2021 ലെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ അവാര്‍ഡിനൊപ്പം കാണികള്‍ ശ്രദ്ധിച്ച മറ്റൊന്നു കൂടിയുണ്ട്. നാടോടിഗാന രൂപത്തിലുള്ള 'കാര്‍ഡിഗന്‍' എന്ന ഗാനം ആലപിക്കാന്‍ ടെയ്‌ലര്‍ സിഫ്റ്റ് ഒരുക്കിയ കോട്ടേജിലാണ് ആരാധകരുടെ നോട്ടം. 

നീലനിറത്തില്‍ തിളങ്ങുന്ന ഗൗണ്‍ അണിഞ്ഞെത്തിയ ഗായികയുടെ ബാക്ക്ഗ്രൗണ്ടില്‍ പ്രേതസിനിമകളെ ഓര്‍മിപ്പിക്കുന്ന വിധമുള്ള കോട്ടേജാണ് ഒരുക്കിയിരുന്നത്. കാടിന്റെ പശ്ചാത്തലത്തിലാണ് തടിയില്‍ തീര്‍ത്ത ഈ കുടില്‍. മേല്‍ക്കൂരയില്‍ പഴമ തോന്നാന്‍ പായലും മറ്റും പറ്റിപ്പിടിച്ചതു പോലെ ഒരുക്കിയിരുന്നു. ചുറ്റും മിന്നാമിനുങ്ങുകള്‍ പറക്കുന്നതുപോലെയും നിലാവെളിച്ചത്തിന്റെയും പ്രതീതിയും നല്‍കിയാണ് കുടിലിന്റെ നിര്‍മാണം.

ചെറിയ മഞ്ഞും, വീടിനുള്ളിലെ മങ്ങിയ മഞ്ഞവെളിച്ചവും എല്ലാമായി ആരാധകര്‍ പാട്ടിനേക്കാള്‍ കൂടുതല്‍ വീടിന്റെ ഭംഗിയിലാണ് മനം മയങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇവിടേക്ക് താമസം മാറ്റിയാല്‍ കൊള്ളാമെന്ന ആഗ്രഹവും പലരും കമന്റുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. ടെയ്‌ലര്‍ സിഫ്റ്റിന്റെ പെര്‍ഫോമന്‍സിനെക്കാള്‍ ഇഷ്ടമായത് വീടാണെന്നാണ് ചിലരുടെ അഭിപ്രായം. 'ബ്രേവ്' സിനിമയിലെ മന്ത്രവാദിനിയുടെ കുടിലിലാണോ നിങ്ങളെന്നാണ് മറ്റുചിലരുടെ ചോദ്യം.

Content Highlights: Taylor Swift Performed In a Cottage at the Grammy's