ചെടികളെയും യാത്രകളെയും സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടി, തന്റെ ഹോബി ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്ത് പച്ചപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അവള്‍. ബൊട്ടാണിക്കല്‍ വുമണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചെടികളെയും പൂക്കളെയും അവയുടെ പരിചരണവും സ്‌നേഹവും പങ്കുവെക്കുകയാണ് ഷിഫ മറിയം. 

യൂട്യൂബിലേക്ക് 

ഒരു ചാനല്‍ തുടങ്ങി അതിലൂടെ പോക്കറ്റ്മണി ഉണ്ടാക്കുകയെന്ന ലക്ഷ്യമൊന്നും തുടക്കകാലത്തോ ഇപ്പോഴോ ഉണ്ടായിട്ടില്ല. അതിനുവേണ്ടിയാവരുത് എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആദ്യത്തെ വീഡിയോ ചെയ്യുന്നത്. അന്ന് പി.ജി.കഴിഞ്ഞ് വീട്ടില്‍ ഇരിക്കുന്ന സമയം ആയിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കാരണം ഒരുപാട് സമയം കിട്ടി. അങ്ങിനെയാണ് യൂട്യൂബ് ചാനല്‍ എന്ന ആശയം കിട്ടിയത്. മലയാളം യൂട്യൂബ് ചാനലുകളില്‍ അധികവും ഫുഡും ബ്യൂട്ടിയും  എല്ലാമാണ്. ഇതിലൊന്നും താല്‍പര്യമില്ലാത്തതുകൊണ്ട് എറ്റവും ഇഷ്ടപ്പെട്ട കാര്യം തന്നെ ചാനലിലൂടെ പറയാം എന്ന് കരുതി, അതാണ് ചെടികളെക്കുറിച്ചും അവയുടെ പരിചരണത്തെ പറ്റിയും പറഞ്ഞത്. 

47,000 സബ്‌സ്‌ക്രൈബേഴ്‌സ്‌

ചെറിയ ചെറിയ കാര്യങ്ങളാണ് പറയുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരേ ശൈലിയില്‍ തന്നെയാണ് സംസാരിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റ് എങ്ങിനെ വെള്ളത്തില്‍ വളര്‍ത്താം എന്നായിരുന്നു അദ്യത്തെ വീഡിയോ. അന്ന് കുറച്ചുപേര്‍ മാത്രമേ കണ്ടുള്ളു. അധികം കമന്റ് ഒന്നും വന്നില്ല. പിന്നെയുള്ള വീഡിയോയ്ക്ക്‌ താഴെ ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യമല്ലെന്ന കമന്റ് കിട്ടി. അത് ഭയങ്കര സങ്കടം ഉണ്ടാക്കിയെങ്കിലും പിന്നീട് അതേ ചാനലില്‍ നിന്ന് പോസിറ്റീവ് കമന്റ് വരാന്‍ തുടങ്ങി. അളുകള്‍ ഇങ്ങനെയാണ് ആദ്യം നമുക്ക് ഇതൊക്കെ  അറിയാം എന്ന് പറഞ്ഞ് മാറി നില്‍കും. പിന്നെയേ അംഗീകരിക്കുകയുള്ളു. ഒരു പ്രമോഷനും ചെയ്യാതെ ഇപ്പോള്‍ 47,000 പേര്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.  വെള്ളത്തില്‍ വളരുന്ന ചെടികളുടെ വളര്‍ച്ച, അതിന്റെ വെള്ളം എപ്പോഴെല്ലാം മാറ്റണം തുടങ്ങിയവയെല്ലാം പറയുന്നുണ്ട്. ഒപ്പം പൂന്തോട്ടം ഭംഗിയാക്കാനായി മുള ഉപയോഗിച്ച് ചട്ടികളും മറ്റും നിര്‍മിച്ചു. ചെടികളുടെ വളര്‍ച്ചയും അതിന്റെ മാറ്റങ്ങളും കുറിക്കാനായി പ്ലാന്റ്‌ ജേര്‍ണല്‍ തയ്യാറാക്കി. 

plants

 ഉമ്മൂമയാണ് ആദ്യ പ്രോത്സാഹനം​

ചെറുപ്പം മുതല്‍ ചെടികള്‍ നടുന്നത് ഇഷ്ടമായിരുന്നു. സ്‌കൂളില്‍ നിന്നും 'എന്റെ മരം' പദ്ധതിയില്‍ കിട്ടിയ തൈകള്‍ നടുകയും അതിന്റെ വളര്‍ച്ച ഡയറിയില്‍ കുറിക്കുകയും ചെയ്തത് വലിയ ആവേശമായിരുന്നു. ഇപ്പോ ഇതൊക്കെ വലിയ മരങ്ങളായി വീട്ടിലുണ്ട്. ഉമ്മൂമയാണ് ആദ്യമായി ചെടി നടാന്‍ പ്രോത്സാഹനം നല്‍കിയത്. ചെറിയ കുഴികളില്‍ ഔഷധച്ചെടികളും മറ്റും നടാന്‍ പറയുമായിരുന്നു. കുടുംബത്തില്‍ എല്ലാവരും ചെടികളെ ഇഷ്ടപ്പെടുന്നവരാണ്. ചെടികള്‍ മാത്രമല്ല ഉപയോഗശൂന്യമായ വസ്തുക്കള്‍ എങ്ങിനെ ചെടിച്ചട്ടിയാക്കിമാറ്റം എന്നും പറയുന്നുണ്ട്. ഭര്‍ത്താവിനും ചെടികള്‍ വളര്‍ത്തുന്നതിലും ശേഖരിക്കലിലും താത്പര്യമുണ്ട്. അതിനാല്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടെ നില്‍ക്കുന്നു.

ഇന്ന് നമ്മുടെ നാട്ടില്‍ ഇന്റീരിയറിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനായി ഒരുപാട് പണം ചിലവഴിക്കുന്നു. പ്ലാസ്റ്റിക്ക് പൂക്കളും പച്ചപ്പുമായിരുന്നു പണ്ടൊക്കെ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ആ ശീലം മാറി. എല്ലാവരും ഇന്‍ഡോര്‍ പ്ലാന്റ്‌സിലേക്ക് തിരിഞ്ഞു. പണ്ട് നമ്മുടെ ചുറ്റും ശ്രദ്ധിക്കാതെ ഇട്ടിരുന്ന ചെടികളെ പ്രത്യേകം പരിചരണം നല്‍കി വീട്ടിനുള്ളില്‍ ഭംഗിയായി വളര്‍ത്താന്‍ തുടങ്ങി. വിദേശത്തെല്ലാം അര്‍ബന്‍ ജംഗിള്‍ സംസ്‌കാരം ഉണ്ട്. ഇപ്പൊ പതിയെ നമ്മുടെ നാട്ടിലും അത് എത്തുന്നു എന്നത് സന്തോഷത്തോടെ വേണം കാണാനും സ്വീകരിക്കാനും.

യാത്രയും അനുഭവവും

കുന്നുകളും മലകളും കാണാനാണ് ഏറെയിഷ്ടം. ട്രക്കിങ്ങിന് പോയി കാട്ടിലുള്ള ചെടികള്‍ ശേഖരിക്കാന്‍ ഇഷ്ടമാണ്. നീലഗിരി, ഊട്ടി എന്നിവിടെയാണ് അവസാനമായി പോയത്. അവിടെയുള്ള നാട്ടു ചെടികളും പൂക്കളും പറിച്ചുകൊണ്ടുവന്ന് നട്ടുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ആന്ത്രോത്തിലെ കാലിക്കറ്റ് സര്‍വ്വകലാശാല സെന്ററില്‍ ഗസ്റ്റ് ലക്ച്ചര്‍ ആയി ഒരു മാസത്തോളം ജോലി ചെയ്തു. നമ്മുടെ നാട്ടില്‍നിന്നും വ്യത്യസ്ഥമായ ഭൂപ്രകൃതി എങ്ങോട്ട് നോക്കിയാലും കടല്‍. ഇവിടെ നിന്ന് കൊണ്ടുപോയ മധുരക്കിഴങ്ങും വാടാര്‍മല്ലിയും നട്ടുപിടിപ്പിച്ചു. എന്തും മുളയ്ക്കുന്ന മണ്ണാണ് അവിടെ. ജപ്പാനിലെ ചെറി ബ്ലോസം കാണണം എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. അടുത്തതവണ പോവണം. എവിടെ യാത്ര പോയാലും അവിടെയുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും സ്വന്തം അഡ്രസ്സില്‍ കത്ത് എഴുതും. യാത്രകഴിഞ്ഞ് വീട്ടില്‍ എത്തുമ്പോഴേക്കും കത്തും കിട്ടും. അത് ഒരു സന്തോഷമാണ്. 

യുവാക്കളോട്

ഇന്ന് നമുക്ക് പലര്‍ക്കും മാതൃകയാവാന്‍ കഴിയും. നമ്മള്‍ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഒരു മരം നട്ടുപിടിപ്പിക്കുകയോ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കുകയോ അങ്ങിനെ എന്തെങ്കിലും ചെയ്തു നോക്കു. പോസിറ്റീവും ക്രിയേറ്റിവും ആണെങ്കില്‍ ആളുകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. നമ്മുടെ ആശയങ്ങള്‍ പങ്കുവെക്കാന്‍ ഒരുപാട് വേദികള്‍ ഇന്നുണ്ട് അത് തിരിച്ചറിയുന്നില്ലെന്നതാണ് സത്യം.

എന്നെക്കുറിച്ച്

മലപ്പുറം ജില്ലയിലെ തിരൂരാണ് നാട്. മഹാരാജാസ് കോളേജിലാണ് പഠിച്ചതെല്ലാം. പി.എച്ച്.ഡി. ചെയ്യുകയാണ് ഇപ്പോള്‍. 

 

Content Highlights: shifa sharing her love for gardening