ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയിലെ ശ്രീപാദം കൊട്ടാരം പഴയ ശോഭ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. കോട്ടയ്ക്കകത്തെ പൈതൃകമേഖലയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരം മോടിപിടിപ്പിച്ച് പഴയരീതിയിൽ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പുരാവസ്തു വകുപ്പ് 62 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്‌.പൊട്ടിപ്പൊളിഞ്ഞ കൈവരികളും പടിക്കെട്ടുകളും തട്ടും  പഴമ നിലനിർത്തി പുനർനിർമിക്കുകയാണ്. 

കൂടാതെ മുൻപ് നവീകരണ സമയത്ത് സെറാമിക് ടൈൽസ് ഇട്ടിരുന്ന സ്ഥലങ്ങളിൽ പഴമയുടെ പ്രൗഢി ലഭിക്കുന്നതിനായി തറയോട് പാകും. കൊട്ടാരത്തിന്റെ പിന്നിലായിട്ടുള്ള രണ്ടരനൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ടും പഴയരൂപത്തിലാക്കി. ഇതിനെ ജില്ലാ പൈതൃക മ്യൂസിയമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

കൊട്ടാരത്തിനോട് ചേർന്ന് പോസ്റ്റ് ഓഫീസ് വന്നപ്പോൾ വരുത്തിയ മാറ്റങ്ങളും നവീകരണത്തിന്റെ ഭാഗമായി പഴയ രീതിയിലാക്കുന്നുണ്ട്. ഇതിനോട് ചേർന്നുള്ള മതിലും പൊളിക്കും. കൊട്ടാരത്തിനോട് ചേർന്നുള്ള കുളവും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. കുളത്തിലെ മാലിന്യങ്ങൾ നീക്കി പാർശ്വഭിത്തികൾ ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് നടക്കുന്നത്. 

കതകുകളും ജനാലകളും പുനരുദ്ധരിക്കാൻ കഴിയാത്ത രീതിയിൽ നശിച്ച തടിപ്പണികൾ എല്ലാം വീണ്ടും ചെയ്യും. ചില സാമഗ്രികൾ പുതിയതായി നിർമിച്ചാണ് ഉപയോഗിക്കുന്നത്. മുൻപ് നവീകരണം നടത്തിയപ്പോൾ മേൽക്കൂരകളുടെ പുനരുദ്ധാരണം നടന്നിരുന്നു. മേൽക്കൂരയോട് ചേർന്നുള്ള ദ്രവിച്ച തട്ടുകളും പുനരുദ്ധരിക്കും. കൊട്ടാരം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവൃത്തികളും പദ്ധതിയിലുണ്ട്. 

ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയങ്ങളും വീൽചെയറിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റാമ്പുകളും  നിർമിക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പകുതിയോളം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് പുരാവസ്തു വകുപ്പ് കൺസർവേറ്റർ എൻജിനീയർ ഭൂപേഷ് പറഞ്ഞു.