വീട് പണിയുമ്പോള്‍ കൃത്യമായ സങ്കല്‍പങ്ങളുള്ളവരാണ് മിക്കയാളുകളും. ആഡംബരപൂര്‍ണമായ വീട് വേണമെന്നും ബജറ്റ് ഹോം വേണമെന്നുമൊക്കെ വ്യക്തമായി പറയുന്നവരുണ്ട്. വലിയ വീട് കാഴ്ച്ചയ്ക്ക് ഭംഗിയാണെങ്കിലും അതില്‍ ജീവിക്കുന്നത് അത്ര സുഖകരമല്ലെന്ന് വ്യക്തമാക്കുന്നൊരു ഫേസ്ബുക് പോസ്റ്റ് വൈറലാവുകയാണ്. ഷഫീഖ് മുസ്തഫ എന്നയാളാണ് വലിയ വീട്ടില്‍ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ദൈനംദിന ബുദ്ധിമുട്ടുകള്‍ രസകരമായി എഴുതിയിരിക്കുന്നത്. യാഥാര്‍ഥ്യത്തിനൊപ്പം സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കൂടി കോര്‍ത്തിണക്കിയ കുറിപ്പാണിതെന്ന് ഷഫീഖ് പറയുന്നു.

ഫേസ്ബുക് കുറിപ്പിലേക്ക്..

എത്രയൊക്കെ പൈസാ മുടക്കി വീടുവെച്ചാലും ചില അബദ്ധങ്ങളൊക്കെ പറ്റും. ഇവിടെ എന്റെ കാര്യമെടുത്താല്‍ ഞാന്‍ ദിവസവും എഴുന്നേല്‍ക്കുന്നതുതന്നെ ഈ വീടു ഡിസൈന്‍ ചെയ്തുതന്ന കുരുവിളയെ മനസ്സില്‍ ചീത്തപറഞ്ഞുകൊണ്ടാണ്. കാരണം, പത്രം വായിക്കാന്‍ വേണ്ടിയുള്ള മുറി അയാള്‍ അസ്ഥാനത്താണ് കൊണ്ടുവെച്ചിരിക്കുന്നത്. എന്റെ പഴയ വീട് ചെറുതായിരുന്നെങ്കിലും അവിടെ ഇങ്ങനെയൊരു പ്രശ്‌നമില്ലായിരുന്നു. രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ് മുറിതുറന്ന് കോലായിലേക്ക് ഇറങ്ങുമ്പോള്‍ അവിടെ പത്രം കിടപ്പുണ്ടാവും. അതെടുത്ത് തൊട്ടടുത്തുകിടക്കുന്ന ചാരുകസേരയിലേക്ക് ചാഞ്ഞിരുന്ന് വായിക്കുകയേ വേണ്ടൂ. ഇതിപ്പോ അങ്ങനെ മറ്റോ ആണോ? എന്റെ കിടപ്പുമുറിയില്‍ നിന്ന് രാവിലെ പത്രം കൊണ്ടുവന്നിടുന്ന സ്ഥലം വരെ ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമുണ്ട്. അത്രയൊന്നുമില്ലെങ്കിലും വെളുപ്പാങ്കാലത്തെ അവിടം വരെ നടന്നെത്തുമ്പോള്‍ നമുക്ക് അങ്ങനെ തോന്നും. പിന്നെ അവിടെനിന്നു പത്രമെടുത്തിട്ട് വായനാമുറിയിലേക്ക് വീണ്ടും നടക്കണം. ഇതെല്ലാം കൂടി ചില്ലറ ദൂരമൊന്നുമല്ല ഉള്ളത്!

ഈ വീട് ഡിസൈന്‍ ചെയ്യുന്ന ഘട്ടത്തില്‍ എന്റെയും ഭാര്യയുടേയും, ബഹറൈനിലും ദുബായിലും ജോലിചെയ്യുന്ന മക്കളുടേയും അവരുടെ ഭാര്യമാരുടേയുമെല്ലാം അഭിപ്രായങ്ങള്‍ ആരാഞ്ഞ് ഞങ്ങള്‍ എല്ലാവരുടേയും ആഗ്രഹങ്ങളെ നിവര്‍ത്തിക്കാന്‍ കുരുവിള ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. എത്രയോ മുറികള്‍ അയാള്‍ കൃത്യമായിത്തന്നെ സജ്ജീകരിച്ചു. നമുക്ക് അത്ര പരിചയമില്ലാത്തവര്‍ വന്നാല്‍ ഇരിക്കാനുള്ള ഇടം, കുറച്ചു പരിചയമുള്ളവര്‍ വന്നാല്‍ സ്വീകരിക്കാനുള്ള ഇടം, നല്ല പരിചയമുള്ളവര്‍ക്കുള്ള ഇടം, ബന്ധുക്കളെ ആനയിച്ചിരുത്താനുള്ള ഇടം, സ്ത്രീകള്‍ക്ക് സൊറ പറയാനുള്ള ഇടം, കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടം, പതിനഞ്ചു പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന നമസ്‌കാരമുറി ഇങ്ങനെ എത്രയോ ഇടങ്ങള്‍ അയാള്‍ അതാതിനു യോജിച്ച സ്ഥലങ്ങളില്‍ത്തന്നെ സംവിധാനിച്ചു. അതിനിടയില്‍ പത്രം വായിക്കാനുള്ള ഇടം കുറച്ചങ്ങോട്ടു മാറിപ്പോയി എന്ന കാര്യത്തില്‍ കുരുവിളയെ ചീത്തവിളിക്കുന്നതും ശരിയല്ല. ഈ മുറികള്‍ എല്ലാം കൂടെ ചേര്‍ന്ന് വീട് ഉദ്ദേശിച്ചതിനേക്കാള്‍ ഒരല്പം വലുതായെങ്കിലും താക്കോല്‍ കയ്യില്‍ വാങ്ങുമ്പോള്‍ നിറഞ്ഞ സംതൃപ്തിയായിരുന്നു.

വീടുതാമസത്തിനു കൂടാന്‍ വന്ന ബന്ധുക്കളില്‍ ചിലര്‍ 'എന്തിനാണ് ഇത്രയും മുറികളും ഇടനാഴികളുമെന്ന്' കുശുകുശുക്കുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരുത്തന്‍ നന്നായിക്കിടക്കുന്നത് സഹിക്കാത്ത ആളുകള്‍ എല്ലാ കുടുംബങ്ങളിലും കാണുമല്ലോ. എന്നാലോ, നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ, അത് ചെറുതാണെങ്കിലും അംഗീകരിക്കുന്ന ആളുകളും ഉണ്ട്. ഫോറസ്റ്റില്‍ ജോലിചെയ്യുന്ന സലീം വീടുകയറി കണ്ടശേഷം ജംഗ്ഷനില്‍ പോയി ആളുകളോട് പറഞ്ഞത് ''അകത്തേക്കു കയറിയാല്‍ ദിക്ക് തെറ്റിപ്പോകും'' എന്നാണ്. ഞാന്‍ ഇക്കാര്യം കുരുവിളയോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും ഭയങ്കര സന്തോഷമായി.

ഒരു ദിവസം ടിവിയില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. അന്ന് ദുബായില്‍ നിന്ന് ഫിറോസും ഭാര്യയും കുട്ടികളും വെക്കേഷന് ഇവിടെയുള്ള സമയമാണ്. ഫിറോസാണ് കൂടുതലും ടിവിക്കാരോട് സംസാരിച്ചത്. 'പ്രകൃതിയുമായി ലയിക്കുന്ന തരത്തില്‍, പ്രകൃതിയെ വീടിനു ഉള്ളിലേക്ക് കൊണ്ടുവന്നുകൊണ്ടുള്ള ഒരു ഡിസൈന്‍ ആയിരിക്കണം വീടിന്റേത് എന്ന ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ' എന്ന് കുരുവിള പറഞ്ഞുകൊടുത്തതുപോലെ തന്നെ ഫിറോസ് ടി വിക്കാരോട് പറഞ്ഞു. വീടിനെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങളും കുരുവിളയാണ് വിശദീകരിച്ചത്. വീടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കാഴ്ചകള്‍ അവര്‍ ഷൂട്ടുചെയ്തുകൊണ്ടുപോയി. എല്ലാം കൂടി എഡിറ്റ് ചെയ്ത് ടിവിയില്‍ വന്നപ്പോള്‍ നന്നായിരുന്നു. എഡിറ്റിംഗ് ഒരു കലതന്നെയാണെന്ന് മനസ്സിലാകുന്നത് അപ്പോഴാണ്. പ്രകൃതിയെ വീടിനുള്ളിലേക്ക് കൊണ്ടുവരണം എന്നു പറയുന്ന സന്ദര്‍ഭത്തില്‍ നമ്മള്‍ ടിവിയില്‍ കാണുന്നത് തേക്ക് ഇന്‍ലേ ചെയ്ത കമാനാകൃതിയുള്ള ഇടനാഴി തെക്കുവശത്തെ പുഴയിലേക്കു തുറക്കുന്നതാണ്. മനോഹരമായിരുന്നു ആ ദൃശ്യം. ആ സമയത്ത് പുഴയില്‍ കുറച്ചു വെള്ളം കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നു തോന്നാതെയിരുന്നില്ല.

പ്രകൃതി ഉള്ളിലേക്ക് വന്നിട്ടുള്ള ഏറ്റവും നല്ല ഇടമായി എനിക്കു തോന്നിയിട്ടുള്ളത് പക്ഷേ ആ ഇടനാഴിയല്ല; എന്റെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള ടോയിലെറ്റാണ്. അവിടെ കുരുവിള വളരെ തന്ത്രപൂര്‍വ്വം പുറത്തുനിന്നുള്ള കാഴ്ചയും വെളിച്ചവും എത്തിച്ചിട്ടുണ്ട്. പ്രകൃതിയെ കണ്ടുകൊണ്ട് ശോധന നടത്താനുള്ള ഈ സൗകര്യം മറ്റു ടോയിലറ്റുകള്‍ക്കൊന്നിനും ഇല്ല. ഇതിലിരുന്ന് സാധിക്കുമ്പോള്‍ ഒരു വെളിമ്പ്രദേശം ഫീല്‍ ഉണ്ടാകുന്നുണ്ട്. സത്യം പറയാല്ലോ അപ്പോള്‍ എനിക്ക് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പുള്ള എന്റെ ചെറുപ്പകാലം ഓര്‍മ്മവരും. മുന്നില്‍ തഴച്ചു വളര്‍ന്നു നിന്നിരുന്ന തുമ്പച്ചെടികളില്‍ നിന്ന് പൂക്കളെ നുള്ളിനുള്ളി വെളിക്കിറങ്ങിയിരുന്ന കാലം.

എങ്കിലും, ഓര്‍മ്മകള്‍ അയവിറങ്ങുന്ന ഈ അവസരത്തില്‍ ശോധനകൂടി അല്പം സുഖകരമായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കാറുണ്ട്.

പൈല്‍സിന്റെ അസ്‌ക്യത കുറച്ചുകാലമായി എന്നെ അലട്ടുന്നു. പൈല്‍സിന്റെ കാര്യം പറഞ്ഞാല്‍ അത് പുതിയ പെണ്ണുങ്ങളെപ്പോലെയാണ്. ഓരോരോ കാര്യങ്ങളില്‍ അവര്‍ ഓരോരുത്തര്‍ക്കും ഓരോരോ 'വരുത്തങ്ങളാ'ണ്. എല്ലാവര്‍ക്കും ഒരുപോലെയല്ലതാനും. പൈല്‍സിന്റെ കാര്യത്തിലും ഏതാണ്ട് അങ്ങനെതന്നെയാണ്. ഓരോരുത്തരിലും അതിന് ഇഷ്ടവും ഇഷ്ടക്കേടുകളും ഒക്കെയുണ്ട്. എന്നെ ബാധിച്ചിരിക്കുന്ന ഈ പൃഷ്ടവ്യാധിക്ക് ചിക്കനും അയലയും വഴുതനയും എന്നതുപോലെ വീട്ടില്‍ അടിച്ചിരിക്കുന്ന ഏതോ ഒരു പെയിന്റിന്റെ മണവും ഇഷ്ടമല്ല. അത് ഭിത്തിയില്‍ അടിച്ച നെറോലാക്ക് എക്‌സലാണോ അതോ ഫണിച്ചറില്‍ അടിച്ച പോളിഷുകളാണോ അതോ ഫാള്‍സ് സീലിംഗിലെ ജിപ്‌സം പേസ്റ്റിന്റേതാണോ എന്നൊന്നും കൃത്യമല്ല. ഇതേപ്പറ്റി നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പൈല്‍സിന് ഇഷ്ടമാകുന്ന ബ്രാന്‍ഡുകള്‍ വാങ്ങി പൂശാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇതും മറ്റു പ്രായജന്യരോഗങ്ങളും പിടിപെടും മുമ്പെങ്കിലും വീടുവെച്ച് സുഖമായി താമസിക്കേണ്ടതായിരുന്നു.

പെയിന്റിന്റെ ഗന്ധം പോകുന്നതുവരെ മതിലിനപ്പുറത്ത് കൂനിക്കൂടിയിരിക്കുന്ന എന്റെ പഴയ വീട്ടില്‍ കഴിഞ്ഞാലോ എന്നാണ് ഇപ്പോള്‍ അതിന്റെ മുറ്റത്തെ ചാരുകസേരയില്‍ വെറുതേയിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. പുതിയ വീടിന്റെ പണി നടക്കുമ്പോള്‍ സ്റ്റോക്കു ചെയ്ത സാധനങ്ങളുടെ ബാക്കിയും പിന്നെ പഴയ കുറേ ഫര്‍ണിച്ചറുകളും അതില്‍ നിറച്ചിട്ടുണ്ട്. ഒക്കെ എടുത്തുമാറ്റി ക്ലിയര്‍ ചെയ്താല്‍ 'അസ്‌ക്യതകള്‍' ഒഴിവാക്കാം. അതു ഭേദമില്ലാത്തൊരു ഐഡിയയല്ലേ എന്ന രീതിയില്‍ ഞാനെന്റെ പഴയ വീടിനെ നോക്കി. അത് ഒരു വിനീത വിധേയനെപ്പോലെ എന്റെ മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു. എന്റെ ഉള്ളില്‍ നിന്ന് ഒഴിഞ്ഞുപോയ കാരണവര്‍ ഭാവം തിരികെ വന്ന ഒരു സന്ദര്‍ഭമാണിത്.

ഇവിടെ ഇങ്ങനെ കാരണവരായി ഞാനിരിക്കുന്നത് മതിലിനപ്പുറത്തെ പുതിയ വീടിന് ഇഷ്ടമല്ല. തല ഉയര്‍ത്തി തെല്ലഹങ്കാരത്തോടെ അത് എന്നെ നോക്കുന്നത് ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് എന്നെക്കൊണ്ട് എത്രയെത്ര ജോലികളാണ് ദിവസവും ചെയ്യിക്കുന്നത്. എത്രയെത്ര കക്കൂസുകളാണ് എന്നെക്കൊണ്ട് കഴുകിക്കുന്നത്. എപ്പോഴും അതിനെ ഞാന്‍ തൂത്തും തലോടിയും നില്‍ക്കണം. അയല്‍പ്പക്കത്തെ മരങ്ങളില്‍ നിന്നു മുറ്റത്തേക്ക് പാറി വീഴുന്ന ഇലകള്‍ പെറുക്കിക്കളയാന്‍ തന്നെ ഒരു ദിവസം മുഴുവന്‍ വേണം. പടീറ്റതിലെ വലിയ ആഞ്ഞിലി മരത്തില്‍ നിന്ന് ടെറസ്സിന്റെ പുറത്തേക്ക് ചക്ക വീണു തെറിക്കുന്നതാണ് ഒട്ടും സഹിക്കാനാവാത്തത്. ആ മരമൊന്നു വെട്ടിക്കളയാന്‍ ഷൈജലിനോട് പറഞ്ഞിട്ട് ഇപ്പോള്‍ മാസം രണ്ടുകഴിഞ്ഞു. അത്യാവശ്യം പ്രകൃതിയെയൊക്കെ കുരുവിള ഉള്ളില്‍ എത്തിച്ചിട്ടുണ്ട്. അതിന്റെ കൂടെ ആഞ്ഞിലിച്ചക്കകൂടി വേണ്ട!.

വീട്ടുജോലികളെക്കുറിച്ച് ആലോചിച്ചു തീര്‍ന്നില്ല. അപ്പഴേക്കും പുതിയ വീടിന്റെ മൂന്നാമത്തെ അടുക്കളയുടെ ജനാല തുറന്ന് മതിലിനു പുറത്തേക്ക് ദൃഷ്ടി നീട്ടി ഭാര്യ വിളിച്ചു പറയുന്നു : ''അതേയ്, സുമയ്യായും കെട്ട്യോനും കെട്യോന്റെ ആള്‍ക്കാരും വീടുകാണാന്‍ വരുന്നുണ്ട്.. നിങ്ങള്‍ ഇതിനകമൊക്കെ ഒന്നുകൂടി വൃത്തിയാക്കിയിട്ട് അവര്‍ക്കു കഴിക്കാന്‍ വേണ്ടത് പെട്ടെന്നു വാങ്ങിക്കൊണ്ടുവന്നേ.. ഞാന്‍ ഈ അടുക്കളയൊക്കെ ഒന്നു ഒതുക്കിവെക്കട്ടെ..''

സുമയ്യ എന്നുപറഞ്ഞത് ഭാര്യയുടെ അനിയത്തിയുടെ മകളാണ്. അവരും ദുബായിലാണ്. അതുകൊണ്ട് വീടുതാമസത്തിനു കൂടാന്‍ കഴിഞ്ഞില്ല. വെക്കേഷനു വന്നിട്ട് ഇപ്പോള്‍ നെടുമ്പാശ്ശേരിക്ക് തിരിച്ചു പോകുന്ന വഴിയാണ്. 'വീടും കാണാം എന്തെങ്കിലും കഴിക്കുകയും ചെയ്യാം' എന്നായിരിക്കും ഉദ്ദേശം. നാഷണല്‍ ഹൈവേയുടെ അടുത്തുതന്നെ വീടുവെച്ചാല്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്തായാലും വരട്ടെ. അവളുടെ കെട്ട്യോനെ രണ്ടുവര്‍ഷം മുമ്പ് കല്യാണത്തിനു കണ്ടതാണ്. പുയ്യാപ്ലയുടെ ആള്‍ക്കാരെയൊന്നും എനിക്കൊട്ടു പരിചയവുമില്ല. കുരുവിളയുടെ പ്ലാന്‍ പ്രകാരം സുമയ്യായെ സൊറ പറയുന്ന മുറിയിലും കെട്ട്യോനെ പരിചയക്കാരുടെ മുറിയിലും കെട്ട്യോന്റെ ആള്‍ക്കാരെ പരിചിതരല്ലാത്തവരുടെ മുറിയിലും ഇരുത്തി സ്വീകരിക്കേണ്ടിവരും. അതു നല്ലൊരു തമാശയായിരിക്കും. വിരുന്നിനു വരുന്നവരില്‍ കുട്ടികളൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയേ ഇപ്പോഴുള്ളൂ. ചില കാലുപിറന്ന പിള്ളേരുണ്ട്; വന്നുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് കളിക്കാന്‍ ഉണ്ടാക്കിയ സ്ഥലത്തു പോയി കളിക്കില്ല. സെറ്റു ചെയ്തിട്ടിരിക്കുന്ന സോഫകളിലും കസേരകളിലുമെല്ലാം കയറി മറിയും. ഭിത്തിയില്‍ അഴുക്കു പറ്റിക്കും. നമുക്കാകട്ടെ അവരെ നോക്കി നെടുവീര്‍പ്പിടാനല്ലാതെ മറ്റൊന്നിനും സാധിക്കുകയില്ലതാനും!.

വീടിന്റെ ഉമ്മറവും ഇടനാഴിയുമെല്ലാം അത്യാവശ്യം ഓടിച്ചിട്ട് ഒന്നു ക്ലീന്‍ ചെയ്തു. ബെഡ് റൂമുകളില്‍ എന്റെ റൂമിലെ മാത്രമേ ബെഡ് ഷീറ്റുകള്‍ നേരേയാക്കി ഇടേണ്ടി വന്നുള്ളൂ. മറ്റുള്ള റൂമുകളില്‍ ചാനലുകാര്‍ വന്ന സമയത്ത് ഒരുക്കിവെച്ചത് അതുപോലെതന്നെയുണ്ട്. അതുകൊണ്ട് ആ ഭാഗങ്ങളില്‍ അധികം അധ്വാനം വേണ്ടിവന്നില്ല

ഇനി അവര്‍ക്കു വാങ്ങാനുള്ള സാധനത്തിന് ഓടണം.

വിളിച്ചു പറഞ്ഞാല്‍ കൊണ്ടുത്തരുന്ന ഒന്നു രണ്ടു റസ്റ്റോറന്റുകള്‍ അപ്പുറത്തുണ്ട്. ഇന്നെന്തോ അവന്മാര്‍ എടുക്കുന്നില്ല. ഒരു റസ്റ്റോറന്റു കൂടി വീടിനുള്ളില്‍ ഉള്‍പ്പെടുത്താന്‍ കുരുവിളയോട് പറയേണ്ടതായിരുന്നു. എന്തായാലും ഒരു ഷര്‍ട്ടെടുത്തിട്ട് കുറച്ച് പൊറോട്ടായും അല്ലറചില്ലറ കറികളും വറുത്തതും പൊരിച്ചതും ഒക്കെ വാങ്ങാമെന്നു കരുതി പുറത്തേക്കു നടന്നു. ഗേറ്റ് തുറന്നതും വീടിന്റെ രണ്ടാം നിലയുടെ ടെറസിനോടു ചേര്‍ന്നുള്ള പര്‍ഗോളകളില്‍ രണ്ടെണ്ണം നീണ്ടുവന്ന് എന്റെ പിന്‍കഴുത്തിനു പിടിച്ചു പൊക്കിയിട്ടു പറഞ്ഞു :

''പേഴ്‌സ് എടുക്കാന്‍ മറന്നു; അതുകൂടി എടുത്തിട്ടു പോ..'

Content Highlights: shafeeq musthafa post on big house my home