അന്തരിച്ച പ്രമുഖ ആര്‍ക്കിടെക്റ്റും കോഴിക്കോട്ടെ സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പി. അബ്ദുള്‍ ഹമീദ് കോഴിക്കോട്ടെ പ്രമുഖ വാണിജ്യകേന്ദ്രമായ മിഠായി തെരുവിനെക്കുറിച്ച് എഴുതിയ കുറിപ്പ്.

രു ശരാശരി ഷോപ്പിംഗ് മാളിലെ ഏതെങ്കിലും ഒരു നിലയിലെ നടപാതകള്‍ കൂട്ടിച്ചേര്‍ത്താലുള്ള നീളമില്ല മിഠായി തെരുവിന്. വീതി ഇത്തിരി കൂടുതലായിരിക്കാം.

ഞാനിവിടെ കാറും ഡ്രൈവറുമായി വരണം. സാധനങ്ങള്‍ വാങ്ങാന്‍ കൂട്ടമായി നടക്കുന്ന ആളുകളെ, പ്രത്യേകിച്ചു സ്ത്രീകളെയും കുട്ടികളേയും, തിക്കി ഒരരുക്കാക്കണം. ഹോണടിച്ച് ഞെട്ടിക്കണം. എനിക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലല്ലോ. അതിനാല്‍ എന്റെ ഷോപ്പിംഗ് കഴിയുന്നത് വരെ ഡ്രൈവര്‍ വണ്ടിയുമായി നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ എണ്ണി ചുറ്റിക്കൊണ്ടിരിക്കണം.

ഇതാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് മാത്രമല്ല എന്നെ വരുത്താന്‍ യുദ്ധം ചെയ്യുമെന്ന് ഉറച്ച് പ്രഖ്യാപിക്കുന്ന ചില വ്യാപാരികളുടെ മനശ്ശാസ്ത്രം പിടികിട്ടുന്നില്ല. നടക്കാന്‍ മാത്രം അനുവാദമുള്ള തെരുവീഥികളിലാണ് ലോകത്ത് ഏറ്റവും തിരക്കുള്ള കച്ചവടം നടക്കുന്നത്. മിഠായി തെരുവില്‍ ഷോപ്പിംങ്ങിന് വരുന്നവരില്‍ ബഹുഭൂരിപക്ഷം നടന്നാണ് വരുന്നത്. ഇവരെ ശല്യപ്പെടുത്തി റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലേക്ക് ഇത് വഴി പോകാനൊരുങ്ങുന്ന വാഹനങ്ങളെ വ്യാപാരികള്‍ തടയുമെന്നാണ് കരുതിയിരുന്നത്. ഈ വഴി ഉപയോഗിക്കുന്ന വാഹനങ്ങളിലേറെയും ഇവരാണ്. എന്നാല്‍ കാറുകള്‍ വന്ന്, സുഗമമായ ഷോപ്പിംഗ് തടസ്സപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതില്‍ ഒരു തരം മസോക്കിസം പീഡനാനുഭവാഹ്ലാദം ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പോലും സംശയിച്ച് പോകുന്നു.

ലണ്ടനിലെ കാര്‍ണബി സ്ട്രീറ്റില്‍ 1973 മുതലാണ് വാഹനങ്ങള്‍ നിരോധിച്ചിട്ടുള്ളത്. നൂറ് കണക്കിന് ഷോപ്പുകളും റസ്റ്റോറന്റുകളും സജീവമായി വര്‍ത്തിക്കുന്ന ഈ വീഥിയില്‍ ടൂറിസ്റ്റുകളും നാട്ടുകാരും തിങ്ങുന്നു. കലാകാരന്‍മാരും ഗായകരും തങ്ങളുടെ കഴിവുകളവതരിപ്പിച്ച്, ഈ നടത്തം കൂടുതല്‍ രസകരമാക്കുന്നു. ന്യൂയോര്‍ക്കിന്റെ സിരാകേന്ദ്രമാണ് മാന്‍ഹാട്ടന്‍. ഏറ്റവും ജനം തിങ്ങുന്ന ബ്രോഡ്വേയില്‍ ഒട്ടനവധി തിയേറ്ററുകളും, ഷോപ്പുകളുമുണ്ട്. ഇതിലെ പല ഭാഗങ്ങളും നടക്കാന്‍ മാത്രമുള്ള പ്ലാസകളായി മാറ്റിക്കൊണ്ടിരിക്കുകയാണ്.
 
ചൈനയിലെ വന്‍നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് വാഹ നങ്ങളനുവദിക്കാത്ത റോഡുകളിലാണ്. ടിയാന്‍മെന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന ബെയിജിംഗിലെ ഷിയാന്‍മെന്‍ സ്ട്രിറ്റിന് 13-ാം നൂറ്റാണ്ടില മിംഗ് രാജവംശം മുതലുള്ള ചരിത്രമുണ്ട്. പിന്നീട് ബോംബാക്രമണത്തില്‍ പാടെ തകര്‍ന്ന ഈ തെരുവ് പഴയ ഫോട്ടോകള്‍ ആസ്പദമാക്കി പുനഃരുദ്ധരിച്ചതാണ് നാം ഇന്ന് കാണുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള എണ്‍പതോളം ഷോപ്പുകള്‍ കൂടാതെ ഒട്ടേറെ പുതിയ വ്യാപാര ക്രേന്ദങ്ങളും, റസ്റ്റോറന്റുകളും ഈ കാല്‍നട തെരുവില്‍ തിരക്കേറ്റു
വാങ്ങുന്നു.

ബെയ്ജിംഗ് ടൗണിലുള്ള മറ്റൊരു വാഹനരഹിത തെരുവാണ്, വാങ്ഫുജിംങ് സ്ട്രീറ്റ്. 810 മീറ്റര്‍ നീളമുള്ള ഈ ഭാഗം നഗരത്തില്‍ ഏറ്റവുമധികം ജനങ്ങളെ ആകര്‍ഷിക്കുന്നു. രാത്രികാല ഫുഡ് മാര്‍ക്കറ്റ് ഈ തെരുവിന്റെ സിരാക്രേന്ദ്രമാണ്.

ഷാംങായ് സന്ദര്‍ശിക്കുന്ന ആരും നഞ്ചിംഗ് റോഡില്‍ പോകാതിരുന്നിട്ടുണ്ടാവില്ല. അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ആ റോഡ് വൈകുന്നേരങ്ങളില്‍ കാല്‍ നടക്കാര്‍ക്കായി മാത്രം മാറുമ്പോഴാണ് കച്ചവടത്തിന്റെ 75 ശതമാനവും നടക്കുന്നത്. അറുനൂറോളം ഫാഷന്‍ സ്റ്റോറുകളും തുറസ്സായ സ്ഥലത്ത് റസ്റ്റോറന്റുകളും, ബാറുകളും പബ്ബുകളുമുള്ള റോഡാണിത്.

മലേഷ്യയിലെ മെലാക്കയിലെ ചരിത്രമുറങ്ങുന്ന തെരുവാണ് ജോങ്കര്‍ സ്ട്രീറ്റ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ വാഹനങ്ങള്‍ നിരോധിക്കുന്നത്. വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ തിങ്ങുന്നതിലുള്ള മുഖ്യ ആകര്‍ഷണം തെരുവില്‍ നിരത്തി വില്ക്കുന്ന 'ന്യോന്യ' വിഭവങ്ങളാണ്. ചൈനയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും , സിംഗപ്പൂരില്‍ നിന്നുമൊക്കെ ഒട്ടേറേപ്പേര്‍ വന്ന് മലേഷ്യക്കാരെ വിവാഹം കഴിച്ചതില്‍ നിന്നുണ്ടായ ഒരു സങ്കര ഭക്ഷ്യസംസ്‌ക്കാരമാണ് 'ന്യോന്യ' അഥവാ പെരാന്‍കന്‍. ഈ തെരുവിന്റെ നിലനില്‍പ്പ് വാഹനനിരോധനമുള്ള വാരാന്ത്യങ്ങളിലൂന്നിയാണ്.

ഇസ്തംബൂളിലെ ഇസ്തിക്ലാല്‍ റോഡില്‍ ഒരു വാഹനവും ഒരു സമയത്തും അനുവദനീയമല്ല. മിഠായി തെരുവിന്റെ പലമടങ്ങ് വീതിയും ഒന്നര കിലോമീറ്റര്‍ നീളവുള്ള ഈ റോഡില്‍ ഒരു ദിവസത്തെ- വാരന്ത്യങ്ങളില്‍ പ്രത്യേകിച്ച് -സന്ദര്‍ശകരുടെ
എണ്ണം മുപ്പത് ലക്ഷത്തില്‍ കൂടുതലാണ്.

ടെഹ്‌റാനിലെ തബ്രീയത്ത് തെരുവ് കാല്‍ നടക്കാര്‍ക്ക് മാത്രമാണുള്ളത്. മിഠായി തെരുവ് പോലെ തുണിക്കച്ചവടക്കാരും പാദരക്ഷകള്‍ വില്‍ക്കുന്നവരുമാണ് ഇവിടെ കൂടുതല്‍. ഇവിടെ സ്ഥാപിച്ച പല ശില്പങ്ങള്‍ നടത്തം കൂടുതല്‍ ആനന്ദകരമാക്കുന്നു.

വിയറ്റ്‌നാമില്‍ പ്രത്യേകിച്ച് ഹോച്ചിമിന്‍ സിറ്റിയില്‍ വാഹനങ്ങള്‍ നിറഞ്ഞ റോഡ് ക്രോസ് ചെയ്യാനാവാത്ത അവസ്ഥയാണ്. ഫുഡ്പാത്തിലാണ് മോട്ടോര്‍ സൈക്കിളുകള്‍ ചീറിപ്പായുന്നത്. തരം കിട്ടിയാല്‍ കാലുകള്‍ക്കിടയിലൂടെയും ഇവര്‍ ബൈക്കോടിക്കുമെന്ന് തോന്നും. ന്യൂയെന്‍ സ്ട്രീറ്റില്‍ വാഹനങ്ങളില്ലാതെ തെരുവോര ഭക്ഷണവും ഷോപ്പിംഗുമായി വൈകുന്നേരങ്ങളിലുള്ള നടത്തം ഒരാശ്വസവും നിശ്വാസവുമാണ്.

ചുരുക്കത്തില്‍ ലോകത്തെവിടെയും കാല്‍നടക്കാര്‍ക്ക് മാത്രമായി തെരുവുകളുണ്ട്. അവിടെയാണ് തിരക്കേറെയും. ഈ തെരുവുകളില്‍ ചിലത് പൈതൃക സ്വഭാവമുള്ളവയാണ്. ചിലത് സൗകര്യത്തിന് വേണ്ടി വാഹനരഹിതമാക്കിയതാണ്. മിഠായി തെരുവിന് ചുറ്റും ഒരു പൈതൃക സ്വഭാവമുണ്ട്. വാസ്തുശില്പാശൈലിയൊന്നും പ്രത്യേകിച്ചില്ലായിരിക്കാം. തകര്‍ത്തുകളഞ്ഞ പഴയ ഹജൂര്‍ കെട്ടിടവും അടുത്തകാലത്ത് പൊളിച്ചുമാറ്റിയ കോമണ്‍വെല്‍ത്ത് ബംഗ്ലാവും ഒരു നൊമ്പരമായി ഓര്‍മ്മകളില്‍ തികട്ടിവന്ന് കൊണ്ടിരിക്കുന്നു. കോമണ്‍വെല്‍ത്തിന്റെ ഇപ്പോഴത്തെ ഏറെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും ടാണ്‍ഹാളും 651 ചര്‍ച്ചുമൊക്കെയാണ് ആശ്വാസം,

എന്നാല്‍ പൈതൃകം കെട്ടിടങ്ങള്‍ മാത്രമല്ല, അതൊരു വികാരമാണ്. ഗൃഹാ തുരത്വം ഉണര്‍ത്തുന്ന ഒരു വികാരം. മിഠായി തെരുവിന് അങ്ങിനെയൊരു തലം കൂടിയുണ്ട്. നമ്മുടെ പൈതൃക ധാരണകള്‍ ചിലപ്പോള്‍ വികലമായിപ്പോവുന്നുണ്ടോ എന്ന് സംശയം വന്നിട്ടുണ്ട്. മിഠായി തെരുവിലെ കെട്ടിടങ്ങള്‍ക്കൊക്കെ ഒരേ മുഖം ഉണ്ടാക്കിയെടുക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ഇങ്ങനെ തോന്നിയിരുന്നു. അങ്ങനെയല്ലെന്നറിഞ്ഞപ്പോള്‍ ഒരാശ്വാസം .

നഗരത്തില്‍ ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമായ കെട്ടിടങ്ങള്‍ പയ്യെ പയ്യെ പൊളിച്ച് നീക്കപ്പെടുകയാണ്. കുറ്റിച്ചിറയിലെ 40 ഉം 50 ഉം മുറികളുള്ള വീടുകള്‍ക്ക് തനതായ വാസതുശില്‍പരൂപം മാത്രമല്ല ഉള്ളത്. ഒരു പ്രത്യേക ജീവിതരീതിയുടെ പ്രതീകങ്ങളാണവ. ഇവയില്‍ പലതും പൊളിച്ച് കമ്മ്യൂണിറ്റി ഹാളുകളാക്കുന്നത് ഈ നഗരത്തോട് കാണിക്കുന്ന ക്രൂരതയാണ്. ഒരിക്കലും തിരിച്ചെടുക്കാന്‍ വയ്യാത്ത തീരാനഷ്ടമാണിതുണ്ടാക്കുന്നത്. ഇത് നിരോധിക്കാന്‍ എളുപ്പമാണ്. ഒരു അസംബ്ലി ബില്‍ഡിംഗിന് വേണ്ട കാര്‍പ്പാര്‍ക്കിങ്ങില്ലാത്ത, സെറ്റ് ബാക്ക്, കവറേജ് അനുബന്ധിച്ച നിര്‍മ്മാണ നിയമങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളാണ് ഇവയത്രയും.

മെയിന്റനന്‍സ് നടത്തി കൊണ്ട് പോകാന്‍ ഗതിയില്ലാതെ ഈ പഴയ തറവാടുകളുമായി ഉഴലുന്നവരുടെ കാര്യവും പരിഗണിക്കേണ്ടതാണ്. ലോകത്ത് പലയി ടത്തും ഇവിടെ ബോംബെയിലും മറ്റു നഗരങ്ങളിലുമുള്ള 11 ദ്രാന്‍ഫര്‍ സമ്പ്രദായം പരീക്ഷിച്ച് നോക്കാവുന്നതാണ്. ഒരേക്കറില്‍ 2000 സ്‌ക്വയര്‍ മീറ്ററുള്ള ഒരു ഹെറിറ്റേജ് കെട്ടിടം ഉണ്ടെന്നിരിക്കട്ടെ. ഇപ്പോഴത്തെ കെട്ടിട നിയമപ്രകാരം ഒരേക്കര്‍ സ്ഥലത്ത് 2.5 FAR കണക്കിലെടുത്താല്‍ 10,000 സ്‌ക്വയര്‍ മീറ്റര്‍ പല നിലകളിലായി പണിയാവുന്നതാണ്. ഹെറിറ്റേജ് കെട്ടിടം നിലനിര്‍ത്തി, കൂടുതല്‍ നിര്‍മാണം മരവിപ്പിച്ചു ബാക്കി പണിയാന്‍ പറ്റുമായിരുന്ന 8000 സ്‌ക്വയര്‍ മീറ്റര്‍ പണിയാനുള്ള അവകാശം. നിശ്ചിത ദൂര പരിധിയിലുള്ള മറ്റൊരാള്‍ക്ക് കൈമാറുന്നതാണ് ട്രാന്‍സ്ഫര്‍. വീട്ടുടമക്ക് നല്ല വില കിട്ടും. വീട് നിലനിര്‍ത്തുകയുമാവാം. വാങ്ങുന്നയാള്‍ക്ക് അയാളുടെ സ്ഥലത്ത് അത്രയും സ്‌ക്വയര്‍ മീറ്റര്‍ കൂടുതല്‍ പണിയാന്‍ പറ്റും.നമുക്ക് തളിയും കുറ്റിച്ചിറയും ഒരിക്കലും നഷ്ടപ്പെട്ട്കൂടാ. ഇപ്പോള്‍ ഗുജറാത്ത് സ്ട്രിറ്റില്‍ പഴയ സ്വഭാവവും ആകാരവും നിലനിര്‍ത്തി നടക്കുന്ന മാറ്റങ്ങള്‍ ശ്ശാഘനീയമാണ്.

വികസനമെന്ന് മുറവിളികൂട്ടി ഒരു സംഹാര പ്രരക്രിയക്കൊരുങ്ങിയാല്‍ നാമെവിടെയുമെത്തില്ല. വികസനവും വരുമാനവുമൊക്കെ വേണ്ടത് പരമമായി നമ്മുടെ സന്തോഷത്തിനല്ലേ? എന്നിട്ട് മനഃസുഖം തേടി നാം പോകുന്നത് ഗ്രാമങ്ങളുടെ വച്ചപ്പിലേക്കും, പഴയകുളങ്ങളിലേക്കും, ആല്‍ത്തറകളിലേക്കുമൊക്കെയല്ലേ?

മുഖം നഷ്ടപ്പെട്ട് കേഴുന്ന നഗരങ്ങളുണ്ട്. ദുബായും, ഹോംഗോങ്ങും ഉദാഹരണങ്ങളാണ്. ആത്മാവ് മ്യൂസിയങ്ങളില്‍ മാത്രം സൂക്ഷിക്കുന്നവര്‍. ദുബായ് ഗവണ്‍മെന്റിന്റെ പോര്‍ട്ട്‌സ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ഒരു മ്യൂസിയം ഡിസൈന്‍ ചെയ്യാനവസരമുണ്ടായി. പഴയതില്‍ നിന്നും പുതിയതിലേക്കുള്ള കുതിപ്പായിരുന്നു വിഷയം.

ഇതിലേക്കായുള്ള റിസര്‍ച്ചിന്റെ ഭാഗമായി സന്ദര്‍ശിച്ച ഉള്‍പ്രദേശങ്ങളും ശേഖരിച്ച പഴയ ഫോട്ടോകളും ഒരു വല്ലാത്ത നഷ്ടബോധമുണ്ടാക്കി. കാറുകളുടെമാത്രമായ ഈ നഗരത്തില്‍ നടക്കാന്‍ വേണ്ടി ഈയിടെ നിര്‍മ്മിച്ച '131വാക്ക് ഏറെആളുകളെ ആകര്‍ഷിക്കുന്നു.

നമ്മുടെ നഗരമധ്യം വികലമാകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വാഹനങ്ങള്‍ പുകതുപ്പി ഹോണടിച്ച് സമാധാനം കെടുത്തുന്നതിന് നിയന്ത്രണം വേണം. കച്ചവടം ചെയ്യുന്നവരുടെ താല്‍പര്യം പരിരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വിവരക്കേട് കൊണ്ട് കാണിക്കുന്ന വാശിക്ക് അടിയറ വെക്കലാകരുത് അത്.രാത്രി പത്ത് മണി മുതല്‍ രാവിലെ പത്ത് മണി വരെ സാധനങ്ങല്‍ ഇറക്കാന്‍ മിഠായി തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കുവാനുള്ള നീക്കം രാവിലെ 11 മണി വരെ എന്നാക്കാവുന്നതാണ്. നിര്‍ബന്ധമുള്ള ഒരു ന്യൂനപക്ഷത്തിന് ഈ സമയത്ത്
കാറില്‍ വന്ന് ഷോപ്പ് ചെയ്യാം.

വ്യാപാരികളുടെ ഏറ്റവും ന്യായമായ ആവശ്യം സമീപത്ത് കാര്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കുകയെന്നതാണ്. ശ്രീ. അമിതാബ് കാന്ത് കലക്ടറും ആക്ടിംഗ് മേയറുമായിരുന്ന കാലത്ത് മുതലക്കുളം മൈതാനത്ത് കാര്‍ പാര്‍ക്കിംഗ് സംവിധാനമൊരുക്കാനുള്ള ഒരു പദ്ധതി ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ പോസ്റ്റുകളില്‍ നിയമിതനായ ശ്രീ. ചാഹാനും ഇത് ഉത്സാഹപൂര്‍വ്വം ഏറ്റെടുത്തു. ഹഡ്‌കോവില്‍ നിന്ന് ലഭിച്ച ഫണ്ട് പലിശയടക്കം തിരിച്ച് കൊടുത്താണ് പിന്നീട് വന്ന കണ്‍സില്‍ ഇത് വേണ്ടന്ന് വെച്ചത്.

മുതലയും കുളവും ഇവിടെ മുമ്പുണ്ടായിരുന്നോ എന്നതിനെപ്പറ്റി എനിക്ക് കൃത്യതയില്ല. എന്റെ ചെറുപ്പം മുതലേ ഇവിടെ അലക്കുകാരുണ്ട്. laundry  യന്ത്രശാലകള്‍ ഈ ജോലി കൂടുതല്‍ ഏറ്റെടുത്ത് കൊണ്ടിരിക്കെ ഇവരെ വേറെ തൊഴിലുകളിലേക്ക് ഭാവിയില്‍ മാറ്റേണ്ടി വരും. എന്നാലും ഞങ്ങള്‍ വരച്ച പ്ലാനില്‍ മിക്കവാറും ഭൂഗര്‍ഭ പാര്‍ക്കിങ്ങായിരുന്നു. ചെറിയ മീറ്റിങ്ങുകള്‍ക്ക് സൗകര്യമുണ്ടായിരുന്നു. അലക്കുകാര്‍ക്കും സ്ഥലവും കണ്ടിരുന്നു. ഒരു കണക്കിന് പരസ്യമായി വിഴുപ്പലക്കുകയെന്ന മലയാളിയുടെ പൈതൃകത്തിന്റെ ഒരു പ്രതീക സ്വഭാവം ഇതിനുണ്ടല്ലോ! പക്ഷെ ഈ പദ്ധതി നടന്നില്ല.മുതലക്കുളത്തല്ലെങ്കില്‍ അടുത്തെവിടെയെങ്കിലും സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്കിങ് പണിയേണ്ടതാണ്.

ഓട്ടോറിക്ഷക്കാര്‍ അധികകൂലി വാങ്ങാത്ത, മുഹബത്തോടെ സുലൈമാനി പകര്‍ന്ന് കൊടുക്കുന്ന, ഗുജറാത്തികളും മാപ്പിളമാരും ഇടകലര്‍ന്ന് സ്‌നേഹത്തോടെ ജീവിക്കുന്ന, പെരുന്നാളും, ഓണവും, ക്രിസ്മസും എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന, ആവശ്യം വരുമ്പോഴൊക്കെ സഹായിക്കാനായി ഓടിയെത്താന്‍ മനസ്സുള്ള, നന്മ നിറഞ്ഞ നഗരമല്ലേ ഈ കോഴിക്കോട്? മാനാഞ്ചിറയും, മിഠായി തെരുവും, പാര്‍ക്കും, ടണ്‍ ഹാളുമൊക്കെ ചേര്‍ന്ന നഗരമധ്യം സൗകര്യമായി ഉപയോഗിക്കാന്‍, ആസ്വദിക്കാന്‍, നമുക്കും ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്കും സാധ്യമാകട്ടെ.

Content highlights: sm street calicut abdul hameed architecture about vechicle entry in sm street