പ്രതീകാത്മക ചിത്രം | Photo: Mathrubhumi
'നാഴിയിടങ്ങഴി മണ്ണില്‍ നാരായണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുര'യായിരുന്നു, 1970-കള്‍വരെ മലയാളിയുടെ വീട്. പ്രവാസം സ്വപ്നങ്ങള്‍ക്ക് ചിറകുവെപ്പിച്ചപ്പോള് വീട് വലുതായി.
ഇന്ന് 40,000 ചതുരശ്ര അടിക്കുംമേലേ വിസ്തീര്‍ണമുള്ള വീടുകളുണ്ട്. തറവിസ്തൃതികൊണ്ടും ആധുനിക സൗകര്യംകൊണ്ടും അമ്പരപ്പിക്കുന്ന മണിമാളികകള്‍ കേരളത്തി?ല്‍ ഏറെയാണ്. അതില്‍ പലതും താമസക്കാരില്ലാതെ കിടക്കുന്നു.
70-കളിലും 80-കളിലുമുണ്ടായ ഗള്‍ഫ് കുടിയേറ്റം, റബ്ബറുള്പ്പെടെ വാണിജ്യവിളകള്‍ക്ക് ഇടക്കാലത്തുണ്ടായ മികച്ച വില, ഭൂമിവിലയിലുണ്ടായ കുതിപ്പ്, ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായത്, വ്യാപാരരംഗത്തുള്ളവര്‍ക്ക് മികച്ച വരുമാനം കിട്ടിത്തുടങ്ങിയത് എന്നിവയെല്ലാം കേരളീയരുടെ സാമ്പത്തികാടിത്തറ വിപുലമാക്കി. അതോടെ വീടുകള്‍ എണ്ണത്തിലും വണ്ണത്തിലും വികസിച്ചു. കുടുംബാംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം കൂടിയത് കൂട്ടുകുടുംബവ്യവസ്ഥിതിക്ക് പുറത്തുകടക്കാന്‍ മലയാളിയെ സഹായിച്ചു. അണുകുടുംബങ്ങളുടെ എണ്ണം കൂടിയപ്പോള്‍ വീടുകളും കൂടി.
ചെറിയ കുടുംബങ്ങളിലെ അംഗങ്ങള്‍ ജീവിതമാര്‍ഗംതേടി പലവഴിക്കുപോയപ്പോള് പല വീടുകളും ആളില്ലാ കൂടുകളായി.
അന്നമില്ല, അര്‍ഥമില്ല, പാര്‍പ്പിടവുമില്ല
വീടിന്റെ വലുപ്പം, ഗുണനിലവാരം, നിര്‍മാണച്ചെലവ് എന്നിവ രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതലാണ്. എന്നിട്ടും വിവിധ സാമൂഹികവിഭാഗങ്ങള്‍ക്കിടയില്‍ പാര്പ്പിടസൗകര്യത്തിലെ അന്തരം മറ്റുസംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്. ജീര്‍ണിച്ച വീടുകളില്‍ കഴിയുന്ന പട്ടികവിഭാഗക്കാരുടെ അനുപാതം ദേശീയ ശരാശരിയെക്കാള്‍ നാലിരട്ടി കൂടുതലാണ് 'പ്രബുദ്ധകേരള'ത്തില്‍.
അന്നത്തെ അന്നത്തിനുമാത്രം വരുമാനമുള്ളവര്‍ക്ക് നല്ല വീടുപണിയാനുള്ള സമ്പാദ്യമില്ല. തിരിച്ചടവുശേഷിയില്ലാത്ത അവര്‍ക്ക് വായ്പലഭ്യതയ്ക്കും സാധ്യതയില്ല. സര്ക്കാര്സഹായംമാത്രമാണ് ആശ്രയം. എന്നാല്‍, പഴയ വീടായാലും ഒരെണ്ണമുള്ളവര്‍ക്ക് വേറെ വീടുണ്ടാക്കാന്‍ സഹായം കിട്ടുക എളുപ്പമല്ല. വീടിന്റെ കേടുപാട് തീര്‍ക്കാന്‍ സഹായ പദ്ധതികളുണ്ടെങ്കിലും പലര്‍ക്കും അതേപ്പറ്റി അറിവുപോലുമില്ല. സര്‍ക്കാരുദ്യോഗസ്ഥര്‍ മുമ്പിലെത്തുന്ന ഫയലുകളില്‍ അക്ഷരങ്ങളല്ലാതെ ജീവിതം കാണുന്നില്ല. ജീവിതങ്ങളെത്തേടി പോകാറുമില്ല. ആനുകൂല്യങ്ങള്‍ സമൂഹത്തിന് നേടിക്കൊടുക്കാന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ പട്ടികവിഭാഗങ്ങള്ക്കുള്ളില്ത്തന്നെ ഉണ്ടായാലേ ഈ സ്ഥിതി മാറൂ.
ചോരുന്ന കൂരയില്‍ കൂനിയിരിക്കുന്ന ബാല്യങ്ങള്‍
കാടിനടുത്താണ് ആ വീട്. മണ്ണുകുഴച്ച് കരിങ്കല്ലടുക്കി, ഫ്ലെക്സുകൊണ്ട് മറച്ച്, പൊട്ടിപ്പൊളിഞ്ഞ ഷീറ്റുകള്‍ മേഞ്ഞ ഒറ്റമുറിക്കൂര. വാതിലും ജനലുമൊക്കെ പേരിനുമാത്രം. നല്ലൊരു മഴപെയ്താല്‍, ആഞ്ഞൊരു കാറ്റുവീശിയാല്‍ നിലംപൊത്താം. കാട്ടുമൃഗങ്ങള്‍ മുറ്റത്തുവരെയെത്തും. ഉള്ളില്‍ നാലുപേരുണ്ട്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന വിനു എന്ന വിധവയും എട്ടുവയസ്സുള്ള മകന് ദര്‍ശനും മകള്‍ അഞ്ചുവയസ്സുകാരി ദക്ഷിണയും അവരുടെ അപ്പൂപ്പനും. ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് എട്ടാംനമ്പര്‍ കോളനിയിലാണ് ഈ വീട്.
വിനുവിന്റെ ഭര്‍ത്താവ് കാളിദാസന് മരിച്ചിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. അടച്ചുറപ്പുള്ള ഒരു വീടിനായി കാളിദാസന് മുട്ടാത്ത വാതിലുകളില്ലായിരുന്നു. വിനുവിന് കിട്ടുന്ന കൂലി നാലുവയറുകള്‍ നിറയ്ക്കാന്തന്നെ തികയില്ല. ''മഴേത്ത് വീടിനകത്തെല്ലാം വെള്ളം വരും. അപ്പൂപ്പനും അമ്മേം ഞാനും അനിയത്തീം കട്ടിലേല് കേറി ഇരിക്കും'' -കുഞ്ഞുദര്ശന്റെ വാക്കുകള്‍. അവന് പഠിക്കുന്ന വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂളിലെ അധ്യാപകരും പി.ടി.എ.യും ഇവര്‍ക്കൊരു വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
വരുമാനം നിഷേധിക്കുന്ന അഭിമാനം
വിദേശമലയാളിക്ക് വീട് പാര്പ്പിടത്തേക്കാളുപരി ഒരു സുരക്ഷിത നിക്ഷേപമായിരുന്നു. പക്ഷേ, അതില്‍ നിന്ന് ആനുപാതികമായ വരുമാനമുണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചില്ല. വര്‍ഷത്തിലൊരിക്കലേ പ്രവാസി കുടുംബം സ്വന്തം വീട്ടില്‍ താമസത്തിനെത്താറുള്ളൂ. കൂടിയാല്‍ ഒരു മാസം. ബാക്കി 11 മാസവും വീടെന്ന സൗധം മൗനം പുതച്ചുതിടത്തുന്നു. വീട് ഒരേസമയം സ്വപ്നസാഫല്യവും സാമൂഹികപദവിയുടെ സൂചകവും അഭിമാനസ്തംഭവുമായി കാണുന്ന അഴര്‍ക്ക് അത് വാടകയ്ക്ക് കൊടുക്കുന്നത് അഭിമാനക്ഷതമായി തോന്നുന്നു.
മണിമലയില്‍ താമസിക്കുന്ന രമേശന് 38 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് മടങ്ങിയതാണ്. രണ്ടുമക്കളുണ്ട്. അവര്‍ കൊച്ചിയില്‍ ഫ്ളാറ്റുകള്‍ വാങ്ങി താമസിക്കുന്നു. രമേഷന് വര്‍ഷങ്ങള്‍ക്കുമുമ്പ് പുതിയ വലിയ വീടുകള്‍ പണിത്പപോള് പഴയ കുടുംബവീട്ടില്‍ പാര്പ്പില്ലാതായി.പലപ്പോഴായി ചുറ്റുവട്ടത്ത് അഞ്ച് പുരയിടങ്ങള്‍ വീടുകളോട് കൂടി അദ്ദേഹം വാങ്ങിയിരുന്നു. അതെല്ലാം ഒഴിഞ്ഞുകിടക്കുന്നു. ആറുവീടുകളില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 30000 രൂപ വാടകകിട്ടുമെങ്കിലും രമേശന് താത്പര്യമില്ല. വാടകക്കാര്‍ വീട് സംരക്ഷിക്കില്ല. ഒഴിയാന്‍ പറഞ്ഞാന്‍ പിണക്കവും പരാതിയും. കിട്ടുന്ന വാടകയെക്കാള്‍ ചെലവാകും വീട് നന്നാക്കിയെടുക്കാന്‍. മനസ്സമധാനവും പോകും-അദ്ദേഹം പറയുന്നു.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..