തിനാലുകാരനായ ആന്‍ഡ്രേസ് കാന്റോ അച്ഛനമ്മമാരുമായി ഒന്നു പിണങ്ങി. ട്രാക്ക്‌സ്യൂട്ട് അണിഞ്ഞ് പുറത്ത് പോകുന്നതിനെ ചൊല്ലിയായിരുന്നു ആ വഴക്ക്. എന്നാല്‍ ആ വഴക്കിന് ശേഷം ആന്‍ഡ്രേസ് വെറുതേ ഇരുന്നില്ല, ദേഷ്യത്തിന് വീടിന്റെ പിന്നാമ്പുറത്തേക്കാണ് പോയത്. കൈയില്‍ കിട്ടിയ പിക്കാസ് എടുത്ത് നിലം കുഴിക്കാനും തുടങ്ങി. ആ കുഴിക്കല്‍ ആറ് വര്‍ഷം നീണ്ടെന്ന് മാത്രമല്ല ഒരു കൊച്ചു ഭൂഗര്‍ഭ വീട് തന്നെ ഒരുക്കി ആന്‍ഡ്രേസ്. 

അന്നത്തെ വഴക്ക് വേഗം പരിഹരിക്കപ്പെട്ടങ്കിലും ദേഷ്യത്തില്‍ കുഴിച്ചു തുടങ്ങിയപ്പോള്‍ ഒരു കൗതുകം തോന്നി എന്നാണ് ഈ വീടിനെ പറ്റി ആന്‍ഡ്രേസിന് പറയാനുള്ളത്. സ്‌കൂള്‍ കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ഒരു വിനോദമായി കുഴിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം മൂന്നു മീറ്റര്‍ ആഴത്തില്‍ ഒരു കിടപ്പുമുറിയും വിശ്രമമുറിയും ഉള്‍പ്പെടുന്ന ഗുഹാവീടാണ് ആന്‍ഡേഴ്‌സ് നിര്‍മ്മിച്ചെടുത്തത്. 

home
ആന്‍ഡ്രേസ് പതിനാലാം വയസ്സില്‍ വീട് നിര്‍മ്മാണം തുടങ്ങിയപ്പോള്‍,  ആന്‍ഡ്രേസ് ഇപ്പോള്‍

തുടക്കത്തില്‍ കൈകൊണ്ടുതന്നെ മണ്ണ് കുഴിച്ചെടുത്ത് ബക്കറ്റിലാക്കി പുറത്തുകളയുകയായിരുന്നു. വീട് നിര്‍മ്മാണം കണ്ടു സഹായിക്കാനായി ഒരു സുഹൃത്തും ഒപ്പം കൂടി. സുഹൃത്ത് നല്‍കിയ ഡ്രില്ലിങ് മെഷീനായിരുന്നു ആദ്യത്തെ ആയുധം. ഇരുവര്‍ക്കും ഇത് രസകരമായി തോന്നിയതോടെ മണ്ണ് നീക്കാനുള്ള മാര്‍ഗങ്ങളെ പറ്റി വിശദമായി പഠിച്ചിട്ടായി വീട് നിര്‍മാണം. 

വീതികുറഞ്ഞ പടവുകളിറങ്ങി വേണം ഗുഹാ വീട്ടിലേക്ക് പ്രവേശിക്കുവാന്‍. മുറികളിലും പടവുകളിലും പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 20-21 ഡിഗ്രി സെല്‍ഷ്യസില്‍ താപനില സ്ഥിരമായി നിലനിര്‍ത്താന്‍ ഒരു ഹീറ്റിംഗ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. കിടപ്പുമുറിയുടെ ഒരുവശത്ത് മണ്ണില്‍ തീര്‍ത്ത കട്ടിലും ഒരുക്കിയിരിക്കുന്നു. വിശ്രമമുറിയില്‍ ഒരു കസേരയും. സംഗീതം ആസ്വദിക്കുന്നതിനായി മ്യൂസിക് സിസ്റ്റവും മൊബൈലില്‍ നിന്നും വൈഫൈ കണക്ഷന്‍ ലഭിക്കാനുള്ള സംവിധാനവും പ്രധാന വാതിലിനു സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്.

4500 രൂപയില്‍ താഴെ മാത്രമാണ് ഈ ഭൂഗര്‍ഭ വീടിന്റെ നിര്‍മ്മാണത്തിനായി ചിലവായത്. വീടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ആന്‍ഡ്രേസ് സ്റ്റാറായി. 2015 ല്‍ മുത്തച്ഛന്റെ പികാക്‌സുമായി പറമ്പിലേക്ക് ഇറങ്ങുന്ന സമയത്ത് തന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല എന്ന് ഇപ്പോള്‍ 20കാരനായ ആന്‍ഡ്രേസ് പറയുന്നു. കുറച്ചു മുറികള്‍ കൂടി നിര്‍മിച്ച് വീട് വിപുലമാക്കാനാണ് ഇയാളുടെ പദ്ധതി.

Content Highlights: Teen spends six years digging underground home in garden after fight with his parents