സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് കോഴിക്കോട് ഒരു വീടുണ്ട് പേര് ഭൂമി. ഭൂമി പണിത ആര്‍ക്കിടെക്റ്റ് സതീശനെ കുറിച്ച് സുഭാഷ് ചന്ദ്രന്‍  ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ആര്‍ക്കിടെക്റ്റിനെ വെച്ച് വീട് പണിയുന്ന ആര്‍ക്കും   ഇങ്ങനെയൊരാളോയെന്ന് ഈ  കുറിപ്പ് വായിച്ച് കഴിയുമ്പോള്‍ അത്ഭുതം തോന്നും. കാലത്തിനൊപ്പം ഓടാതെ തന്റെ മൂല്യങ്ങളെ മുറുകെ പിടിക്കുന്നൊരു ആര്‍ക്കിടെക്റ്റ്.  ആരെയും ഒന്ന് ഇരുത്തി ചിന്തിയ്ക്കും ഈ  കുറിപ്പ്.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 


ഭൂമിയുടെ സ്ഥപതി

ഏറെക്കാലത്തിനു ശേഷം ഇന്ന് സതീശനെ വീണ്ടും കണ്ടു. പതിന്നാലു സംവല്‍സരങ്ങള്‍ക്കുമുന്‍പ് എനിക്ക് കോഴിക്കോട്ട് 'ഭൂമി' എന്ന വീടുണ്ടാക്കിത്തന്ന വാസ്തുവിത്തിനെ. അതേ ഖദര്‍ ഷര്‍ട്ട്. അതേ വള്ളിച്ചെരുപ്പ്. അതെ ജനറല്‍ കമ്പാര്‍ട്ട്മന്റ് യാത്ര... സതീശന്‍ ഒരു തരി പോലും മാറിയിട്ടില്ല. 

വീടു പണിയുന്ന കാലത്ത് സതീശന്‍ എന്നും വരാറുള്ള ഇളം നീല സ്‌കൂട്ടര്‍ ഓര്‍മ്മിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു:'സതീശന്‍ കാറു വാങ്ങിയില്ലേ?''അയ്യയ്യയ്യയ്യേ!', തൃശ്ശൂരുകാരന്റെ ഈണവാണിയില്‍ സതീശന്‍ പറഞ്ഞു:'നമുക്കിപ്പഴും ടുവീലറു തന്നെ. അദിന്റെ ഒരു സുഖം കാറിനു കിട്ട്വോ!'

കേരളത്തിലെ ഏറ്റവും തിരക്കുള്ള ആര്‍ക്കിടെക്റ്റുകളില്‍ ഒരാളാണ്. തേയ്ക്കാത്ത ചെങ്കല്ലില്‍ മനോഹരമായ വീടുകള്‍ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കുന്ന മിടുക്കന്‍. മാതൃഭൂമിയില്‍ കോഴിക്കോട്ട് കൂടുവച്ച ഞങ്ങള്‍ പല വരത്തന്മാരുടേയും മയന്‍!

മുകളില്‍ ഒരു മുറികൂടി അധികം പണിഞ്ഞാലോ എന്നു ചോദിക്കൂ. സതീശന്‍ പറയും:'അയ്യയ്യയ്യയ്യേ! ഓരോന്നു വെറുതെ ണ്ടാക്കി വച്ചിട്ട് ആ പെണ്ണുമ്പിള്ളയ്ക്ക് അടിക്കലും തൊടയ്ക്കലുമായി എരട്ടി പണീണ്ടാക്കാനോ? ഇപ്പെ ഉള്ളത് ധാരാളം മതീന്നേ!'

പറയുന്നത് നമ്മുടെ വീടിനെക്കുറിച്ചാണ്! നാം പണം മുടക്കുന്ന വീടിനെപ്പറ്റി! ചതുരശ്ര അടി എത്ര കൂടുന്നുവോ അത്രയും തനിക്ക് അധികം പ്രതിഫലം കിട്ടിയേക്കുമെന്നറിയാവുന്ന ആര്‍ക്കിടെക്റ്റ് തന്നെയാണ് വിലക്കുന്നത്!

പണിതീരും മുന്‍പ് കണക്കു നോക്കി സതീശനുള്ള ഫീസ് നീട്ടുമ്പോഴും പറഞ്ഞു:'അയ്യയ്യയ്യയ്യേ! ഇത് തല്‍ക്കാലം നമുക്കിപ്പോ ബ്ലാക്ക് ഓക്‌സൈഡ് വാങ്ങാനെടുക്കാം. കറുത്ത ചാന്തിട്ട് ഫ്‌ലോറു തീര്‍ത്താല്‍ നിങ്ങക്ക് താമസം തുടങ്ങാലോ!'


കറുത്ത ചാന്താണ് വീട്ടില്‍ ഫ്‌ലോറിനെന്നു കേട്ടാല്‍ സന്തുബന്ധുക്കളുടെ മുഖം കറുക്കും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സതീശന്‍ പറഞ്ഞു:'പോവമ്പറ ആ പോത്ത്വോളോട്! അല്ലെങ്കില്‍ ഗ്രാനൈറ്റും മാര്‍ബിളും ഇടാനുള്ള കാശ് അവരോടു തരാമ്പറ!'

താന്‍ പണിയുന്ന വീടിന്റെ ഉടമയുടെ ഹൃദയത്തോട് താദാല്‍മ്യം പ്രാപിക്കുന്ന ഈ ആര്‍ക്കിടെക്റ്റിനെക്കുറിച്ച് വിസ്മയിച്ചു. ഏഴായിരവും എണ്ണായിരവും സ്‌ക്വയര്‍ഫീറ്റില്‍ ഉയരുന്ന വേറെ ചില വീടുകളുടെ ശില്‍പ്പിയും ഇയാള്‍ത്തന്നെ എന്നറിഞ്ഞപ്പോള്‍ ചോദിച്ചു:'അല്ലാ, അവിടെയും കറുത്ത ചാന്തു തന്നെയാണോ ഫ്‌ലോറില്‍?'

'അയ്യയ്യയ്യയ്യേ!', സതീശന്‍ പറഞ്ഞു:' അത്തരം പോത്ത്വോള്‍ക്ക് രാജസ്ഥാനീന്ന് നേരിട്ട് മാര്‍ബിള്‍ തന്നെ എറക്കിയാലേ സമാധാനാവുള്ളൂ. പെണ്ണുമ്പിള്ളയ്ക്ക് മുട്ടുവേദന പിടിക്കൂന്നൊക്കെ പറഞ്ഞുനോക്കി. ഒരു രക്ഷേല്ല! ദാ ഞാനിപ്പൊ രാജസ്ഥാനീന്ന് വന്നേ ള്ളൂ!'

സതീഷ് കുമാര്‍ എന്നാണ് പേരെങ്കിലും സതീശന്‍ എന്ന് അഭിമാനിയായൊരു മലയാളിയായി മാത്രമേ പേരു പറയൂ. കന്നിമൂലയില്‍ അടുപ്പുണ്ടാക്കിയാല്‍ ഒരു ദോഷവുമില്ലെന്ന് തെളിയിക്കാന്‍ സ്വന്തം വീടിന്റെ അടുക്കള കന്നിമൂലയില്‍ പണിഞ്ഞ ഉല്‍പ്പതിഷ്ണു!
പട്ടാമ്പിയില്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്ലാത്ത വശത്തെ ട്രാക്കിലേക്കിറങ്ങി പാളം താണ്ടിപ്പോകുന്ന ഈ മനുഷ്യനെ നോക്കിയിരിക്കുമ്പോള്‍ ഹൃദയം എന്നെ പരിഹസിക്കുന്നു:'അയ്യയ്യയ്യയ്യേ! കാലത്തിനൊപ്പിച്ച് കോലം മാറി നടക്കുന്ന പോത്തേ! ആ പോകുന്ന യഥാര്‍ത്ഥ മനുഷ്യനെ ഒന്നു നമസ്‌കരിക്ക്!.

 സതീശന്‍ പണിത വീടുകള്‍

പ്രായം പതിനെട്ട്, ചിലവ് പതിനഞ്ച് ലക്ഷം: കാണാം മലപ്പുറത്തെ അത്ഭുത വീട്......

ചെങ്കല്ലില്‍ കൊത്തിയെടുത്തൊരു ആന്റിക് വീട്......

 Content Highlight: Subhash Chandran facebook post about architect satheeshan