രു വീടെന്നത് മിക്കവരുടെയും സ്വപ്നമാണ്. ചെറിയ സമ്പാദ്യങ്ങളെല്ലാം കൂട്ടിവച്ച് സ്വന്തമായൊരു കൂര നേടിയെടുക്കുന്നതിന്റെ ആനന്ദം പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സീരിയൽ താരവും മോഡലുമൊക്കെയായ ഹരിത നായർ. പത്തോളം വാടക വീടുകളിൽ കഴിഞ്ഞ കാലത്തെക്കുറിച്ചും ഒറ്റമുറിവീട്ടിലെ ജീവിതത്തിൽ നിന്ന് ഇന്ന് സ്വന്തമായി വീട് നേടിയെടുത്തതിനെയുംകുറിച്ച് പങ്കുവെക്കുകയാണ് ഹരിത.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഹരിത തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഒപ്പം മനോഹരമായൊരു കുറിപ്പും താരം പങ്കുവച്ചു. ദീർഘനാളത്തെ പ്രയത്നത്തിനൊടുവിൽ ഇരുപത്തിയഞ്ചാം വയസ്സിൽ വീട് സ്വന്തമാക്കിയതിനെക്കുറിച്ചാണ് ഹരിത കുറിച്ചിരിക്കുന്നത്.

കുറിപ്പിലേക്ക്...

സ്വന്തം വീട്ടിൽ താമസിക്കുന്നതിന്റെ സുഖം അറിയാത്ത കഴിഞ്ഞ ഇരുപത്തിയ‍ഞ്ചു വർഷങ്ങൾ, മാതാപിതാക്കളുടെ 25 വർഷത്തെ കഷ്ടപ്പാട്, 25 വർഷത്തോളം വാടകക്കാരായി കഴിയൽ, ഈ വർഷങ്ങൾക്കിടെ പത്തോളം വീടുകളും മാറി. അന്നു തീരുമാനിച്ചു, പതിനൊന്നാമത് മാറുന്നത് സ്വന്തം വീട്ടിലേക്കായിരിക്കും. എപ്പോഴും അക്കാര്യം എന്നോടു പറഞ്ഞു. എനിക്ക് കഴിയും, ഞാൻ ചെയ്യും എന്ന് എപ്പോഴും പറഞ്ഞു. ഇക്കുറി ഞാനത് ചെയ്തു. 

ഒടുവിൽ തലയ്ക്കുമുകളിലൊരു കൂരയായി. ഞങ്ങളുടെ വീടെന്ന് വിളിക്കാനൊരിടമായി. വർഷങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ കരുതിയിരുന്നു, അവരുടെ വീടുകളിലെല്ലാം അവർക്കുമാത്രമായൊരു മുറിയുണ്ടാവും. ഞാൻ ജീവിക്കുന്നതാകട്ടെ ഒറ്റമുറിവീട്ടിലും. അതൊരുപാട് വിഷമിപ്പിച്ചിരുന്നു. പക്ഷേ ആ ചെറിയ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമുള്ള ജീവിതം ഞങ്ങളുടെ കുടുംബത്തെ കൂടുതൽ അടുപ്പിച്ചു. 

ആരുടെയും സഹതാപത്തിനോ സഹാനുഭൂതിക്കോ വേണ്ടിയല്ല ഇതൊക്കെ പറയുന്നത്. പക്ഷേ അങ്ങേയറ്റം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കുകയാണ്. ഇരുപത്തിമൂന്നാം വയസ്സിൽ കാറും ഇരുപത്തിയഞ്ചാം വയസ്സിൽ വീടും സ്വന്തമാക്കി. ഇതുവരെ നേടിയതിനെല്ലാം അങ്ങേയറ്റം കടപ്പാടുണ്ട്. ഞങ്ങളുടെ പുതിയ വീട്ടിലേക്ക് എല്ലാവർക്കും സ്വാ​ഗതം.

Content Highlights: serial actress haritha new home, kerala home designs, traditional home designs, home plans kerala