കാടിന്റെ അകത്തളങ്ങളില്‍ ബ്രിട്ടീഷ് വനപാലകര്‍ക്കായുള്ള പാര്‍പ്പിടം. വന്യജീവികളെയും അതോടൊപ്പം കൊടും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന വിധമുള്ള പൂര്‍ണ്ണമായും തേക്ക് മരത്തിലുള്ള നിര്‍മ്മിതി. ഇതാണ് ഇംഗ്ലീഷുകാര്‍ ഇവിടെ നിന്നും പിന്‍വാങ്ങിയപ്പോള്‍  വയനാടന്‍ വനാന്തരങ്ങളില്‍ ഉപേക്ഷിച്ചുപോയ സ്രാമ്പികള്‍.  വയനാട്ടില്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന ചുരുക്കം ചില നിര്‍മിതികളില്‍ ഒന്നാണിത്.

കൊളോണിയല്‍ ഭരണകാലത്തെ മരനിര്‍മ്മിതിയിലെ ഏറ്റവും വിസ്മയകരമായ വസ്തുതകളാണ് സ്രാമ്പികള്‍ കാലത്തോട് പറയുന്നത്.ഏതു കൊടും കാറ്റിനെയും ചെറുത്തുനില്‍ക്കാനുള്ള കരുത്തും മരത്തിന്റെ പലകകള്‍ നിരത്തി രണ്ടുതട്ടില്‍ നിര്‍മ്മിച്ച ഈ സ്രാമ്പികളില്‍ അടുക്കളയും കുളിമുറിയും വരെ സജ്ജമായിരുന്നു. വളരെക്കാലം പുറത്ത് പോകാതെ തന്നെ സ്രാമ്പികളില്‍ രാപാര്‍ക്കാന്‍ സൗകര്യമുണ്ട്. 

ഉയര്‍ന്ന മേല്‍ക്കൂരയില്‍ ഓടുവിരിച്ച് അനവധി തേക്ക് കാലുകളാണ് ഈ സ്രാമ്പികളെ താങ്ങിനിര്‍ത്തിയിരുന്നത്.കാട്ടാനയും മറ്റും കുത്തിയാല്‍പോലും ഇളക്കം തട്ടാത്ത ഈ വിശ്രമ സങ്കേതങ്ങളുടെ നിര്‍മിതിപോലും. അമ്പരിപ്പിക്കുന്നതാണ്. വയനാട്ടിലെ കാടിനുള്ളില്‍ അഞ്ചോളം സ്രാമ്പികളാണ് രണ്ടു നൂറ്റാണ്ടിന് മുമ്പ് ബ്രിട്ടീഷുകാര്‍ പണിതത്. ഇവയില്‍ ഏറ്റവും വലുതാണ് പാക്കത്തുള്ള വലിയമല സ്രാമ്പി. 

3

തോല്‍പ്പെട്ടി ,ബേഗൂര്‍, മുത്തങ്ങ എന്നിവടങ്ങളിലാണ് പാക്കത്തുള്ള സ്രാമ്പികൂടാതെയുള്ളത്. ഇവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് ഇതില്‍ താമസിക്കാനുള്ള സൗകര്യം വനംവകുപ്പ് ലഭ്യമാക്കുന്നുണ്ട്. നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ മാനന്തവാടിയിലുള്ള കാര്യാലയത്തില്‍ നിന്നുമാണ് നിശ്ചിത വാടക ഒടുക്കി സ്രാമ്പിയില്‍ താമസിക്കുന്നതിനുള്ള അനുമതി വാങ്ങേണ്ടത്.

കാടിറമ്പങ്ങളിലെ ഈ അതിഥി മന്ദിരങ്ങളിലെ താമസിത്തിന മാത്രം ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. വയനാടന്‍ സഞ്ചാര അനുഭവങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിഥി മന്ദിരങ്ങളിലെ താമസവും വേറിട്ടതാണ്. 

കൊടും തണുപ്പും ഘോരമഴയുമുള്ള വയനാടന്‍ വനാന്തരങ്ങളില്‍ ബ്രിട്ടീഷുകാര്‍ അന്തിയുറങ്ങിയ പാക്കം സ്രാമ്പി ഇപ്പോള്‍  ഓര്‍മ്മയാവുകയാണ്. കൂറ്റന്‍ തേക്കുകാലുകളുമായി രണ്ടുനിലയില്‍ തലയെടുപ്പോടെ നിന്ന ഈ ചരിത്ര സ്മാരകം ഇന്ന് ശക്തമായ ഒരു കാറ്റു വന്നാല്‍ നിലം പൊത്തുമെന്ന നിലയിലാണ്.  

തേക്കു പലകകളാല്‍ അടിത്തറയിട്ട ഒന്നാം നിലയിലാണ് സുരക്ഷിതമായുള്ള താമസ സൗകര്യമുണ്ടായിരുന്നത്. സ്രാമ്പി വിദേശ എന്‍ജിനീയര്‍മാരുടെ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും ഒന്നാന്തരമൊരു അടയാളമായിരുന്നു.

tvm

രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്രാമ്പി സംരക്ഷിക്കാനുള്ള വനം വകുപ്പിന്റെ വിമുഖതയാണ് നാശത്തിലേക്കുള്ള വഴിതെളിച്ചത്. ഘട്ടം ഘട്ടമായുള്ള അറ്റകുറ്റ പണി വൈകിയതോടെ കേടുപാടുകള്‍ കൂടി വന്നു. ചെറിയ തുക കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം വലുതായി. കഴുക്കോലുകളും പട്ടികയും തേക്കിന്‍ തട്ടുമെല്ലാം ചിതലെടുത്തു കൊണ്ടിരുന്നു. കുറുവ ഇക്കോ ടൂറിസം പ്രൊജക്ടിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് സ്രാമ്പിയും അറ്റകുറ്റ പണിനടത്തി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 

2013 ജനവരി ഒന്നിന് ഇതിന്റെ ശിലാസ്ഥാപനവും മന്ത്രി തന്നെ നടത്തി. മൂന്നു കോടി രൂപ ചെലവില്‍ ബൃഹത് പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. സ്രാമ്പിക്കരികിലായി പരമ്പാരഗത കുടിലുകള്‍ വംശീയ ഭക്ഷണശാല തുടങ്ങിയ സംവിധാനങ്ങളെല്ലാം വിഭാവനം ചെയ്തിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നിര്‍മാണ പ്രവൃത്തിയും നടന്നില്ല. സംസ്ഥാന് വനം വികസന കോര്‍പ്പറേഷനായിരുന്നു സ്രാമ്പിയുടെ നവീകരണം ഏറ്റെടുത്തത്. 

വനം വന്യജീവി വകുപ്പിന്റെ അംഗീകരാവും ലഭിച്ച പദ്ധതി പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല. വനം വകിസന കോര്‍പ്പേറേഷന്‍ നിര്‍മാണ ദൗത്യത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.  സാധ്യതാ പഠനത്തില്‍ പദ്ധതിയെക്കുറിച്ച് വലിയ പ്രതീക്ഷ വേണ്ട എന്ന് അഭിപ്രായമുയര്‍ന്നതോതെ അനുവദിച്ച പണം തിരികെ നല്‍കി കോര്‍പ്പറേഷന്‍ നിര്‍മാണ ചുമതലയും ഒഴിഞ്ഞു. ഇതോടെ സ്രാമ്പി സംരക്ഷണം അനിശ്ചിതാവസ്ഥയിലായി. 

പന്നീട് വനം വകുപ്പ് സ്രാമ്പിയുടെ അറ്റകുറ്റ പണികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ല. വലിയ മരത്തടികളടക്കമുള്ള സ്രാമ്പിയുടെ കാവലിനായി ഇപ്പോള്‍ വലിയമലയിലെ പുല്‍പ്പള്ളി മാനന്തവാടി പാതയോരത്ത് ഒരു കാവല്‍പ്പുരയും വനംവകുപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ മുഴുവന്‍സമയ കാവല്‍ക്കാരനുമുണ്ട്.

ഇതിനു മുമ്പ് ഇവിടെ നിന്നും കൂറ്റന്‍ മരപ്പലകളടക്കം തേക്ക് കഴകളും  മോഷണം പോയിട്ടുണ്ട്. ഇനി സ്രാമ്പിയെ നവീകരിക്കണമെങ്കില്‍ കോടിക്കണക്കിന് രൂപവേണം എന്ന അവസ്ഥയിലായതോടെ വനംവകുപ്പ് ഈ ഉദ്യമത്തില്‍ നിന്നും പിന്‍ വലിയുകയാണ്. വയനാടിന്റെ ചരിത്രത്തോടൊപ്പം മണ്‍മറയുകയാണ് ഈ തേക്കിന്‍കൊട്ടാരവും. ബ്രിട്ടീഷ് രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള   രേഖകളില്‍ മാത്രമാണ് ഇനി ഇതിന്റെ പ്രൗഢിയെല്ലാം.