറിങ്ങും വരെ വളരെ ട്രെന്‍ഡിയായി ഡിസൈന്ചെയ്യാം. ലാമിനേറ്റഡ് വുഡന്‍ ഫ്ളോറിങ്ങും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഗ്ലാസ് ടഫല്‍ ചെയ്തെടുത്ത് ഫ്ളോറിങ്ങിന് ഉപയോഗിക്കുന്ന രീതിയുമുണ്ട്. ഗ്ലാസില്‍തന്നെ പ്രത്യേകതരം കളര്‍ ലിക്വിഡ് നിറച്ച് ഉണ്ടാക്കുന്ന ടൈലുകളും വിപണിയിലുണ്ട്.
വുഡന്‍ ഫ്ളോറിങ്ങില്‍ തടികള്തന്നെ ടൈലുകളായോ സംസ്കരിച്ച ലാമിനേറ്റഡ് ഇന്റര്‍ ലോക്കിങ് ടൈലുകളായോ ഇത് വിരിക്കാം. ഇവ മാര്‍ബിളിന്റെയോ ടൈലിന്റെയോ കൂടെ മിക്സ് ചെയ്തുള്ള രീതിയുമുണ്ട്.
Content Highlights: Things to Consider When Designing a Room