മ്മവീടുകള്‍ തിരുവനന്തപുരത്തിന്റെ പൈതൃക സമ്പത്താണ്. രാജാക്കന്മാര്‍ ഭാര്യമാര്‍ക്കായി പണിതുനല്‍കുന്ന പ്രേമോപഹാരങ്ങളാണ് ഇവ. പ്രണയത്തിന്റെ മണമുള്ള ഈ വീടുകളില്‍ ചിലത് കാലത്തിന്റെ കെടുതികളെ അതിജീവിച്ചും നഗരത്തിന്റെ പലഭാഗങ്ങളില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. 

ഏതുദേശത്തുനിന്നാണോ ഭാര്യമാരെ ദത്തെടുത്തു വിവാഹംചെയ്യുന്നത് ആ നാടിന്റെ പേരിലായിരിക്കും അമ്മവീടുകള്‍ അറിയപ്പെടുന്നത്. നാഗര്‍കോവില്‍, തിരുവട്ടാര്‍, അരുമന, തഞ്ചാവൂര്‍, വടശ്ശേരി തുടങ്ങിയ ദേശങ്ങളിലേക്കു ദത്തെടുത്താണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഭാര്യമാരെ സ്വീകരിച്ചിരുന്നത്. അതിനാല്‍ ഈ പേരുകളിലാണ് തലസ്ഥാനത്തെ അമ്മവീടുകള്‍ അറിയപ്പെടുന്നതെന്നു ചരിത്രഗവേഷകന്‍ കിഴക്കേമഠം പ്രതാപന്‍ സാക്ഷ്യപ്പെടുത്തുന്നു. 

സംഗീത സമ്രാട്ടായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവ്, മൂന്നാം ഭാര്യയായ സുന്ദരലക്ഷ്മിക്കായി മനോഹരമായ എട്ടുകെട്ട് കോട്ടയ്ക്കു വെളിയില്‍ പണിതുനല്‍കി. പിന്നീടിത് 16 കെട്ടായി വിപുലീകരിച്ചു. ഇപ്പോഴത്തെ പടിഞ്ഞാറേക്കോട്ടയ്ക്കു സമീപത്താണത്. 1980 നവംബറില്‍ 'മാതൃഭൂമി'യുടെ തിരുവനന്തപുരം എഡിഷന്‍ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. ന്യൂസ് ഡെസ്‌കും അച്ചടിയും ആദ്യകാലത്ത് ഇവിടെനിന്നായിരുന്നു. 'അങ്ങനെ സ്വാതിതിരുനാളിന്റെ കലാസ്വാദനത്തിനു സാക്ഷ്യംവഹിച്ച സുകൃത സദനത്തില്‍നിന്നാണ് 'മാതൃഭൂമി' തലസ്ഥാനത്തു തുടക്കമിട്ടത്. 

സുന്ദരലക്ഷ്മി തഞ്ചാവൂരുകാരിയായിരുന്നെങ്കിലും ഈ മാളികയ്ക്ക് വടശ്ശേരി പടിഞ്ഞാറേ അമ്മവീടെന്നായിരുന്നു പേര്. സുന്ദരലക്ഷ്മിയുടെ ചേച്ചി സുഗന്ധപാര്‍വതിയും ഇവിടെ താമസിച്ചിരുന്നു. ഇവരുടെ കാലശേഷം ഈ വീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുറേക്കാലം കിടന്നു. ശ്രീമൂലം തിരുനാള്‍, മകന്‍ കൊച്ചു ശ്രീനാരായണന്‍ തമ്പിയ്ക്ക് ഇതു കൈമാറി. 

അദ്ദേഹം ഇതു സംരക്ഷിക്കുകയും വടക്ക് വശത്ത് മുറ്റത്ത് മനോഹരമായ രണ്ടുനില മാളിക പണിയുകയും ചെയ്തു. തഞ്ചാവൂര്‍ സഹോദരിമാരായ സുന്ദരലക്ഷ്മിയുടെയും സുഗന്ധപാര്‍വതിയുടെയും സ്മരണയ്ക്കായി പുതിയ മാളികയ്ക്ക് തഞ്ചാവൂര്‍ അമ്മവീടെന്നു പേരിട്ടു. അതാണ് പടിഞ്ഞാറേക്കോട്ടയില്‍നിന്നു ഈഞ്ചക്കലേക്കുള്ള റോഡില്‍ ശ്രീപദ്മം കല്യാണമണ്ഡപത്തിന് എതിര്‍വശത്ത് ഗതകാല പ്രൗഢിയോടെ വിളങ്ങുന്നത്. ഇവിടെ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുകയാണിപ്പോള്‍. മിത്രനികേതന്‍ എന്ന സര്‍ക്കാരിതര സന്നദ്ധസംഘടനയുടെ തിരുവനന്തപുരം സിറ്റി സെന്ററായി ഈ മന്ദിരം പ്രവര്‍ത്തിക്കുന്നു.

നിര്‍മാണരീതിയില്‍തന്നെ ഏറെ പ്രത്യേകതകളുള്ളതാണ് ഈ അമ്മവീട്. വിദേശീയവും സ്വദേശീയവുമായ പലവിധ ശൈലികള്‍ സംയോജിപ്പിച്ചാണ് കെട്ടിടം പണിതത്. ജനലുകള്‍ കെട്ടിടത്തിനു പുറത്തേക്കു തള്ളുന്നത് തഞ്ചാവൂര്‍ ശൈലിയാണ്. മിന്നാരങ്ങള്‍ മുഗള്‍ വാസ്തുശൈലിയിലാണ്. ജനലിലും വാതിലിലും വിക്ടോറിയന്‍ മാതൃകയിലാണ് ഗ്ലാസുകള്‍ പതിപ്പിച്ചിട്ടുള്ളത്. ജനല്‍ കര്‍ട്ടനു പകരം പാളികള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഫ്രഞ്ച് ശൈലിയും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മാതൃകയിലാണ് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളത്. െബല്‍ജിയന്‍ മിററുകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ചവിട്ടുപടികള്‍ വിദേശ മാതൃകയിലാണ്. ചുവരുകളില്‍ പന്തം വെക്കുന്നതിനുള്ള പടികള്‍ പണിതിട്ടുണ്ട്. കിടപ്പുമുറിയില്‍ പങ്ക സജ്ജീകരിച്ചിട്ടുണ്ട്. ചരടുപയോഗിച്ച് കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നവയാണ് പങ്കകള്‍. 

രണ്ടു നിലകളിലായി 10 മുറികളുണ്ട്. ഇവയ്ക്കു പുറമേ ചെറുതും വലുതുമായ ഹാളുകളും. വെള്ളത്തിന് ഹാന്‍ഡ് പമ്പ് ഉപയോഗിക്കുന്ന ആധുനിക ശുചിമുറികളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. തലസ്ഥാനത്ത് ആദ്യം വൈദ്യുതീകരിച്ച കെട്ടിടങ്ങളിലൊന്ന് ഇതാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. അപൂര്‍വ എണ്ണച്ചായാച്ചിത്രങ്ങള്‍ കെട്ടിടത്തെ അലങ്കരിച്ചിരുന്നു. ശ്രീമൂലം തിരുനാളിന്റെ ഭാര്യയുടെ എണ്ണച്ചായാച്ചിത്രം ഇവിടെനിന്നു പണ്ട് മോഷണം പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1890-കളാണ് ഈ കെട്ടിടത്തിന്റെ നിര്‍മാണകാലമായി കണക്കാക്കുന്നത്. 

രണ്ട് അമ്മവീടുകള്‍ ഉള്‍പ്പെടുന്ന 65 സെന്റ് ഭൂമി 1975-ലാണ് ശ്രീമൂലം തിരുനാളിന്റെ ചെറുമകന്‍ പരമേശ്വരന്‍ തമ്പിയില്‍നിന്നു മിത്രനികേതന്‍ സ്ഥാപകനായ വി.വിശ്വനാഥന്‍ വാങ്ങുന്നത്. മിത്രനികേതന്റെ നേതൃത്വത്തിലുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ക്കും വിവിധ പദ്ധതികളുടെ പരിശീലനങ്ങള്‍ക്കും ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആയോധന-സംഗീത-നാട്യ കലകളിലും പരിശീലനം നല്‍കുന്നു. പാരമ്പര്യമൂല്യം നിലനിര്‍ത്തി മന്ദിരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് മിത്രനികേതന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രഘുരാമദാസ് പറഞ്ഞു.

Content highlight: Thanjavur ammaveedu in trivandrum