കൊച്ചി: നഗരം വളര്‍ന്നു... അതോടൊപ്പം ഫ്ലാറ്റുകളും കൂണുപോലെ മുളച്ചുപൊങ്ങി... 'മൈതാനവും പാടവും നികത്തി പണിതു' എന്ന കുത്തുവാക്ക് മാത്രം ബാക്കി. എന്നാല്‍, വടുതലയിലെ 'ഡി.ഡി. സില്‍വര്‍സ്റ്റോണ്‍' അപ്പാര്‍ട്ടുമെന്റ് വേറിട്ട ദൗത്യവുമായി തങ്ങളുടെ പേര് സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കുകയാണ്. ഇവരുടേത് നഗരത്തിനാകെ മാതൃകയാകുന്ന പദ്ധതിയാണ്.
ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ സ്ഥാപിക്കുന്ന, ജില്ലയിലെ ഏറ്റവും ശേഷിയുള്ള സൗരോര്‍ജ പദ്ധതിയാണ് ഡി.ഡി. സില്‍വര്‍സ്റ്റോണ്‍ അപ്പാര്‍ട്ടുമെന്റില്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ സൗരോര്‍ജ പദ്ധതി വ്യാഴാഴ്ച മന്ത്രി ഇ.പി. ജയരാജന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
45 കിലോ വാട്ട് ശേഷിയുള്ള 'ഗ്രിഡ് കണക്ടഡ് സോളാര്‍ സിസ്റ്റ'ത്തില്‍ നിന്ന് ദിവസം ശരാശരി 180 യൂണിറ്റ് വൈദ്യുതിയുണ്ടാക്കാന്‍ കഴിയും. ഗ്രിഡ് കണക്ടഡ് ആയതിനാല്‍ തന്നെ സോളാറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് പോകുകയും പിന്നീട് ഫ്ലാറ്റിലേക്കാവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി.യില്‍ നിന്ന് എടുക്കുകയും ചെയ്യും. ഇതു രണ്ടും വ്യത്യസ്ത മീറ്ററുകളില്‍ കണക്കാക്കും. ശേഷം കണക്കെടുക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ വഴിയാണ് ഉത്പാദിപ്പിച്ചിരിക്കുന്നതെങ്കില്‍ കൂടുതല്‍ വരുന്ന വൈദ്യുതിയുടെ തുക കെ.എസ്.ഇ.ബി. നല്‍കും. തിരികെയാണെങ്കില്‍ ആ പണം കെ.എസ്.ഇ.ബി.ക്ക് നല്‍കണം.
എന്നാല്‍, പരീക്ഷണം നടക്കുന്ന സമയത്തെ കണക്ക് കൂട്ടുമ്പോള്‍ ലാഭം ഫ്ലാറ്റുടമകള്‍ക്കു തന്നെ. നിലവില്‍ 220 യൂണിറ്റ് വൈദ്യുതി ദിവസവും ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ചെലവാകുന്നത് ഇതില്‍ കുറവും.
26 ലക്ഷം രൂപയാണ് പദ്ധതിക്കാകെ ചെലവായത്. എന്നാല്‍, ഈ തുക അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചുപിടിക്കാനാകും. ഫ്ലാറ്റിലെ പൊതു ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയാണ് സോളാര്‍ പദ്ധതി പ്രകാരം ഉപയോഗിക്കുക. മാസം 60,000 രൂപയാണ് ഇത്രയുംനാള്‍ പൊതു ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതിയുടെ ബില്‍ വന്നിരുന്നത്. ഇത് ഇനി അടയ്‌ക്കേണ്ടിവരില്ല. മാസം വരുന്ന പരിപാലനച്ചെലവ് എല്ലാം കൂട്ടിയാല്‍ കൂടി അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മുടക്കുമുതലിനേക്കാളേറെ തിരിച്ചുപിടിക്കുകയും ചെയ്യാം.
ദിവസം എത്ര വൈദ്യുതി സോളാര്‍ പദ്ധതിയില്‍ നിന്ന് ലഭിക്കുന്നുണ്ട്, മുമ്പത്തെ ദിവസവും തമ്മിലുള്ള താരതമ്യം... തുടങ്ങി സകല കാര്യങ്ങളും സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുവഴി ഫ്ലാറ്റിലുള്ള അംഗങ്ങള്‍ക്കെല്ലാം അറിയാം. അത്ര സുതാര്യമാണ് കാര്യങ്ങള്‍.
10 വര്‍ഷത്തെ റീ പ്ലേസ്മെന്റ് വാറന്റിയും 20 വര്‍ഷത്തെ റണ്ണിങ് വാറന്റിയും ഉള്ളതിനാല്‍ തന്നെ പദ്ധതിക്ക് എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ വന്നാലും പേടിക്കേണ്ട ആവശ്യമില്ല.
'ഗ്രീന്‍ പ്രോട്ടോക്കോളി'ന്റെ ഭാഗമായാണ് പദ്ധതി കൊണ്ടുവന്നത്. ഇതിന് മാതൃകയായത് 'സിയാലി'ലെ സോളാര്‍ പ്ലാന്റും. അപ്പാര്‍ട്ടുമെന്റ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഫ്ലാറ്റിലെ താമസക്കാരൊക്കെ 'ഡബിള്‍ ഓക്കെ'. അതിനാല്‍ത്തന്നെ ഫണ്ടുപിരിവ് വേഗത്തില്‍ നടന്നു. പദ്ധതി ആരെ ഏല്‍പ്പിക്കും എന്നതായിരുന്നു അടുത്ത ചോദ്യം.
അപ്പാര്‍ട്ടുമെന്റ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത് യുവാക്കളായിരുന്നു. അവര്‍ തീരുമാനിച്ചു, 'കരാറും വളര്‍ന്നുവരുന്ന യുവാക്കള്‍ക്കു തന്നെ കൊടുക്കണം' എന്ന്. പദ്ധതിയേല്‍പ്പിച്ച്, ആറു മാസത്തിനുള്ളില്‍ പദ്ധതി തീര്‍ത്ത്, കമ്മിഷന്‍ ചെയ്ത് കൈയില്‍ കൊടുത്തു. കടലാസ്ജോലികള്‍ക്കോ മറ്റൊരു ആവശ്യത്തിനോ ആരും ബുദ്ധിമുട്ടേണ്ടിയും വന്നില്ല.
വൈദ്യുതി ബില്‍ കൂടാന്‍ പോകുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികളുമായി നഗരത്തിലെ മറ്റു ഫ്ലാറ്റുകാരും മുന്നോട്ടു വന്നാല്‍ വൈദ്യുതി ബില്ലില്‍ നല്ലൊരു തുക നമുക്ക് ലാഭിക്കാനാകും എന്നാണ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഡി.ഡി. സില്‍വര്‍സ്റ്റോണ്‍ അപ്പാര്‍ട്ടുമെന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ബിജുവും സെക്രട്ടറി വി.എസ്. ശ്രീജിത്തും പറയുന്നത്.
Content Highlights: solar plan in dd silverstone apartment