വൈക്കം: പുരപ്പുറ സൗരോര്‍ജപദ്ധതിയിലൂടെ വൈദ്യുതി ഉത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയ പി.ജി.നായര്‍ ലക്ഷ്യം നേടിയ ആശ്വാസത്തിലാണ്. മൂന്നുവര്‍ഷം നീണ്ട ശ്രമകരമായ ദൗത്യത്തില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി ലക്ഷ്യത്തിലെത്തിച്ച് ബോര്‍ഡിന് പ്രതിദിനം 10യൂണിറ്റ് വൈദ്യുതി വില്‍പ്പന നടത്തുന്നു.

പുരപ്പുറ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തമായി പ്ലാന്റ് ക്രമീകരിച്ച് പദ്ധതി വിജയപഥത്തിലെത്തിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് പാരമ്പര്യേതര ഊര്‍ജവകുപ്പില്‍നിന്നു വിരമിച്ച പ്രോഗ്രാം ഡയറക്ടര്‍ പി.ജി. നായര്‍. ആദ്യം 240 വാട്ട്സിന്റെ സോളാര്‍പാനലും 500 ലിറ്ററിന്റെ സോളാര്‍ വാട്ടര്‍ ഹീറ്ററും സ്ഥാപിച്ചു. 2013-ല്‍ അനര്‍ട്ടിന്റെ സഹായത്തോടെ ഒരുകിലോവാട്ട്സ് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത് വീട്ടിലെ എണ്‍പത് ശതമാനത്തോളം ആവശ്യങ്ങളും നടത്തി.

2018-ല്‍ പദ്ധതി രണ്ട് കിലോ വാട്ട്സായി വര്‍ധിപ്പിച്ചു. വീട്ടിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റി ശേഷിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ ഊര്‍ജപദ്ധതിയിലേക്ക് ടു വേ മീറ്റര്‍ സംവിധാനത്തിലൂടെ കൈമാറുന്നു. അങ്ങനെ നാല് മാസം കൊണ്ട് 700 യൂണിറ്റ് വൈദ്യുതി ബോര്‍ഡിനു നല്‍കി. ഇത്തരത്തില്‍ ബോര്‍ഡ് ശേഖരിക്കുന്ന വൈദ്യുതിയുടെ അളവ് പരിശോധിച്ച് പത്ത് മാസത്തിലൊരിക്കല്‍ തുക പി.ജി. നായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്ക് ഇതുവരെ ചെലവായതെന്ന് പി.ജി. നായര്‍ പറഞ്ഞു. കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉത്പാദനം കൂടുകയും കുറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ പ്രതിദിനം 15 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തി അന്തരീക്ഷ മലിനീകരണം കുറയ്ക്കും വിധമാണ് പി. ജി.നായര്‍ വീട് നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ഹൗസ് എന്ന നാമകരണം നല്‍കിയതും ഈ ചിന്തയിലാണ്. മുന്‍ മന്ത്രി വി.കെ. വേലപ്പന്റെ മകള്‍ കമല ജി.നായരാണ് ഭാര്യ.

Content Highlights: Solar Rooftops panels