മൗവഞ്ചേരി ഇലാഫിലെ അടുക്കളയിൽ സജീറയും കുടുംബവും
അടുക്കളയിൽ ഒരു ഐലൻഡ് വേണം. പാചകത്തിനൊപ്പം കുട്ടികളെ പഠിപ്പിക്കാനുമാകണം. അതായിരുന്നു സജീറയുടെ ആവശ്യം. അങ്ങനെ സെമി മെഡിറ്ററേനിയൻ സ്റ്റൈലിൽ ഐലൻഡ് കിച്ചൺ ഒരുക്കി. വലതുവശത്തായി സ്റ്റഡി ഏരിയയും. അങ്ങനെയാണ് ‘ഇലാഫ്’ എന്ന വീട്ടിലെ അടുക്കള.
അടുക്കളയ്ക്ക് നടുവിലായി ദ്വീപ് പോലൊരിടം. വർക്കിങ് സ്പേസും അടിയിൽ സ്റ്റോറേജ് സ്പേസും ഒരുക്കുന്ന രീതിയാണ് ഐലൻഡ് കിച്ചന്റെത്. സ്റ്റൈലിഷ് ലുക്കിനൊപ്പം ഒരുപാട് സ്റ്റോറേജ് സ്പേസും തരും. വർക്ക്സ്പേസിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും സിങ്കും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഉയരമേറിയ കസേരകളാണ് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിന്. താഴെ നാലുഭാഗത്തുമായുള്ള സ്റ്റോറേജ് സ്പേസിൽ പാത്രങ്ങളെല്ലാം ഒതുക്കിവെയ്ക്കാം. പെട്ടെന്ന് എടുക്കേണ്ടവയ്ക്കായി പ്രത്യേക ഡ്രോയുമുണ്ട്. ഐലൻഡിന് മുകളിൽ രണ്ടുഭാഗത്തുമായി ക്രിസ്റ്റൽ ഫാൻസി ലൈറ്റുകളാണ് ഹൈലൈറ്റ്.
പാചകവും പഠനവും ഒന്നിച്ച്
സ്റ്റഡി ഏരിയ അടുക്കളയിൽനിന്ന് വേറിട്ടുനിൽക്കുന്നതായി തോന്നിക്കാൻ നീല കളർ ടോണാണ് ചുമരിനും ടേബിൾ ടോപ്പിലെ ആർട്ടിഫിഷ്യൽ മാർബിളിനും തിരഞ്ഞെടുത്തത്. താഴെ പുസ്തകങ്ങളും പഠനോപകരണങ്ങളും വെയ്ക്കാനുള്ള ഷെൽഫുകളുമുണ്ട്. പാചകത്തിനൊപ്പം മക്കളെ പഠിപ്പിക്കാനും പറ്റുംവിധമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റഡി ഏരിയയുടെ ചുമരിൽ കണ്ടാൽ തിരിച്ചറിയാനാകാത്തവിധത്തിലുള്ള വാതിലുണ്ട്. തുറന്നാൽ പഴയ സാധനങ്ങളെല്ലാം വയ്ക്കാൻ വിശാലമായ ഇടമാകും.
സെർവിങ് കൗണ്ടർ
ഡൈനിങ് ഏരിയയിലേക്ക് തുറക്കാവുന്ന സെർവിങ് കൗണ്ടറാണ് മറ്റൊരു പ്രത്യേകത. അതിഥികളും മറ്റുമെത്തിയാൽ ഭക്ഷണമെടുത്ത് ഡൈനിങ് ടേബിൾ വരെയുള്ള നടത്തം ഒഴിവാക്കാം. ആവശ്യമില്ലാത്തപ്പോൾ അടച്ചിടാം. വെള്ളയും കറുപ്പുമാണ് കളർതീം. ഐലൻഡിന് എതിർവശത്താണ് കുക്കിങ് ടോപ്പ്. അവ്ൻ, ഫ്രിഡ്ജ്, കുക്കിങ് ടോപ്പ് എന്നിവ ഇൻബിൽറ്റ് ആയാണ് ഒരുക്കിയത്. മൂന്നുഭാഗത്തെ ചുമരുകളിലും താഴെയുമായി നിരവധി ഷെൽഫുകളുള്ളതിനാൽ പാത്രങ്ങളും ഉപകരണങ്ങളും പുറത്തുകാണാതെ വെക്കാം.
ഷോപീസുകൾക്കായി ചെറിയ ഓപ്പൺ ഷെൽഫുകളുമുണ്ട്. കൗണ്ടർ ടോപ്പിൽ കറുപ്പ് ഗ്രാനൈറ്റും നിലത്ത് മാർബിളുമാണ്. പി.വി.സി. ഫോം ഷീറ്റ് ഉപയോഗിച്ചാണ് വോൾ പാനലും ഷെൽഫുകളും ചെയ്തത്. സ്റ്റഡി ഏരിയ ഒഴിച്ചുള്ള മൂന്നുഭാഗത്തെ ചുമരുകളിലും പണ്ട് ഉപയോഗിച്ചിരുന്ന ചെറിയ ടൈലുകൾ ഒട്ടിച്ചത് മെഡിറ്ററേനിയൻ ടച്ച് നൽകുന്നതിനാണ്. വൃത്തിയാക്കാനും എളുപ്പമാണ്.
പച്ചക്കറികൾക്കായി ഷെൽഫ്
ഫ്രിഡ്ജിനും ചുമരിനുമിടയിലുള്ള സ്ഥലത്ത് വായുസഞ്ചാരം കിട്ടുന്നവിധത്തിൽ സെറ്റ് ചെയ്ത ഡ്രോകളുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികൾ ഇതിനകത്ത് കേടുകൂടാതെ അടച്ചുവെയ്ക്കാം. ഐലൻഡ് കിച്ചണോട് ചേർന്ന് മെയ്ഡ് റൂം. അതിനടത്ത് മറ്റൊരു അടുക്കളയുമുണ്ട്. അവിടെ ചെറിയൊരു സോഫയും സെറ്റ് ചെയ്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ മുഹമ്മദ് ഈ മാസമാണ് മൗവഞ്ചേരിയിൽ പുതിയ വീട് പണിതത്. മുഹമ്മദിനും ഭാര്യ സജീറയ്ക്കുമൊപ്പം മക്കളായ അമൻ, ഫൈഹ, ഹൈഫ, ഹയിം, ഐറ എന്നിവരാണ് ‘ഇലാഫി’ലെ താമസക്കാർ.
രസമുകുളം
ഗുലാബ് ജാമുനാണ് സജീറയുടെ ഇഷ്ടവിഭവം. രണ്ടുകപ്പ് പഞ്ചസാരയും രണ്ടരക്കപ്പ് വെള്ളവും ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ച് ഷുഗർ സിറപ്പുണ്ടാക്കുക. രണ്ട് ഏലയ്ക്ക, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവയും ചേർക്കാം. മൈദ മുക്കാൽകപ്പ്, പാൽപ്പൊടി ഒരു കപ്പ് എന്നിവ അരിച്ചെടുക്കുക. മറ്റൊരു ബൗളിൽ ഒരു മുട്ട, മൂന്ന് ടേബിൾസ്പൂൺ നെയ്യ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, മൂന്ന് ടേബിൾ സ്പൂൺ വെള്ളം എന്നിവ മിക്സ് ചെയ്ത് മൈദ, പാൽപ്പൊടി കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി അഞ്ച് മിനിറ്റ് വെയ്ക്കണം. ശേഷം ചെറിയ ഉരുളകളാക്കി ചെറിയചൂടിൽ എണ്ണയിൽ വറുത്ത് ഷുഗർ സിറപ്പിലേക്ക് ഇടണം. 15 മിനിറ്റിനുശേഷം വിളമ്പാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..