കോവിഡ് വ്യാപനം കൂടിയതോടെ ചികിത്സാകേന്ദ്രങ്ങളുടെ ആവശ്യവും കൂടിയിരിക്കുകയാണ്. ഓഡിറ്റോറിയങ്ങളും ഹോസ്റ്റലുകളും തുടങ്ങിയ കേന്ദ്രങ്ങളെല്ലാം കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് കാസര്‍കോഡ് ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ ഒരു ആശുപത്രി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ആശുപത്രി നിര്‍മ്മിച്ച് നല്‍കുന്നത്. കോവിഡ് 19 പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ടാറ്റ ട്രസ്റ്റും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപ നല്‍കുമെന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ മാര്‍ച്ച് 28 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് കാസര്‍കോഡ് ടാറ്റ ഗ്രൂപ്പ് ആശുപത്രി നിര്‍മ്മിച്ച് നല്‍കുന്നത്.
അഞ്ചേക്കറില്‍ 540 കിടക്കകളുള്ള ആശുപത്രിയാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. പ്രീ ഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മാണം. ടാറ്റ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സിന്റേതാണ് ഡിസൈന്‍. ടാറ്റ സ്റ്റീലാണ് കെട്ടിടത്തിനുള്ള ഭാഗങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. ടാറ്റ പ്രൊജക്ട്‌സ് ആണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
പ്രത്യേകതകള്‍
പ്രീ ഫാബ് സാങ്കേതികവിദ്യയാണ് ആശുപത്രി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ടാറ്റ സ്റ്റീല്‍ തയ്യാറാക്കുന്ന മോഡുലാര്‍ പ്രീ ഫാബ്രിക്കേറ്റഡ് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. സ്റ്റീലാണ് ചട്ടക്കൂട്. ഇലക്ട്രിക്കല്‍, പ്ലംബിങ് സ്ലോട്ടുകളോടെയാണ് ഇവ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്നത്. ഇങ്ങനെ തയ്യാറാക്കിയ യൂണിറ്റുകള്‍ കെട്ടിടം നിര്‍മ്മിക്കേണ്ട സ്ഥലത്ത് എത്തിച്ച് അസംബിള്‍ ചെയ്യും. വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ കെട്ടിടം നിര്‍മ്മിക്കാം എന്നതാണ് ഈ നിര്‍മ്മാണരീതിയുടെ പ്രത്യേകത. ഇതേ സൗകര്യങ്ങളോടെ സാധാരണ കെട്ടിടമാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരും. എന്നാല്‍ ഇവിടെ 100 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാവും.

ഫൈബര്‍ഗ്ലാസ് റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ് (എഫ്.ആര്‍.പി.) ഉപയോഗിച്ചാണ് ചുമരുകളും റൂഫ് പാനലുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഭാരം കുറവും നല്ല ബലമുള്ളതുമാണ് ഇവ. അതിനാല്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വളരെ എളുപ്പത്തില്‍ കൊണ്ടുപോകാനാകും. ഇവ തുരുമ്പ് പിടിക്കില്ല. വാട്ടര്‍പ്രൂഫുമാണ്.
അഞ്ച് കിടക്കകള്‍ ഇടാന്‍ കഴിയുന്ന ഐസൊലേഷന്‍ യൂണിറ്റ്, രോഗം സ്ഥിരീകരിച്ചാല്‍ കഴിയാനുള്ള മൂന്നും ഒന്നും കിടക്കകളുള്ള പ്രത്യേക യൂണിറ്റ്, മികച്ച സൗകര്യങ്ങളുള്ള ശുചിമുറി എന്നിവയാണ് ഇതോടൊപ്പമുള്ളത്. 40 ചതുരശ്ര മീറ്ററാണ് ഒരു യൂണിറ്റിന്റെ വിസ്തീര്‍ണം. 128 യൂണിറ്റുകളിലായി 540 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും കഴിയാനുള്ള ഭാഗം ശീതികരിച്ചതാണ്.

കെട്ടിടനിര്‍മ്മാണത്തിനായി ജോലിക്കാരുടെ എണ്ണം കുറവ് മതിയെന്നതും ഈ നിര്‍മ്മാണരീതിയുടെ പ്രത്യേകതയാണ്. എല്ലാം ഫാക്ടറിയില്‍ നിന്ന് തയ്യാറാക്കിയാണ് കെട്ടിടനിര്‍മ്മാണ സ്ഥലത്ത് എത്തിക്കുന്നത്. ഇവിടെ നിലം നിരപ്പാക്കി കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിരത്തി അതിന് മുകളില്‍ ക്രെയിന്‍ ഉപയോഗിച്ച് യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ടാറ്റയുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്ലാന്റുകളില്‍ നിന്നാണ് യൂണിറ്റുകള്‍ നിര്‍മ്മിച്ച് ഇവിടെ എത്തിക്കുന്നത്. അസംബ്ലിങ് ജോലികളാണ് ഇവിടെ ചെയ്യുന്നത്. 30 വര്‍ഷം വരെ ഇത് നിലനില്‍ക്കും. അറ്റകുറ്റപ്പണികള്‍ ഇടയ്ക്ക് ചെയ്യുന്നത് വഴി ഈ കാലയളവ് ദീര്‍ഘിപ്പിക്കാമെന്ന് ടാറ്റ ഗ്രൂപ്പ് പറയുന്നു.
നിലവില്‍ കോവിഡ് ചികിത്സാ കേന്ദ്രമാക്കാനാണെങ്കിലും ഭാവിയില്‍ ഇത് സ്ഥിരം ആശുപത്രിയായി മാറ്റാനാകും.
Content Highlights: Tata Group to set up Covid 19 hospital in Kasaragod using Prefabricated building style, My Home, Home Style