പിങ്ക് നിറത്തില്‍ പെയിന്റ് ചെയ്ത മൂന്നു നിലകളുള്ള മനോഹരമായ ഒരു വീട്. ത്രികോണാകൃതിയില്‍ നിര്‍മ്മിച്ച മേല്‍ക്കൂരയും ചില്ലുകള്‍ പതിച്ച് ഭംഗിയാക്കിയ ഭിത്തിയും എല്ലാം കാണുമ്പോല്‍ ബാര്‍ബി ഡോളിന്റെ വീടുപോലെ ഒരു തോന്നലുണ്ടാവും. എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ തന്നെ മേല്‍ക്കൂര നിലത്തുകുത്തിയ നിലയിലാണ് വീട് കാണാനാവുക. കളിവീട് കുട്ടികള്‍ വലിച്ചെറിഞ്ഞ പോലെ. അതുമാത്രമല്ല ഈ വീടിന്റെ ഭംഗി ശരിയായി ആസ്വദിക്കണമെങ്കില്‍ തലകുത്തി നടക്കാന്‍ പഠിക്കണം, ഞെട്ടേണ്ട, കളിവീട് മറിച്ചിട്ടതുപോലെ തലകുത്തനെയാണ് ഈ വീടിന്റെ രൂപകല്പന. തായ്ലന്‍ഡിലെ ഫുക്കറ്റ് ദ്വീപിലാണ് ഈ വിചിത്ര വീട് തലകുത്തി നില്‍ക്കുന്നത്. ബാന്‍ ടീലങ്ക എന്നാണ് വീടിന്റെ പേര്.

home

തറയില്‍ മുട്ടി നില്‍ക്കുന്ന മേല്‍ക്കൂരയിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. വീടിന്റെ പുറംഭാഗം മാത്രമേ തലതിരിഞ്ഞ ആകൃതിയില്‍ ഉള്ളൂ എന്ന് കരുതിയെങ്കില്‍ തെറ്റി. അകത്തേക്ക് കയറിയാല്‍  ശൂന്യാകാശത്ത് എത്തിയ പോലെ തോന്നും.  കാരണം മുറികളുടെ സീലിങ്ങിലൂടെ നടക്കുന്ന പ്രതീതിയാണ് വീടിനുള്ളില്‍. തറഭാഗം സീലിങ് പോലെ തോന്നുന്ന വിധമാണ് ഈ വീടിന്റെ ഉള്‍ത്തളം പണിതിരിക്കുന്നത്.  ഫര്‍ണിച്ചറുകളും കര്‍ട്ടനും ഭക്ഷണം വിളമ്പിയ നിലയിലുള്ള ഡൈനിങ്ങ് ടേബിളും എല്ലാം മുറികളുടെ മച്ചിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഉള്ളില്‍ കയറുന്നവര്‍ക്ക് സ്വയം തലകുത്തി നില്‍ക്കുകയാണോ അതോ വീട്ടിലെ വസ്തുക്കള്‍ താഴെ വീഴാതെ മച്ചില്‍ തൂങ്ങിക്കിടക്കുകയാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഉറപ്പ്. 

home

പ്രധാനവാതില്‍ കടന്നാല്‍ നേരെ നടുമുറ്റത്തേയ്ക്ക് എത്തും. അവിടെനിന്നും സ്റ്റെയര്‍കേസ് വഴി മുകള്‍നിലയിലെ ലിവിങ് റൂമില്‍ എത്താം. നടന്നു നീങ്ങുന്ന വഴിയിലുള്ള ' സീലിങ്ങ്' ഫാനുകളും  തലകുത്തനെ നിന്ന് പ്രവര്‍ത്തിക്കുന്ന ടിവിയും  അക്വേറിയവും, ഫ്രിഡ്ജുമെല്ലാം സന്ദര്‍ശകരെ ഞെട്ടിക്കും. അടുക്കള, കിടപ്പുമുറികള്‍, വര്‍ക്ക് ഏരിയ, എന്തിനേറെ ബാത്ത്‌റൂമുകള്‍ വരെ തലകീഴായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മുറിയും ശരിയായ രൂപത്തില്‍ കാണണമെങ്കില്‍ ചിത്രങ്ങള്‍ പകര്‍ത്തി തല തിരിച്ചു നോക്കേണ്ടിവരും.

Content Highlights: thailand upside down house baan teelanka