ലോക്ഡൗൺ കാലത്ത് പാചകവും വീട് വൃത്തിയാക്കലുമൊക്കെയായി തിരക്കിലായിരുന്നു നടി സാമന്ത റൂത് പ്രഭു. സ്ഥിരം പാചക വീഡിയോകള്‍ മാത്രമല്ല പച്ചക്കറി വിളവെടുക്കുന്നതിന്റെയും ചെടികള്‍ പരിപാലിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സാമന്ത പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീട് വൃത്തിയാക്കാന്‍ പ്രകൃതിദത്തമായൊരു വഴി കണ്ടെത്തി പങ്കുവച്ചിരിക്കുകയാണ് താരം. ബയോ എന്‍സൈം എന്ന പേരില്‍ അറിയപ്പെടുന്ന ക്ലീനിങ് സൊല്യൂഷനാണ് സമാന്ത ഉണ്ടാക്കിയത്.
നിലം തുടയ്ക്കാനും കറ നീക്കം ചെയ്യാനുമൊക്കെ മികച്ച വഴിയെന്നു പറഞ്ഞ് ഒരു നീളന്‍ കുറിപ്പോടെയാണ് സാമന്ത ബയോ എന്‍സൈം തയ്യാറാക്കുന്ന വിധം പങ്കുവച്ചിരിക്കുന്നത്. താന്‍ ബയോഎന്‍സൈം ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കുറിപ്പിനൊപ്പമുണ്ട്.
''സിട്രസ് പഴങ്ങളുടെ തൊലി പുളിപ്പിച്ചാണ് ഇവ ഉണ്ടാക്കുന്നത്. ബാത്റൂം വൃത്തിയാക്കാനും ഗ്ലാസ് പ്രതലങ്ങള്‍ തുടയ്ക്കാനും ഡിഷ് വാഷായി ഉപയോഗിക്കാനുമൊക്കെ കഴിയുന്നതാണിത്. ബയോഎന്സൈമില് അടങ്ങിയിരിക്കുന്ന നല്ല ബാക്റ്റീരിയ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ എളുപ്പത്തില്‍ നീക്കം ചെയ്യും.''- സമാന്ത കുറിക്കുന്നു.
വിഷമയമായ കെമിക്കല്‍ ക്ലീനറുകളില്‍ നിന്ന് വീടിനെ മുക്തമാക്കാന്‍ ഇവ ഉപയോഗിക്കാമെന്നും ഒരു ലിറ്റര്‍ ബയോഎന്‍സൈം കൊണ്ട് ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമെന്നും സാമന്ത കുറിക്കുന്നു. ഇതിലൂടെ പ്രകൃതിയെ സഹായിക്കുകയാണെന്നു പറയുന്ന സാമന്ത ഇവ തയ്യാറാക്കേണ്ട വിധവും കുറിക്കുന്നുണ്ട്.
തയ്യാറാക്കുന്ന വിധം
സിട്രസ് പഴങ്ങളുടെ തൊലി- 300 ഗ്രാം
ജാഗരി- 100 ഗ്രാം
വെള്ളം- ഒരു ലിറ്റര്‍
യീസ്റ്റ്
ഇവയെല്ലാം വായു കടക്കാത്ത പാത്രത്തില്‍ ഇട്ട് മിക്സ് ചെയ്ത് ഇരുട്ടുള്ള മുറിയില്‍ വെക്കുക. ആദ്യത്തെ പത്തു ദിവസവും പാത്രം ഏതാനും സെക്കന്‍ഡുകള്‍ തുറന്ന് അടയ്ക്കണം. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങള്‍ മതിയാകും. ഒരു മാസത്തിന്റെ അവസാനമോ അല്ലെങ്കില്‍ മൂന്നു മാസത്തിന്റെ അവസാനമോ ഇതു പിഴിഞ്ഞെടുത്ത് സത്ത് മാറ്റിവെക്കുക. ഇവ നേര്‍പ്പിച്ച് വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
Content Highlights: Samantha Ruth Prabhu Teaches Eco-Friendly Cleaning Tips