ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം വളരെയധികം പ്രധാനമാണ്. ഉറക്കക്കുറവിന് കാരണം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മാത്രമാവില്ല, നമ്മളുപയോഗിക്കുന്ന കിടക്കക്കും അതില്‍ പങ്കുണ്ട്. എല്ലാ ആളുകള്‍ക്കും ഒരുപോലുള്ള ബെഡ്ഡുകളാവില്ല യോജിക്കുന്നത്. പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍, ഭാരം, ഉയരം ഇവയ്‌ക്കെല്ലാം അനുസരിച്ച് കിടക്കകളും മാറും. നമുക്ക് അനുയോജ്യമായ കിടക്ക തിരഞ്ഞെടുക്കാന്‍ പലവഴികളുണ്ട്.
1. ഏത് കിടക്കയാണെങ്കിലും അതിനൊരു കാലാവധിയുണ്ടെന്ന് ഓര്‍മ്മിക്കുക. കിടക്ക ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാനുള്ളതല്ല. കിടക്കവാങ്ങുമ്പോള്‍ കൃത്യമായി കടയില്‍ ചോദിച്ച് അതിന്റെ കാലാവധി എത്രയാണെന്ന് അറിയണം. പത്ത് വര്‍ഷം വരെയാണ് ഒരു കിടക്കയുടെ സാധാരണ കാലാവധി. ഈ സമയം കഴിഞ്ഞാല്‍ പുതിയത് വാങ്ങാം. ഇല്ലെങ്കില്‍ പുറം വേദനപോലുള്ള രോഗങ്ങള്‍ പിന്നാലെ എത്തും.
2. ത്രീ എസ്സുകളാണ് (3 's') കിടക്കയുടെ ഗുണം തീരുമാനിക്കുന്നത്. സോഫ്റ്റ്‌നസ്സ്, സപ്പോര്‍ട്ട്, സൈസ്. ഇതിന് പകരം പലരും കിടക്കയുടെ വിലയാണ് പ്രധാനമായി പരിഗണിക്കുക. എന്നാല്‍ യോജിച്ച കിടക്ക നല്ല വിലകൊടുക്കേണ്ടി വന്നാലും വാങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഓണ്‍ലൈനായി കിടക്ക വാങ്ങുന്നത് ഒഴിവാക്കാം. കടയിലെത്തി വാങ്ങുന്നതാണ് നല്ലത്. ചില കടകളില്‍ കിടക്കയില്‍ കിടന്ന് നോക്കാന്‍ അനുവദിക്കാറുണ്ട്. ഇത് നിങ്ങള്‍ക്ക് യോജിച്ച കിടക്ക കണ്ടെത്താന്‍ എളുപ്പത്തില്‍ സഹായിക്കും.
3. നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്ന വശങ്ങളനുസരിച്ച് വേണം കിടക്ക തിരഞ്ഞെടുക്കാന്‍.
- ഒരുവശം ചെരിഞ്ഞ് കിടന്നുറങ്ങുന്ന ആളാണെങ്കില്‍ ഇന്നര്‍സ്പ്രിങ് കിടക്കകള്‍ വാങ്ങാം. ശരീരഭാരത്തിന് കൃത്യമായ സപ്പോര്‍ട്ട് ലഭിക്കാന്‍ ഇത്തരം കിടക്കകള്‍ നല്ലതാണ്. സോഫ്റ്റ് ഫോം കിടക്കകളും ഇത്തരക്കാര്‍ക്ക് നല്ലതാണ്. തോളിനും നടുവിനും കൃത്യമായി സപ്പോര്‍ട്ട് നല്‍കുന്നവയാണ് ഇത്തരം കിടക്കകള്‍.
- കമഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് ഉറപ്പുള്ള കിടക്കയാണ് നല്ലത്. കമഴ്ന്ന് കിടക്കുമ്പോള്‍ ഉദരഭാഗത്ത് കൂടുതല്‍ ബലം നല്‍കുന്നതുകൊണ്ട് മറ്റ് കിടക്കകളുടെ ആ ഭാഗം താഴ്ന്ന് പോകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിന് ശരിയായ സപ്പോര്‍ട്ട് നല്‍കില്ല. ഫെം ഫോം, ഡെന്‍സ് ഇന്നര്‍സ്പ്രിങ്, എയര്‍ ഫില്‍ഡ് കിടക്കകള്‍ എന്നിവ ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാം.
- നിവര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് എല്ലാത്തരം കിടക്കകളും യോജിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇണങ്ങുന്ന കിടക്ക തിരഞ്ഞെടുക്കാം. പുറം വേദനയുള്ള ആളാണെങ്കില്‍ നടുവിനും പുറത്തിനും താങ്ങ് ലഭിക്കുന്ന തരത്തിലുള്ള മെമ്മറി ഫോം, ലാറ്റക്‌സ് കിടക്കകള്‍ വാങ്ങാം.
- ഉറക്കത്തിനിടയില്‍ തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന ശീലമാണോ, എങ്കില്‍ പോക്കറ്റഡ് കോയില്‍സ് ഉള്ള ഇന്നര്‍സ്പ്രിങ് കിടക്കകള്‍ വേണം വാങ്ങാന്‍. അല്ലെങ്കില്‍ മെമ്മറി ഫോമിലോ ലാറ്റെക്‌സിലോ ഉള്ള ഇന്നര്‍സ്പ്രിങ് കിടക്കകള്‍ വാങ്ങാം. ഏത് വശത്തേക്ക് തിരിഞ്ഞാലും ശരീരത്തിന് കൃത്യമായ സപ്പോര്‍ട്ട് ലഭിക്കാനാണ് ഇത്.
- രണ്ട് പേര്‍ പങ്കിടുന്ന കിടക്കയാണെങ്കില്‍, പ്രത്യേകിച്ചും ഫാമിലിബെഡ്‌റൂമില്‍, കുടെയുള്ള ആളുടെ കിടപ്പ് നിങ്ങളുടെ കിടപ്പുവശവുമായി യോജിക്കുന്നതല്ലെങ്കില്‍ ഡ്യുവല്‍ ചേമ്പറുള്ള എയര്‍ ഫില്‍ഡ് കിടക്കകള്‍ വാങ്ങാം. ചിലകമ്പനികള്‍ ഇത്തരത്തിലുള്ള കിടക്കകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ ഹൈബ്രിഡ് സ്റ്റൈല്‍ കിടക്കകള്‍ വാങ്ങുന്നതാണ് ഫാമിലിറൂമുകള്‍ക്ക് നല്ലത്. ഇവയും വിപണിയില്‍ ലഭ്യമാണ്.
4. ഉറങ്ങുമ്പോള്‍ ശരീരം ചൂടാവുന്ന പ്രകൃതമാണെങ്കില്‍ ഫോം അല്ലെങ്കില്‍ ലാറ്റെക്‌സ് കിടക്കകള്‍ വാങ്ങാം.
5. കിടക്കയിലെ പഞ്ഞിയും മറ്റും ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. ഇത്തരക്കാര്‍ ഫൈബര്‍ഫില്ലിങുള്ള കിടക്കകള്‍ വാങ്ങുന്നതാണ് നല്ലത്.
Content Highlights: simple tips to choose a mattress