നെഹ്‌റുവും ഇന്ദിരയും പ്രസംഗിച്ച ഇടം, സ്വാതന്ത്രസമരത്തിന്റെ നിശബ്ദസാക്ഷി; വെറുമൊരുവീടല്ല വേര്‍ക്കോട്‌


എം.പി. സൂര്യദാസ്‌

കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന ബംബ്ലാശ്ശേരി കമ്മാരന്‍ നായര്‍ ഭാര്യ ലക്ഷ്മികുട്ടി അമ്മയ്ക്കായി 18-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ പണിത ഇവിടെ ഒരുകാലത്ത് ആനകളും പ്രൗഢിയുടെ പരിവാരങ്ങളും ഉണ്ടായിരുന്നതായി പിന്മുറക്കാര്‍ പറയുന്നു.

വേർക്കോട് ഭവനം | Photo: Mathrubhumi (Photo: P. Krishnapradeep)

സ്‌കൂള്‍ ബഹിഷ്‌കരിച്ച് കോഴിക്കോട് തളിയില്‍ ഒത്തുചേര്‍ന്ന ബാലികമാര്‍ അന്ന് പ്രതിഷേധപ്രകടനത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള കാല്‍വെപ്പാണെന്ന് അവരാരും കരുതിക്കാണില്ല. ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വംനല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ രാജ്യവ്യാപകമായി അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്താന്‍ തളിയിലെ വേര്‍ക്കോട് ഭവനത്തില്‍ ഒത്തുചേര്‍ന്ന കോണ്‍ഗ്രസിലെ വനിതാനേതാക്കള്‍ തീരുമാനിച്ചു; നെഹ്രുവിനെയും സര്‍ദാര്‍ പട്ടേലിനെയും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിക്കാന്‍ നഗരത്തില്‍ പ്രകടനം നടത്താനും. എ.വി. കുട്ടിമാളു അമ്മയും എം. കാര്‍ത്യായനി അമ്മയും ഇ. നാരായണികുട്ടി അമ്മയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് നിരോധനം വകവെക്കാതെ പ്രകടനംനയിച്ചു. വനിതകള്‍ മുദ്രാവാക്യം മുഴക്കി പ്രകടനം തുടങ്ങുന്നതും തടയാന്‍ ബ്രിട്ടീഷ് പോലീസിന്റെ പട ഒരുങ്ങിനില്‍ക്കുന്നതുമായ രംഗം കണ്ടുനിന്ന ബാലിക ഭാരതസംഘത്തിലെ പ്രവര്‍ത്തകര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. വേര്‍ക്കോട് ഭവനത്തിന് മുന്നിലെ റോഡിനിരുവശത്തുമായി തടിച്ചുകൂടിയ ബാലികമാര്‍ വനിതകളുടെ സമരത്തിലേക്ക് എടുത്തുചാടി മുദ്രാവാക്യം മുഴക്കി. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ജയലക്ഷ്മിയും സഹോദരി കമലവും പി.ജി. സ്വര്‍ണകുമാരിയും കൂട്ടരും ത്രിവര്‍ണപതാകയേന്തി മുന്നോട്ടുകുതിച്ചു. ജയലക്ഷ്മിയുടെ കൈയില്‍നിന്ന് ത്രിവര്‍ണപതാക പിടിച്ചുമാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവള്‍ വിട്ടുകൊടുത്തില്ല. പിന്നെ അരമണിക്കൂറോളം അന്തരീക്ഷത്തില്‍ അലയടിച്ചത് സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന മുദ്രാവാക്യങ്ങള്‍.

കോണ്‍ഗ്രസ് നേതാവ് ടി.വി. സുന്ദരം അയ്യരുടെ മക്കളാണ് ജയലക്ഷ്മിയും കമലവും. സമരക്കാരെ അറസ്റ്റ്‌ചെയ്ത കൂട്ടത്തില്‍ പതാകയേന്തി മുന്നില്‍നിന്ന ജയലക്ഷ്മിയെയും പോലീസ് അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയി. പ്രായം 14-ന് താഴെയാണെന്നുകണ്ട് ജയലക്ഷ്മിയെ മാത്രം പിന്നീട് വിട്ടയച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് സ്ത്രീകള്‍ അറസ്റ്റ്വരിച്ച കേരളത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. ബാലികമാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായതും ചരിത്രരേഖയില്‍ കുറിക്കപ്പെട്ടു.

വേർക്കോട്‌ ഭവനത്തിൽ നെഹ്രു വന്ന്‌ പ്രസംഗിച്ച മുറി

വേര്‍ക്കോട് ഭവനത്തിലെ നാരായണി അമ്മയാണ് ബാലികമാര്‍ക്ക് രാഷ്ട്രീയമാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത്. അവര്‍തന്നെയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ബാലിക ഭാരതസംഘത്തിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയക്ലാസുകള്‍ നല്‍കിയത്. രാവിലെ കുട്ടികള്‍ ഒത്തുചേര്‍ന്ന് പ്രഭാതഭേരി നടത്തും. ബാലിക ഭാരത സംഘത്തിന്റെ നേതൃത്വത്തില്‍ നഗരം മുഴുവന്‍ ചുറ്റി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പ്രഭാതഭേരി കടന്നുപോവുക. നാരായണി അമ്മ തന്നെയാണ് ഓരോദിവസവും രാവിലെ പോവേണ്ട റൂട്ട് നിശ്ചയിച്ചുനല്‍കിയിരുന്നത്. പകല്‍സമയങ്ങളില്‍ ഈ വീട്ടില്‍ ചര്‍ക്കക്ലാസും ഹിന്ദിക്ലാസും നടക്കും. വൈകുന്നേരം ഓരോദിവസത്തെയും പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗംചേരും. അങ്ങനെ കൃത്യമായ പരിപാടിയോ?െടയാണ് ബാലിക ഭാരത സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒരുദിവസം പ്രഭാതഭേരിക്കുശേഷം വീടുകളില്‍ കയറി നോട്ടീസ് വിതരണം ചെയ്യുന്നതില്‍ ഏര്‍പ്പെട്ട മുഴുവന്‍ ബാലികമാരെയും ഒരു വാനില്‍ കയറ്റി പോലീസ് കൊണ്ടുപോയി. പക്ഷേ, ഉടനെ വിട്ടയച്ചു. വനിതാനേതാക്കളായ എം. കാര്‍ത്യായനി അമ്മ, ഇ. നാരായണിഅമ്മ, ഗ്രേസി അറോണ്‍, കുഞ്ഞിക്കാവ അമ്മ, ടി. അമ്മുക്കുട്ടി അമ്മ തുടങ്ങിയവരും യു. ഗോപാലമേനോന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, കെ. കേളപ്പന്‍, പി. കൃഷ്ണപിള്ള, ഇ.എം.എസ്. തുടങ്ങിയ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളുടെയും താവളമായിരുന്നു ഈ വീട്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ്ജിയുടെയും സന്ദര്‍ശനംകൊണ്ട് ആ കാലത്തുതന്നെ ശ്രദ്ധേയമായിരുന്നു വേര്‍കോട്. നെഹ്രു വന്നപ്പോള്‍ കൂടെ ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നു. വീടിന്റെ ഒന്നാംനിലയിലുള്ള വിശാലമായ ഹാളില്‍ തടിച്ചുകൂടിയ സ്ത്രീകളെയും കുട്ടികളെയും നെഹ്രു അഭിസംബോധനചെയ്ത് പ്രസംഗിച്ചു. നെഹ്രുവിന്റെ ഉറച്ചശബ്ദത്തിലുള്ള പ്രസംഗം താന്‍ ആദ്യമായി കേട്ടത് വേര്‍ക്കോട് ഭവനത്തില്‍വെച്ചാണെന്ന് യു. ഗോപാലമേനോന്റെ മകള്‍ പി.ജി. സ്വര്‍ണകുമാരി എഴുതിയിട്ടുണ്ട്. വേര്‍?േക്കാട് വീട്ടിലും തൊട്ടടുത്തുള്ള വെട്ടത്ത് വീട്ടിലുമായാണ് അക്കാലത്ത് കോണ്‍ഗ്രസ് യോഗങ്ങളും സമ്മേളനങ്ങളും നടന്നിരുന്നത്. ചാലപ്പുറം കോണ്‍ഗ്രസ് എന്ന് കളിയാക്കിവിളിക്കാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.

കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന ബംബ്ലാശ്ശേരി കമ്മാരന്‍ നായര്‍ ഭാര്യ ലക്ഷ്മികുട്ടി അമ്മയ്ക്കായി 18-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ പണിത ഇവിടെ ഒരുകാലത്ത് ആനകളും പ്രൗഢിയുടെ പരിവാരങ്ങളും ഉണ്ടായിരുന്നതായി പിന്മുറക്കാര്‍ പറയുന്നു. കമ്മാരന്‍ നായരുടെ മകള്‍ നാരായണി അമ്മ ദേശീയപ്രസ്ഥാനവുമായി ആകൃഷ്ടമായതോടെയാണ് വീട് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കേന്ദ്രമായി മാറിയത്. മലബാറില്‍ വനിതകളുടെ സംഘത്തെ സ്വാതന്ത്ര്യപോരാട്ടത്തിലേക്ക് നയിക്കുന്നതില്‍ നാരായണി അമ്മ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നാരായണി അമ്മയുടെ മകള്‍ ബാലലക്ഷ്മി അമ്മയായിരുന്നു പിന്നീട് ദീര്‍ഘകാലം വീട് നോക്കിനടത്തിയിരുന്നത്. ബാലലക്ഷ്മി അമ്മയുടെ സഹോദരനാണ് കീഴരിയൂര്‍ ബോംബ് കേസിലെ പ്രതിയായ രാഘവകുറുപ്പ്. ബാലലക്ഷ്മി അമ്മയുടെ മകന്‍ അഭിഭാഷകനായ ഗോപിനാഥ് വീടിന്റെ അവകാശിയായി. അദ്ദേഹം 2011-ല്‍ മരിച്ചശേഷം ഗോപിനാഥിന്റെ ഭാര്യ ജയപ്രഭ ഗോപിനാഥും മക്കളായ സുഷമ രാജ്കുമാറും സുചേത ജയേഷുമാണ് ചരിത്രം നിറഞ്ഞുനില്‍ക്കുന്ന ഈ വീടിന്റെ ഉടമസ്ഥര്‍.

ബാലലക്ഷ്മി അമ്മ, കീഴരിയൂർ ബോം​ബ്‌ കേസിലെ ബോംബ്‌ സൂക്ഷിച്ച അലമാര

ബോംബ് ഒളിപ്പിച്ച അലമാര

കീഴരിയൂര്‍ ബോംബ് കേസിലെ പ്രതികളില്‍ പ്രമുഖനായ രാഘവകുറുപ്പ് നാരായണി അമ്മയുടെ മൂത്തമകനാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഡോ. കെ.ബി. മേനോന്‍ ബോംബ്‌കേസിലെ പ്രതിയെന്ന നിലയില്‍ ഏറെക്കാലം ഈ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്നു. ബോംബ് നിര്‍മിക്കുന്നതെങ്ങനെയെന്ന് ബോംബേയില്‍പോയി പഠിച്ചശേഷം കെ.ബി. മേനോന്റെ നേതൃത്വത്തില്‍ ബോംബ് ഉണ്ടാക്കി സൂക്ഷിച്ചത് ഈ വീട്ടിലാണ്. വിവരമറിഞ്ഞ് ബ്രിട്ടീഷ് പോലീസ് വീടുവളഞ്ഞ് ബോംബിനുവേണ്ടി തിരിച്ചില്‍ നടത്തി. മണിക്കൂറുകള്‍നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ഒന്നും കണ്ടെത്താനാവാതെ പോലീസ് മടങ്ങി. വീടിനുള്ളിലെ ചുമരലമാരയില്‍ തുണികള്‍ക്കിടയില്‍ ഭദ്രമായി ഒളിപ്പിച്ചുവെച്ച ബോംബ് അന്ന് രാത്രി രാഘവകുറുപ്പിന്റെ സഹോദരന്‍ ശങ്കുണ്ണികുറുപ്പ് തളി കുളത്തില്‍ കൊണ്ടുപോയി എറിഞ്ഞുനശിപ്പിച്ചു. ബോംബ് കേസില്‍ ജയിലിലായ രാഘവകുറുപ്പ് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് പുറത്തിറങ്ങിയത്. ഖാദി പ്രചാരണത്തിനായി കേരളം സന്ദര്‍ശിച്ച വേളയിലാണ് ഗാന്ധിജി വേര്‍?േക്കാട് വീട്ടിലും സമീപമുള്ള മറ്റൊരുവീട്ടിലും വിശ്രമിച്ചത്. ചരിത്രമുഹൂര്‍ത്തങ്ങളും സംഭവങ്ങളും ഒരുപാട് അയവിറക്കാനുള്ള ഈ വീട് നിലനിര്‍ത്തണമെന്നുതന്നെയാണ് ജയപ്രഭയുടെയും മക്കളുടെയും ആഗ്രഹം.

Content Highlights: verkode house at kozhikode, freedom struggle, myhome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented