ബംഗളൂരു സ്വദേശിനിയായ രേവാ മാലിക് രാവിലെ ഉണരുമ്പോള്‍, ആദ്യം ശ്രദ്ധിക്കുക ഇന്ന് നല്ല വെയിലുണ്ടോ എന്നാണ്. തന്റെ വീടിന്റെ ജനാലയിലൂടെ എത്രമാത്രം വെളിച്ചം അകത്തു വരുന്നുണ്ടെന്നും. അതിന്റെ അളവറിഞ്ഞിട്ടു വേണം അന്നത്തെ ഭക്ഷണം എന്തുവേണം എന്ന് തീരുമാനിക്കാന്‍... മണ്ടത്തരമെന്ന് തോന്നുന്നുണ്ടോ, അല്ല. രേവയുടെയും ഭര്‍ത്താവായ രജ്ഞന്‍ മാലിക്കിന്റെയും വീട് പൂര്‍ണമായും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത്. നല്ല വെയിലുണ്ടെങ്കില്‍ ഭക്ഷണം ചോറും കറിയുമൊക്കെ ആവും, ഇല്ലെങ്കില്‍ ലഘുഭക്ഷണം കഴിക്കേണ്ടി വരുമെന്ന് ചുരുക്കം.
ഇതുമാത്രമല്ല ഈ വീട്ടിലെ പ്രത്യേകതകള്‍. മണ്ണുകൊണ്ടാണ് വീട് പണിതിരിക്കുന്നത്. ഭൂഗര്‍ഭ വാട്ടര്‍ ഹാര്‍വെസ്റ്റിങ് വഴി 10,000 ലിറ്റര്‍ വെള്ളം ഇവര്‍ സംഭരിക്കുന്നുണ്ട്. ഒപ്പം നാല്‍പതില്‍ പരം ജൈവപച്ചക്കറികളും പഴങ്ങളും വീടിന്റെ പിന്നാമ്പുറത്ത് സമൃദ്ധമായി വളരുന്നു.
രാവിലെ രേവയുടെ വീട്ടിലെത്തി ചായകുടിക്കണമെന്ന് കരുതിയാല്‍ അതിനും വെയില്‍ നന്നായി തെളിയണം. ഒരു ഗ്ലാസ് ജാറില്‍ വെള്ളം നിറച്ച് അതില്‍ തേയില ഇട്ട് വെയിലത്ത് വയ്ക്കും. ഒരു മണിക്കൂറിന് ശേഷം എടുത്ത് ഗ്ലാസില്‍ പകര്‍ന്ന് കുടിക്കാം.
ഇവര്‍ ലാപ്‌ടോപ്പും ഫോണും ചാര്‍ജ്ജ് ചെയ്യുന്നതും സോളാര്‍ പവര്‍ ഉപയോഗിച്ചാണ്. വീട്ടില്‍ ഒരൊറ്റ ലൈറ്റ് പോലും ഇല്ല എന്നതാണ് പ്രത്യേകത. സൂര്യപ്രകാശം മാത്രമാണ് ഇവിടെ വെളിച്ചത്തിന്റെ സ്രോതസ്സ്. കാരണം സൂര്യനൊപ്പം ഉണരുകയും സൂര്യാസ്തമയത്തോടെ വെളിച്ചം ആവശ്യമില്ല എന്ന് കരുതുകയും ചെയ്യുന്നവരാണ് ഇവര്‍.
770 ചതുരശ്രയടിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണും കല്ലും കൊണ്ടാണ് അടിത്തറ കെട്ടിയത്. തറ ചെയ്തിരിക്കുന്നത് ടെറാകോട്ട മെറ്റീരിയല്‍ കൊണ്ടാണ്. ഒരേ നിരപ്പില്‍ പണിത മുറിയെ പലതായി തിരിക്കുന്ന രീതിയിലാണ് വീട്. അടുക്കള, ലിവിങ്‌റൂം, കിടപ്പുമുറിയും സ്റ്റഡിറൂമും എല്ലാം ഒന്നാണ്, മുകളില്‍ ഒരു നിലപോലെ മുറിയുടെ നടുവില്‍ നിന്നാണ് ഇതിന്റെ നിര്‍മാണം.
വലിയ ജനാലകളും ഉയരം കൂടിയ മേല്‍ക്കൂരയും വീടിനുള്ളില്‍ എപ്പോഴും ധാരാളം കാറ്റും വെളിച്ചവും നിറയ്ക്കുന്നുണ്ട്. വേനലിലും വീടിനുള്ളില്‍ മറ്റ് മാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെ തണുപ്പ് നിലനിര്‍ത്താനും ഇത് സഹായിക്കും. പൈന്‍വുഡ്, ബംബൂ എന്നിവ ഉപയോഗിച്ചാണ് സ്‌റ്റെയര്‍ കേസും കിടപ്പുമുറിയുടെ തറയും ഒരുക്കിയിരിക്കുന്നത്.
വീട്ടില്‍ തന്നെ ഹോം കംപോസ്റ്റിങ് സൗകര്യവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മലിനജലം സംസ്‌കരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. മാത്രമല്ല വീടിനുള്ളില്‍ ഒരിടത്തും വാട്ടര്‍ടാപ്പ് ഘടിപ്പിച്ചിട്ടില്ല. പുറത്ത് ടാങ്കില്‍ നിന്ന് വെള്ളമെടുക്കാനുള്ള ഒറ്റ ടാപ്പ് മാത്രമാണ് ഇവിടെയുള്ളത്. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായ സാധനങ്ങള്‍ കൊണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മഹീജ എന്ന ഡിസൈനിങ് കമ്പനിയാണ് ഈ വീടിന് പിന്നില്‍.
'ഒന്നും ഞങ്ങളുടെ വീട്ടില്‍ പാഴാകുന്നില്ല, വെറുതേ കളയുന്നില്ല. ലളിതമായി ജീവിക്കുന്നതിലെ സന്തോഷമാണ് ഞങ്ങള്‍ കണ്ടെത്തുന്നത്.' മാലിക് കുടുംബം ഒരേ സ്വരത്തില്‍ പറയുന്നു.
Content Highlights: Solar-Powered Mud House Harvests Rain water a sustainable home for living from Bengaluru